കോഡൂര്‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, മലപ്പുറം ബ്ളോക്കിലാണ് കോഡൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഡൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കോഡൂര്‍ ഗ്രാമപഞ്ചായത്തിനു 18.42 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മലപ്പുറം മുനിസിപ്പാലിറ്റി കിഴക്കുഭാഗത്ത് മക്കരപറമ്പ് പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് പൊന്മള, കുറുവ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പൊന്മള പഞ്ചായത്തുമാണ്. 1961-ലാണ് കോഡൂര്‍, പഴമള്ളൂര്‍ വില്ലേജുകള്‍ ചേര്‍ത്ത് കോഡൂര്‍ പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഈ പ്രദേശം എ.ഡി 9-ാം നൂറ്റാണ്ടില്‍ കുറുവ ആസ്ഥാനമായി രൂപംകൊണ്ട ആറങ്ങോട്ട് സ്വരൂപത്തിനു കീഴില്‍ കോട്ടൂര്‍ തറക്കൂട്ടത്തിലെ കോങ്കടവ് ദേശത്തിലും, കോവൂര്‍ദേശത്തിലും ഉള്‍പ്പെട്ടതായിരുന്നുവെന്ന് പറയപ്പെടുന്നു. കോട്ടക്കലിനടുത്തുള്ള കോട്ടൂരായിരുന്നു തറയുടെ ആസ്ഥാനം. പഴമള്ളൂരിലെ കോവൂര്‍ ശിവക്ഷേത്രം ആസ്ഥാനമാക്കിയായിരുന്നു കോങ്കടവ്, കോവൂര്‍ ദേശങ്ങളുടെ ഭരണച്ചുമതലകള്‍ നിര്‍വഹിക്കപ്പെട്ടിരുന്നത്. ഇന്നത്തെ മണ്ണാര്‍ക്കാട് മുതല്‍ തിരൂരങ്ങാടി (ചേരനാട്) വരെ നീണ്ടു കിടന്നിരുന്ന വള്ളുവനാട്ടധിപനായ വള്ളുവക്കോനാതിരിയുടെ രാജ്യമായ ആറങ്ങോട്ട് സ്വരൂപത്തിന്റെയും, ഏറനാട് കൂന്നലക്കോനാതിരിയുടെ രാജ്യമായ നെടിയിരിപ്പ് സ്വരൂപത്തിന്റെയും കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍, ടിണ്ടിസ് (കടലുണ്ടി) തുറമുഖത്തേക്ക് നീക്കിയിരുന്നത് കടലുണ്ടിപുഴ മാര്‍ഗ്ഗേണയായിരുന്നു. കേരളത്തിലെ ഇടനാട് ഭൂപ്രകൃതിമേഖലയിലാണ് കോഡൂര്‍ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 440 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇടനാട്ടിലാണെങ്കിലും മലനാടിനോടാണ് പ്രകൃതിപരമായി കൂടുതല്‍ സാദൃശ്യം. കടലുണ്ടിപ്പുഴ പഞ്ചായത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും വലയം ചെയ്തൊഴുകുന്നു. ഉപദ്വീപിന്റെ ആകൃതിയിലുള്ള പലഭാഗങ്ങളും പഞ്ചായത്തില്‍ കാണാം. പുഴയില്‍നിന്ന് കുത്തനെ ഉയര്‍ന്ന കരഭാഗങ്ങളും സമതല സ്വഭാവമുള്ള തീരങ്ങളും ചേര്‍ന്ന ഭൂപ്രകൃതി ഇവിടുത്തെ സവിശേഷതയാണ്. പുഴയോരപ്രദേശങ്ങളില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിച്ചാല്‍ കുത്തനെയുള്ള കുന്നുകളും ഇറക്കങ്ങളും സമതലകരഭൂമികളും സമതലവയല്‍ മേഖലകളും കാണാം. വയലുകള്‍ക്ക് നടുവില്‍ ജലനിര്‍ഗ്ഗമനാവശ്യാര്‍ത്ഥം രൂപംകൊണ്ട തോടുകളും അവയുടെ കൈവഴികളും ചേര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ കുന്നിന്‍പ്രദേശങ്ങള്‍ ഉമ്മത്തൂര്‍, മുണ്ടക്കോട്, കോപ്പറമ്പ്, വലിയപറമ്പ്, കൂറ്റാന്‍കുന്ന്, വേട്ടാന്‍കുന്ന്, കലമാന്‍കാട്, കാലന്‍കുന്ന്, വട്ടപ്പറമ്പ്, കരീപറമ്പ്, ചെറുപറമ്പ് എന്നിവയാണ്. കിഴക്കുനിന്ന് പടിഞ്ഞാറുഭാഗത്തേക്കു ചെരിഞ്ഞാണ് ഭൂമിയുടെ കിടപ്പ്. പടിഞ്ഞാറേസമതല അതിരായ വരിക്കോട് പുളിയാട്ടുകുളം പ്രദേശത്തുനിന്ന് ഉയര്‍ന്ന പ്രദേശമായ ഉമ്മത്തൂരിലേക്കുള്ള ഉയരം ഏകദേശം നൂറ് അടിയോളം വരും. പുഴയോരങ്ങളിലെ എക്കല്‍ കലര്‍ന്ന മണല്‍ മണ്ണും, കുന്നിന്‍മുകളിലെ വെട്ടുകല്‍മണ്ണും, കുന്നിന്‍ചെരുവുകളിലെ വെട്ടുകല്‍ അംശമുള്ള ചെളിമണ്ണും സമതലങ്ങളിലെ പശിമയുള്ള കളിമണ്ണും ചേര്‍ന്നതാണ് പഞ്ചായത്തിലെ മണ്ണിനം. 1962-ലാണ് ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പ് നടന്നത്. ഇമ്പിച്ചിക്കോയ തങ്ങള്‍ കോഡൂര്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി.