കൊല്ലങ്കോട്

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലാണ് കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊല്ലങ്കോട്, കൊടുവായൂര്‍, മുതലമട, പുതുനഗരം, വടവന്നൂര്‍ എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്ത്. കൊല്ലങ്കോട്, കൊടുവായൂര്‍, മുതലമട, പുതുനഗരം, വടവന്നൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൊല്ലങ്കോട് ബ്ളോക്കിന് 163.32 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ചിറ്റൂര്‍ ബ്ളോക്കും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് നെന്മാറ ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് നെന്മാറ, ആലത്തൂര്‍ ബ്ളോക്കുകളുമാണ് കൊല്ലങ്കോട് ബ്ളോക്കിന്റെ അതിര്‍ത്തികള്‍. ഭൂപ്രകൃതിയനുസരിച്ച് കൊല്ലങ്കോട് ബ്ളോക്കിനെ മലമ്പ്രദേശം, താഴ്വാരം, കുന്നിന്‍പ്രദേശം, സമതലം എന്നിങ്ങനെ നാലായി തരംതിരിക്കാം. പശിമരാശി മണ്ണ്, കളിമണ്ണ്, ഫോറസ്റ്റ് സോയില്‍, ചെമ്മണ്ണ്, ചുക്കാന്‍മണ്ണ്, എക്കല്‍മണ്ണ് കലര്‍ന്ന ചെമ്മണ്ണ് എന്നിവയാണ് ഈ ബ്ളോക്കില്‍ കാണപ്പെടുന്ന പ്രധാന മണ്‍തരങ്ങള്‍. പ്രസിദ്ധമായ പറമ്പിക്കുളം വന്യമൃഗ സംരക്ഷണകേന്ദ്രം ഈ ബ്ളോക്കിന്റെ പരിധിയിലാണ്. ഏഷ്യയിലെ ഏറ്റവും വലുത് എന്നറിയപ്പെടുന്ന കന്തിമാരി തേക്ക് ഈ ബ്ളോക്കിന്റെ പരിധിയില്‍പെട്ട മുതലമട പഞ്ചായത്തിലാണുള്ളത്. ഗായത്രി പുഴ ഈ ബ്ളോക്കിന്റെ പരിധിയിലൂടെ ഒഴുകുന്നു. മീങ്കര, ചുള്ളിയാര്‍, പറമ്പികുളം, തൂനകടവ്, പെരുവാളിപള്ളം എന്നീ അണക്കെട്ടുകള്‍ ഈ ബ്ളോക്കിന്റെ പരിധിയില്‍പെട്ടതാണ്. 1952-ലാണ് കൊല്ലങ്കോട് ബ്ളോക്ക് നിലവില്‍ വന്നത്. അക്കാലത്ത് പത്തു പഞ്ചായത്തുകളായിരുന്നു ഇതിന്റെ പരിധിയില്‍പ്പെട്ടിരുന്നത്. വിവിധ കാലങ്ങളില്‍ കൊടുമ്പ്, പൊല്‍പ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകള്‍ മലമ്പുഴ വികസന ബ്ളോക്കിലേക്കും, പല്ലശ്ശന, എലവഞ്ചേരി പഞ്ചായത്തുകള്‍ നെന്മാറ ബ്ളോക്കിലേക്കും മാറ്റപ്പെട്ടു. 1995 സെപ്റ്റംബര്‍ 30-ന് ആദ്യത്തെ ജനകീയ ഭരണസമിതി ജി.കൃഷ്ണപ്രസാദ് പ്രസിഡന്റായി സ്ഥാനമേറ്റു.