കൊടുവായൂര്‍

പണ്ട് കൊടുവായൂര്‍ പഞ്ചായത്ത് പഴയ മലബാര്‍ ജില്ലയില്‍ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. എത്തനൂര്‍ അംശം, കാക്കയൂര്‍ അംശം, കൊടുവായൂര്‍ അംശം, എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നാണ് കൊടുവായൂര്‍ പഞ്ചായത്ത് രൂപീകൃതമായത്. സ്വാതന്ത്ര്യാനന്തരം ഡിസ്ട്രിക്ട് ബോര്‍ഡ് മാറി എല്ലാ വില്ലേജിലും പഞ്ചായത്തുകള്‍ രൂപീകൃതമായതോടെ കൊടുവായൂര്‍, എത്തനൂര്‍, കാക്കയൂര്‍ എന്നിങ്ങനെ മൂന്നു പഞ്ചായത്തുകള്‍ നിലവില്‍ വന്നു. 1961-ല്‍ ഈ മൂന്നു പഞ്ചായത്തുകളും കൂടി കൊടുവായൂര്‍ പഞ്ചായത്ത് എന്ന പേരില്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് രൂപീകൃതമായി. പാലക്കാട് ജില്ലയില്‍, ചിറ്റൂര്‍ താലൂക്കില്‍, കൊല്ലംകോട് ബ്ളോക്കിലാണ് കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടുവായൂര്‍ 1, കൊടുവായൂര്‍ 2 എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 20.61 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 18 വാര്‍ഡുകളുള്ള കൊടുവായൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തേന്‍കുറിശ്ശി പഞ്ചായത്തും, തെക്കുഭാഗത്ത് പല്ലശ്ശന പഞ്ചായത്തും, കിഴക്കുഭാഗത്ത് പുതുനഗരം, പെരുവമ്പ് എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തേങ്കുറിശ്ശി പഞ്ചായത്തുമാണ്. 2 മൈല്‍ വിസ്തൃതിയുള്ള കോട്ടമല എന്നറിയപ്പെടുന്ന മലയാണ് ഈ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. കരിമണ്ണ്, ചെമണ്ണ്, മണല്‍മണ്ണ്, പശിമരാശിമണ്ണ് എന്നിവയാണ് പൊതുവെ കാണപ്പെടുന്ന മണ്‍തരങ്ങള്‍. നിരപ്പായ സ്ഥലങ്ങളില്‍ നെല്‍കൃഷിയാണ് പ്രധാനം. കരഭാഗങ്ങളില്‍ തെങ്ങ്, മാവ്, പുളി, നെല്ലി, പ്ളാവ്, വേപ്പ്, തേക്ക്, ഈട്ടി, പന, വേങ്ങ തുടങ്ങിയ സസ്യജാലങ്ങളും പാഴ്മരങ്ങളായ മഞ്ഞപ്പാവട്ട, വാക, ആല്‍ തുടങ്ങിയവയും കണ്ടുവരുന്നു. കാര്‍ഷികജീവിതവുമായി ഇഴുകിചേര്‍ന്ന നാടന്‍കലാരൂപങ്ങളും തമിഴ് സംസ്ക്കാരവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലകളും കൊണ്ട് സമ്പന്നമാണ് കൊടുവായൂരിന്റെ സാംസ്ക്കാരികരംഗം. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ അരങ്ങു കണ്ടെത്തുന്ന പൊറാട്ടു നാടകങ്ങളും വലിയ പുത്തരിയൂണിന്റെ പശ്ചാത്തലത്തില്‍ ഓണത്തേക്കാള്‍ കേമമായി ആഘോഷിക്കുന്ന ആയില്യം-മകവും ഈ നാടിന്റെ സാംസ്കാരിക തനിമയെ വിളിച്ചോതുന്നു. അരിപ്പൊടിക്കോലങ്ങള്‍ കൊണ്ട് അലംകൃതമായ അഗ്രഹാരങ്ങളും ധനുമാസത്തെ തിരുവാതിരക്കുളിരില്‍ നാടിനെയാകെ ഉണര്‍ത്തുന്ന രഥോത്സവവും സാംസ്കാരിക സമന്വയത്തില്‍ ദൃഷ്ടാന്തങ്ങളാണ്. ഗ്രീഷ്മകാല കൊടുംചൂടില്‍ നടുവില്‍ നിര്‍നിദ്രമായ രാവുകളെ ആസ്വാദ്യമാക്കുന്ന കണ്യാര്‍ക്കളിയും കുംഭക്കളിയും തോറ്റം പാട്ടുകളും ഗ്രാമീണ ജീവിതത്തില്‍ ഊടും പാവുമായ കലാരൂപങ്ങളാണ്. വിഷുവേലയോടെ പൂരക്കാലത്ത് യാത്ര പറഞ്ഞ് കാലവര്‍ഷാരംഭത്തോടെ പാട്ടുപണികള്‍ക്കും പാടത്തുപണികള്‍ക്കും ആരംഭം കുറിക്കുന്ന ഗ്രമീണജനതയാണ് ഈ നാടിന്റെ സംസ്ക്കരികഭൂമിക.