കോയിപ്രം

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി, തിരുവല്ല എന്നീ താലൂക്കുകളിലായാണ് കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ ബ്ളോക്കിലുള്‍പ്പെടുന്നു. അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, തെള്ളിയൂര്‍, പുറമറ്റം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കോയിപ്രം ബ്ളോക്കുപഞ്ചായത്തിന് 123.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കോയിപ്രം ബ്ളോക്ക് പഞ്ചായത്തിലെ ഓരോ ഗ്രാമത്തിന്റേയും സ്ഥലനാമങ്ങള്‍ക്കു പിന്നില്‍ ഓരോ കഥയുണ്ട്. കുന്നിന്‍മുകളില്‍, അയ്യപ്പന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമുള്ളതിനാല്‍ “അയ്യന്‍ ഊര്” എന്നു വിളിക്കപ്പെട്ടിരുന്ന സ്ഥലമാണ് പില്‍ക്കാലത്ത് അയിരൂര്‍ ആയി മാറിയത്. പാഴൂര്‍ രാജവംശത്തിലെ കീര്‍ത്തിമാനായ ഇരവിരാജാവിന്റെ ഭരണപ്രദേശമായിരുന്ന നാട് ആദ്യകാലത്ത് ഇരവിപുരം എന്നറിയപ്പെടുകയും പില്‍ക്കാലത്ത് ഇരവിപേരൂര്‍ ആയി മാറുകയും ചെയ്തു. കോയിപ്രം കോവിലന്‍മാര്‍ എന്ന ഇടപ്രഭുക്കന്‍മാരുടെ നിയന്ത്രണത്തിലിരുന്ന ഭൂപ്രദേശമാണ്. ആദ്യകാലത്ത് “കോവില്‍പ്പുരം” എന്ന പേരിലറിയപ്പെടുകയും പിന്നീട് കോയിപ്രം ആയി രൂപാന്തരപ്പെടുകയുമായിരുന്നു. തോട്ടപ്പുഴശ്ശേരിയ്ക്ക് ആ സ്ഥലനാമം ലഭിച്ചത്, തോടും പുഴയും അതിന്റെ ചേരി പ്രദേശങ്ങളും ഉള്ള സ്ഥലമെന്ന നിലയിലാവാം. എഴുമറ്റൂര്‍ എന്ന സ്ഥലനാമത്തിന്റെ നിഷ്പത്തി “എഴിമ ഉറ്റ ഊര്‍” എന്നാണെന്നഭിപ്രായമുണ്ട്. എഴിമ എന്നാല്‍ ഐശ്വര്യം. ഐശ്വര്യമുള്ള ഗ്രാമം. പുറകിലെ മുറ്റം എന്ന അര്‍ത്ഥത്തില്‍ പുറമുറ്റം എന്നു വിളിക്കപ്പെട്ടിരുന്ന പ്രദേശമാണ് കാലാന്തരത്തില്‍ പുറമറ്റം എന്നായി മാറിയത്. ഭൂപ്രകൃതിയനുസരിച്ച് കോയിപ്രം ബ്ളോക്ക് പഞ്ചായത്തിനെ കുന്നുകള്‍, ചരിവുകള്‍, താഴ്വരകള്‍, പാടശേഖരങ്ങള്‍, സമതലം, കുന്നിന്‍ ചരിവുകള്‍, നദീതീരം, കരിങ്കല്‍ പ്രദേശം എന്നിങ്ങനെ തരംതിരിക്കാം. പമ്പ, മണിമലയാര്‍ എന്നീ നദികള്‍ ബ്ളോക്കുപ്രദേശത്തെ സ്പര്‍ശിച്ചൊഴുകുന്നു. മണിമലയാറിനോടും, പമ്പയാറിനോടും ചേര്‍ന്നു കിടക്കുന്ന തീരപ്രദേശങ്ങള്‍ സമതലസ്വഭാവമുള്ളതും ഫലഭൂയിഷ്ഠവുമാണ്. ചരല്‍ ചേരുവയുള്ള മണ്ണ്, എക്കല്‍ കലര്‍ന്ന പശയുള്ള മണ്ണ്, ഫലപുഷ്ടിയുള്ള എക്കല്‍മണ്ണ്, ചെമ്മണ്ണ്, കളിമണ്ണ്, ചെങ്കല്‍ മണ്ണ് എന്നീ ഇനം മണ്ണുകളാണ് സാധാരണയായി ഇവിടെ കണ്ടുവരുന്നത്.