ചരിത്രം

1956 വരെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാറില്‍ ഉള്‍പ്പെട്ട കൊടുവായൂരിന്റെ പ്രാക്തനചരിത്രം കുതിരവട്ടത്തു സ്വരൂപവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കോഴിക്കോട് സമൂതിരിയുടെ സാമന്തനായിരുന്ന കുതിരവട്ടത്തു നായരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കൊടുവായൂരും സമീപപ്രദേശങ്ങളും. കുതിരവട്ടത്തു തമ്പുരാന്റെ ഭരണസിരാകേന്ദ്രമായിരുന്ന എട്ടുകെട്ടും കോട്ടയും ഈ അടുത്ത കാലം വരെ നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ പരദേവതയായ തിരുവിളയാനാടു ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഗോപുരം മാത്രം ഗതകാല പ്രതാപത്തില്‍ ചരിത്രസാക്ഷിയായി ഇന്നും അവശേഷിക്കുന്നു. കൊടുവായൂരിനു തൊട്ടുള്ള കാക്കയൂരിലെ കേട്ടമല പണ്ടു സാംസ്കാരിക കേന്ദ്രമായിരുന്നു. കോട്ടവായില്‍ എന്നത് കൊടുവായിലൂരും പിന്നീട് കൊടുവായൂരും ആയി ലോപിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു. കൊടുവായൂരില്‍ പണ്ടു “മഗ്മ” എന്ന അതിര്‍ത്തിച്ചുങ്കം, കര്‍ശനമായി യാത്രക്കാരെ തടഞ്ഞു നിര്‍ത്തി പിരിക്കുകപതിവായിരുന്നു. ക്ഷേത്രച്ചെലവിനത്തിലേക്കാണത്രെ ഈ പണം വിനിയോഗിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണാരംഭത്തോടെയാണ് കൊടുവായൂരിലെ അതിര്‍ത്തിചുങ്കമായ മഗ്മ നിര്‍ത്തല്‍ ചെയ്തുകൊണ്ട് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വിജ്ഞാപനം പുറപ്പെടുവിച്ചത്.  കൊടുവായൂര്‍ ദേശത്തെ മിക്കവാറും സ്ഥലങ്ങള്‍ കുതിരവട്ടം വക ജമം ആയിരുന്നു. മറ്റുള്ളവ കേരളപുരം ദേവസ്വം വകയുമായിരുന്നു. ഭൂപരിഷ്കരണത്തോടെ ജന്‍മികുടിയാന്‍ ബന്ധങ്ങളില്‍ വന്ന ഉലച്ചില്‍ കോട്ടയുടെ സുസ്ഥിതിയേയും ബാധിച്ചു. കല്ലടിക്കോല്‍ മലകളില്‍ കല്ലണപണി തീര്‍ത്തതിന്റ കടഭാരം കൂടിയായപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ കോട്ടയുടെ ഭരണഭാരം റിസീവറെ ഏല്പിച്ചുകൊണ്ട് ഒടുവിലത്തെ ഭരണാധികാരിയായ കുഞ്ഞുണ്ണിതമ്പുരാന്‍ പുലാപ്പറ്റയ്ക്ക് പോകുകയാണുണ്ടായത്. പാലക്കാട്ടുശ്ശേരി രാജാവിന്റെ ആശ്രിതരായി തഞ്ചാവൂര്‍, ചിദംബരം, സേലം തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ബ്രാഹ്മണര്‍ കൊടുവായൂരിന്റ ചരിത്രത്തെയും സംസ്കാരത്തെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്. സാമുതിരി മഹാരാജാവിന്റ ബഹുമാനാദരങ്ങള്‍ക്ക് പാത്രമായ സുന്ദര ദീക്ഷിതരും അഗ്രഹാരങ്ങളെ സംഗീതസാന്ദ്രമാക്കിയ സംഗീതജ്ഞരും ഈ തിളക്കമാര്‍ന്ന ചരിത്രത്തില്‍ ഭാഗമാണ്. ചിദംബരം ക്ഷേത്രത്തില്‍ വാസ്തു മാതൃകയില്‍ തീര്‍ത്ത കേരളപുരം വിശ്വനാഥസ്വാമിക്ഷേത്രവും ധനുമാസക്കുളിരില്‍ ആതിരാദര്‍ശനം നല്‍കുന്ന സാംബശിവന്‍ എഴുന്നള്ളുന്ന രഥവും ഇവിടുത്തെ സമ്പന്നമായ സംസ്ക്കാരസമന്വയത്തെ കാണിക്കുന്നു. കൊടുവായൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നൊച്ചൂര്‍ അഗ്രഹാരത്തിലെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള രഥോത്സവവും കൊയ്മാര്‍ പാടത്ത് എല്ലാവര്‍ഷവും നടത്തിവരാറുള്ള ശൂരസംഹാര മഹോത്സവവും കാക്കയൂര്‍ കോട്ടമലയില്‍ പ്രചീനകാലം മുതല്‍ നടത്തിവരാറുള്ള വിളക്കുത്സവവും കൊടുവായൂരില്‍ സാംസ്കാരിക സവിശേഷതകളാണ്. രണ്ടാം ചേരസാമ്രാജ്യകാലത്ത് നിലനിന്നിരുന്ന നാട്ടുകൂട്ടങ്ങളായ മന്ദങ്ങളില്‍ അരങ്ങേറിയിരുന്ന കണ്യാര്‍കളിയും പൊറാട്ടുവേഷവും പഴയ സാമൂഹികവ്യവസ്ഥിതിയുടെ ചരിത്രത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഇവിടുത്തെ ജനതയുടെ ആയോധനകലയും അനുഷ്ഠാനകലയുമാണ് കണ്യാര്‍കളി. ആത്മീയവിഷയപ്രധാനമായ കണ്യാര്‍ഗാനങ്ങളും മറ്റു ഭൌതിക വിഷയങ്ങളെ ആടി അവതരിപ്പിക്കുന്ന പുറാട്ടുപാട്ടുകളും ഇവിടെ പ്രചാരത്തിലുണ്ട്. ടിപ്പുവിന്റെപടയോട്ടകാലത്തിന്റെ അവശിഷ്ടങ്ങള്‍ പാടുകള്‍ നരിക്കോട്ടുക്ഷേത്രത്തിലും ഒടുകംപാറ തിരുനാഗകുറുശ്ശി ക്ഷേത്രത്തിലും കോട്ടമലയിലും ദര്‍ശിക്കാവുന്നതാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ വന്ന സാംസ്കാരിക, സാമുഹികമാറ്റങ്ങള്‍ കൊടുവായൂരിലും സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്താണ് ഈ മാറ്റം ആദ്യം ദൃശ്യമായത്. 1853-ല്‍ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളും 1912-ല്‍ ആരംഭിച്ച പെണ്‍കുട്ടി സ്ഖൂളും പള്ളിയില്‍ ചാത്തുക്കുട്ടിമേനോന്‍ ആരംഭിച്ച കാക്കയൂര്‍ സ്കൂളും ഇന്നത്തെ ഹൈസ്ക്കുളിനു വടക്കുഭാഗത്തായി പരമേശ്വരയ്യര്‍ തുടങ്ങിയതും പിന്നീട് മാലുമന്ദാടിയാര്‍ ആല്‍ത്തറയ്ക്കടുത്ത് സ്ഥാപിച്ചതുമായ എം.എം.എം.എസ്.ബി.എസ്ഉം കൊടുവായൂരില്‍ വിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1918-ല്‍ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ട ശേഷം പ്രഗത്ഭരും പ്രശസ്തരുമായ ഒട്ടേറെ വ്യക്തികളെ സംഭാവന ചെയ്ത ഹയര്‍ സെക്കന്ററിസ്ക്കൂള്‍ വിദ്യാഭ്യാസരംഗത്ത് നിര്‍ണ്ണായകസ്ഥാനം വഹിക്കുന്നു. 1912-ല്‍ എത്തനൂരില്‍ എല്‍.പി. സ്കൂളായി തുടങ്ങിയ ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂള്‍ ഇപ്പോള്‍ ഗവണ്‍മെന്റു യു.പി.സ്കൂളായി പ്രവര്‍ത്തിക്കുന്നു. കൂടാതെ എ.എല്‍.പി,സ്കൂള്‍ നൊച്ചൂര്‍, എല്‍.പി. സ്കൂള്‍ വെട്ടുംപുള്ളി, എല്‍,പി.സ്കൂള്‍ എത്തനൂര്‍, എ.എല്‍.പി.സ്കൂള്‍ വടക്കുംപാടം എന്നിവയും ഈ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസത്തിലൂടെ കൈവന്ന നവോന്‍മേഷം സ്വാതന്ത്ര്യബോധത്തിനും തിരികൊളുത്തി. മഹാത്മാഗാന്ധിയുടെ വരവോടെയാണ് ബ്രീട്ടീഷുകാരുടെ ഒരു പ്രധാനകേന്ദ്രമായ കൊടുവായൂരില്‍ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം എത്തിയത്. 1932-ല്‍ കൊടുവായൂരില്‍ എത്തിയ മഹാത്മജി ആല്‍ത്തറയുടെ പടിഞ്ഞാറുവശം ഉയര്‍ത്തിയ സ്റ്റേജില്‍ നിന്നു പ്രസംഗിച്ചു. എ.ഐ.സി.സി മെമ്പര്‍ ആയിരുന്ന പാറപ്പറമ്പത്ത് കുട്ടികൃഷ്ണമേനോനായിരുന്നു മുപ്പതുകളില്‍ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയത്. 1938-39 കാലഘട്ടങ്ങളില്‍ കൊടുവായൂരില്‍ നടന്ന ബീഡിത്തൊഴിലാളി സമരം മഹാത്മജിയുടെ വരവിന്റെ സന്ദേശം കൂടുതല്‍ ഉള്‍ക്കൊണ്ടത് ഇവിടുത്തെ സാധാരണ ജനങ്ങളായിരുന്നുവെന്നതിനു തെളിവാണ്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടു ഇവിടത്തെ ബീഡിത്തൊഴിലാളികള്‍ നടത്തിയ സമരം കൊടുവായൂരിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക അധ്യായമാണ്. ഒരു കെട്ട് ഇലയും രണ്ടുമുക്കാല്‍ കൂലിയും കൂടൂതല്‍ കിട്ടണമെന്ന മുദ്രാവാക്യത്തോടെ തൊഴിലാളികള്‍, മുതലാളിത്തത്തിനു പിന്നില്‍ ശക്തമായി നിലനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രത്യക്ഷമായിത്തന്നെ ആഞ്ഞടിച്ചു. സമരക്കാര്‍ അനുഭവിച്ച യാതനകളും വേദനകളും മറക്കാവതല്ല. ബ്രിട്ടീഷ് പട്ടാളം തോക്കും ലാത്തിയൂം കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലൊക്കെ പലര്‍ക്കും ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ശേഷിച്ചവര്‍ പലരും നാടുവിട്ടു പോയതായും പഴമക്കാര്‍ പറയുന്നു. തുടര്‍ന്ന് സംഘടന ശക്തിപ്പെടുത്താന്‍ കര്‍ഷകപ്രസ്ഥാനത്തിന് രൂപം നല്‍കുകയും കൂടുതല്‍ ശക്തിയോടെ സമരസംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. 1957-59 വരെ ബീഡിത്തൊഴിലാളികളെ കേന്ദ്രീകരിച്ചു മാത്രം നിലനിന്നിരുന്ന ഇവിടുത്തെ വ്യാപാരരംഗത്തും അതുപോലെ സാമൂഹ്യരംഗത്തും വാണിജ്യരംഗത്തും പില്‍കാലത്തുണ്ടായ മുഴുവന്‍ പുരോഗമനത്തിനും ഭൂപരിഷ്കരണ നിയമത്തോട് കടപ്പെട്ടിരിക്കുന്നു. കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്.കെ.മന്ദാടിയാര്‍, പ്ളാത്തുര്‍ മില്ലിന്റെ ഉടമയായിരുന്ന ഭാസ്ക്കരമന്ദാടിയാര്‍, കിഴക്കേത്തില നൂര്‍മുഹമ്മദ് തുടങ്ങിയവരായിരുന്നു 40കളില്‍ ദേശീയ സമരത്തിന് കൊടുവായൂരില്‍ നേതൃത്വം നല്‍കിയത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ആവേശം കൊടുവായൂരിലും ഇവരെത്തിച്ചു. കേരളപുരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നില്‍ക്കുന്ന രണ്ടാമത്തെ ആലിനപ്പുറം നിന്നു മാത്രം ശ്രീകോവില്‍ത്തിരി കണ്ടിരുന്ന ഹരിജനങ്ങളെ ശ്രീകോവിലിനുള്ളില്‍ പ്രവേശിപ്പിച്ചത് ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്. അയിത്തോച്ചാടനത്തിന്റെ ഭാഗമായി പന്തിഭോജനവും ഇവിടെ നടന്നിട്ടുണ്ട്. മലബാര്‍ ടെനന്‍സി നിയമത്തിന്റെയും കേരള ഭൂപരിഷ്കരണനിയമത്തിന്റെയും ഫലമായി കാര്‍ഷിക ഭൂവുടമാബന്ധങ്ങളില്‍ വന്ന മാറ്റം സാമൂഹികരംഗത്ത് ശ്രദ്ധേയമാണ്. ജന്‍മിത്തം ഇല്ലാതാവുകയും കാര്‍ഷികബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാവുകയും ചെയ്തു. ഭൂമി സ്വന്തമായി കിട്ടിയ വിഭാഗം സാമ്പത്തികമായി മുന്നേറുകയും സമ്പന്നമായൊരു മധ്യവര്‍ഗ്ഗം സമൂഹത്തില്‍ സംജാതമാവുകയും ചെയ്തു. 1970കളില്‍ നടന്ന കര്‍ഷക സമരത്തിലൂടെ അവകാശബോധമുള്ള ഒരു ജനസമൂഹം ഉണ്ടായിവന്നു. നാലണക്കൂലിയും 18ന് ഒന്ന് പതമ്പുമായി കഴിഞ്ഞിരുന്ന തൊഴിലാളിവിഭാഗക്കാര്‍ക്ക് മാന്യമായ ജീവിതസാഹര്യം പ്രദാനം ചെയ്ത്ത് കര്‍ഷകതൊഴിലാളികളുടെ സംഘടനാശക്തിയാണ്.