കൊണ്ടോട്ടി

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ കൊണ്ടോട്ടി ബ്ളോക്കിലാണ് കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിനു 10.85 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് നെടിയിരുപ്പ്, കുഴിമണ്ണ, മുതുവല്ലൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് പുളിക്കന്‍, പള്ളിക്കല്‍ പഞ്ചായത്തുകള്‍, തെക്ക് പള്ളിക്കല്‍, നെടിയിരുപ്പ് പഞ്ചായത്തുകള്‍, വടക്ക് മുതുവല്ലൂര്‍, പുളിക്കല്‍ പഞ്ചായത്തുകള്‍ എന്നിവാണ്. 1940-ലാണ് കൊണ്ടോട്ടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ പഞ്ചായത്തിനെ കിഴക്ക് മണ്ണാരില്‍ നിന്ന് ആരംഭിച്ച് പടിഞ്ഞാറ് നീറ്റാണിയില്‍ അവസാനിക്കുന്ന കൊണ്ടോട്ടി തോട് രണ്ടായി ഭാഗിക്കുന്നു. പഴയ കാലത്ത് ഈ പ്രദേശമത്രയും വന്‍കാടും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്നു. ഈ സ്ഥലത്ത് പള്ളി പണിയുന്നതിന് കാടുവെട്ടി തെളിയിക്കുവാന്‍ സ്ഥലത്തെ നാല് പ്രമുഖ മുസ്ളീം കുടുംബങ്ങള്‍ തീരുമാനിച്ചു. ഇവര്‍ കാട്ടിലേക്ക് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊന്‍പണം എറിഞ്ഞു. ഈ പൊന്‍പണങ്ങള്‍ കരസ്ഥമാക്കാന്‍ നാട്ടുകാര്‍ കാട് വെട്ടിതെളിയിച്ചു. കാടു വെട്ടിത്തെളിയിച്ച സ്ഥലം “കൊണ്ടുവെട്ടി” എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് അത് “കൊണ്ടോട്ടി” ആയിമാറി. കൊണ്ടോട്ടി നേര്‍ച്ച ഹിന്ദു മുസ്ളീം സൌഹൃദത്തിന്റെ പ്രതീകമാണ്. ഇതൊരു ദേശീയ ഉത്സവമായാണ് കൊണ്ടോട്ടിയിലെ മുഴുവന്‍ ജനങ്ങളും ആഘോഷിക്കുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന ഈ സ്ഥലത്ത് കോഴിക്കോട് വിമാനത്താവളം സ്ഥാപിതമായതോടെയാണ് മലബാറിന്റെ ആകാശത്തിനു ചിറകുമുളച്ചതും അവികസിതമായിക്കിടന്നിരുന്ന ഈ പ്രദേശം മിന്നുന്ന വേഗത്തില്‍ വികസനത്തിലേക്ക് കുതിച്ചതും.