ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണകാലമായിരുന്ന സംഘകാലഘട്ടത്തിനും അപ്പുറം പഴമയും ചരിത്രവുമുള്ള പ്രദേശമാണ് കൊടുമണ്‍. ആകാശത്തില്‍ നിന്നും പുഷ്പങ്ങളും മണല്‍ത്തരിയില്‍ നിന്നും തൈലവും ഉണ്ടായാലും ദക്ഷിണേന്ത്യയില്‍ നിന്നും നാടകം ഉണ്ടാകില്ല എന്ന ഉത്തരേന്ത്യക്കാരുടെ വെല്ലുവിളിക്കുത്തരമായി സംസ്കൃതത്തില്‍ ലക്ഷണമൊത്ത ആശ്ചര്യചൂഡാമണി നാടകം രചിക്കുകയും ചെന്നീര്‍ക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത  ശക്തിഭദ്രന്റെ ജന്മം കൊണ്ട് ധന്യമാണ് ഈ മണ്ണ്. കൊടുമണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം സ്വര്‍ണ്ണഭൂമി എന്നാണ്. സംഘകാല കവിസാമ്രാട്ടായ കപിലന്റെ പതിറ്റുപ്പത്ത് പത്താംപാട്ടില്‍ കൊടുമണ്‍ എന്ന ദേശത്ത് പണിത മിഴിവാര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇടത്തിട്ടയ്ക്കടുത്തുള്ള പൊന്നടുത്താംകുഴിയില്‍ നിന്നും സ്വര്‍ണ്ണം ഖനനം ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സംഘകാലത്തെ തുടര്‍ന്നുവന്ന ശതകങ്ങളില്‍ ബുദ്ധമതസംസ്കാരധാരയുമായി കൊടുമണ്ണിനു ഉറ്റബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ് ചന്ദനപ്പള്ളിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും, കൊടുമണ്‍ കുട്ടിവനം വെട്ടിത്തെളിച്ചപ്പോള്‍ ലഭിച്ച ബുദ്ധപ്രതിമകളും. ബൌദ്ധ-ഹൈന്ദവ ദര്‍ശനങ്ങളുടെയും സംസ്കാരങ്ങളുടെയും സമന്വയം നടന്ന പ്രദേശമാണ് ചന്ദനപ്പള്ളി. ഇവിടെയുണ്ടായിരുന്ന കോട്ടയ്ക്കു സമീപമാണ് ഹിന്ദു-ക്രിസ്ത്യന്‍ മൈത്രിയുടെ പ്രതീകമായ ചന്ദനപ്പള്ളി വലിയപള്ളി നിലകൊള്ളുന്നത്. പ്രാചീനമായ ഒരു കല്‍കുരിശ് ഇവിടെ കാണാം. ഇവിടുത്തെ പെരുന്നാളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ ഹിന്ദുക്കളും പങ്കാളികളാവുന്നത് ശ്രദ്ധേയമാണ്. ഈ പഞ്ചായത്തില്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത് ഇവിടെ ഒരുകാലത്ത് നിലനിന്ന ക്ഷേത്രസംസ്ക്കാരത്തിന്റെ നിദര്‍ശനങ്ങളാണ്. ഒരുപക്ഷേ ഭാരതത്തില്‍ ചിലന്തിയെ ആരാധിക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന ഏകക്ഷേത്രം കൊടുമണ്‍ പള്ളിയറക്ഷേത്രമായിരിക്കും. കേരളത്തില്‍ ജലപ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അങ്ങാടിക്കല്‍ മാമ്പിലാവില്‍ വിഷ്ണുക്ഷേത്രം. ശക്തിഭദ്രന്റെ കുടുംബക്ഷേത്രമായ ശക്തിമംഗലം ക്ഷേത്രത്തിലെ വലിപ്പമുള്ള ഗണപതി പ്രതിഷ്ഠ, വൈകുണ്ഠപുരം ക്ഷേത്രത്തില്‍ നിലവിലുണ്ടായിരുന്ന ചുവര്‍ച്ചിത്രങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്. 1891-ല്‍ തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ സര്‍വ്വേ ചെയ്ത ലെഫ്റ്റ്നന്റ് വാര്‍ഡ്, കോര്‍ണര്‍ എന്നിവരുടെ മെമ്മോയിര്‍ ഓഫ് ദി ട്രാവന്‍കൂര്‍ സര്‍വ്വേ എന്ന ഗ്രന്ഥത്തില്‍ കൊടുമണ്‍ സബ്ഡിവിഷനില്‍ ഉള്‍പ്പെടുന്ന നാലു ദേശങ്ങളെപ്പറ്റിയും ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതി, കൃഷി, ജനവിഭാഗങ്ങള്‍ എന്നിവയെക്കുറിച്ചും പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ സാമൂഹ്യ നവോത്ഥാനവും ദേശീയ സ്വാതന്ത്ര്യ സമരത്തില്‍നിന്നും ഉള്‍ക്കൊണ്ട പ്രചോദനവും കൊടുമണ്ണിലെ സാമൂഹ്യജീവിതത്തെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തികവും ജാതീയവുമായ അസമത്വം ഈ പ്രദേശത്തിന്റെയും ഒരു ശാപമായിരുന്നു. സാമൂഹ്യപരിഷ്ക്കര്‍ത്താക്കളായിരുന്ന അയ്യന്‍കാളി, സി.കേശവന്‍ എന്നിവര്‍ ഈ പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഭൂപരിഷ്ക്കരണനിയമത്തിലൂടെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഭൂമി ലഭിച്ചത് വികാസഘട്ടത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു ഘടകമാണ്. വിദ്യാഭ്യാസകേന്ദ്രങ്ങളുടെ തുടക്കത്തിന് മത-സാമുദായിക സംഘടനകളുടെ ഗണ്യമായ സംഭാവന ഉണ്ടായിട്ടുണ്ട്. പഞ്ചായത്തില്‍ വളരെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഗ്രന്ഥശാലകള്‍ മുന്‍തലമുറയുടെ വിജ്ഞാന കൌതുകത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ഉദാഹരണമാണ്. 1957-വരെ പട്ടിണിയും തൊഴിലില്ലായ്മയും ദാരിദ്യ്രവും വളരെയധികം നിലനിന്ന ഒരു നാടാണിത്. പഞ്ചായത്തിന്റെ മൊത്തത്തിലുളള സാമ്പത്തികരംഗത്ത് വിപ്ളവകരമായ മാറ്റം വരുത്തുന്നതിനു വഴിതെളിച്ച ഒന്നാണ് കൊടുമണ്‍ റബ്ബര്‍ പ്ളാന്റേഷന്റെ രൂപീകരണം. ദീര്‍ഘകാല പ്രക്ഷോഭങ്ങളുടെ ഫലമായി ഒന്‍പതിനായിരം ഏക്കറോളം വരുന്ന കൊടുമണ്‍ കുട്ടിവനം വെട്ടിത്തെളിച്ച് 1959-ല്‍ റബ്ബര്‍ പ്ളാന്റേഷനാക്കി മാറ്റി. കേരളത്തിലെ പൊതുമേഖലയില്‍ പ്ളാന്റേഷന്‍ ആരംഭിക്കുന്നതിന് മാതൃകയും ആയിത്തീര്‍ന്നു ഇതിന്റെ രൂപീകരണം. 1971-ല്‍ ഇടത്തിട്ടയില്‍ നടന്ന കര്‍ഷകതൊഴിലാളി-കൊയ്ത്തുസമരം കാര്‍ഷികമേഖലയില്‍ വിപ്ളവകരമായ മാറ്റം വരുത്തി. ഈ സമരം മറ്റനേകം പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അടിച്ചമര്‍ത്തപ്പെട്ടവന് വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനുള്ള പ്രചോദനം ഉണ്ടാക്കുകയും ചെയ്തു. കൊടുമണ്‍ പ്ളാന്റേഷനില്‍ കൂലിഏകീകരണത്തിനും തൊഴിലാളികളുടെ മറ്റവകാശങ്ങള്‍ക്കും വേണ്ടി അനേകം പ്രക്ഷോഭങ്ങള്‍ വേറെയും നടന്നിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഈ പ്രദേശം വ്യാവസായികമായും വാണിജ്യപരമായും വളരെ പ്രശസ്തിയാര്‍ജിച്ചിരുന്നതായി കാണാന്‍ കഴിയും. വ്യാവസായികാവശ്യത്തിനും കച്ചവടത്തിനുമായി തമിഴ്നാട്ടില്‍ നിന്നും വാണിഭന്‍മാര്‍ ചന്ദനപ്പള്ളിയില്‍ വന്നുതാമസിച്ചിരുന്നു. ഇടത്തിട്ടയ്ക്കു സമീപമുള്ള പൊന്നടുത്താംകുഴി എന്ന സ്ഥലത്ത് സ്വര്‍ണ്ണഖനനവും വ്യവസായവും നടന്നിരുന്നതായി ചരിത്രമുണ്ട്.