കോടോം ബേളൂര്‍
കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കാഞ്ഞങ്ങാട് ബ്ളോക്കില്‍ കോടോം,ബേളൂര്‍, തായന്നൂര്‍, പരപ്പ (പകുതി ഭാഗം) വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്. 95.44 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ബേഡഡുക്ക, കുറ്റിക്കോല്‍, കള്ളാര്‍ പഞ്ചായത്തുകളും, തെക്ക് കിനാനൂര്‍ കരിന്തളം, മടിക്കൈ പഞ്ചായത്തുകളും, പടിഞ്ഞാറ് പുല്ലൂര്‍ പെരിയ, മടിക്കൈ പഞ്ചായത്തുകളും, കിഴക്ക് കിനാനൂര്‍ കരിന്തളം, ബളാല്‍, കള്ളാര്‍ പഞ്ചായത്തുകളുമാണ്. കോടോം ഗ്രാമം ഉള്‍പ്പെടുന്ന പഞ്ചായത്ത് 1953-ലാണ് നിലവില്‍ വന്നത്. കോടോത്ത് കുഞ്ഞമ്പു നായര്‍ (പെരിങ്ങാനം) ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. പശ്ചിമ പര്‍വ്വതനിരകളുടെ പരിലാളനമേറ്റ് കുന്നും, മലകളും, കാട്ടാറുകളും, വയലേലകളും നിറഞ്ഞ ഭൂപ്രദേശത്ത് അങ്ങിങ്ങായി പാറക്കെട്ടുകളും ചെങ്കല്‍ സമതലങ്ങളും വനഭൂമിയും നിരന്നു നില്ക്കുന്നു. കുന്നിന്ചെരുവുകളില് രൂപം കൊള്ളുന്ന കാട്ടരുവികള്‍ ഒന്നുചേര്‍ന്ന് നദിയായി, ജലസ്രോതസ്സായി മാറുന്നു. ജില്ലയിലെ ഏറ്റവും ഉയരമുള്ള മലകളിലൊന്നായ കണ്ടടുക്കംമല ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. കാവുകളും ചരിത്രസ്മരണകള്‍ ഉറങ്ങുന്ന ഗോപുര കവാടങ്ങളും തറവാട്ടു ദൈവങ്ങളുടെ സ്ഥാനങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ പഞ്ചായത്ത്. ഗതകാല ചരിത്രസ്മരണകള്‍ ഉറങ്ങുന്ന നാലുകെട്ടുകള്‍, ജന്മിത്വവ്യവസ്ഥിതിക്കെതിരായി പോരാടിയ കര്‍ഷകസമരങ്ങളുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ എന്നിവ ഈ പഞ്ചായത്തിന്റെ തിലകക്കുറികളാണ്. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കേദാരമാണ് കോടോം-ബേളൂര്‍ പഞ്ചായത്ത്. സമൃദ്ധമായ കാര്‍ഷിക വിളഭൂമികളും ജലസ്രോതസ്സുകളും പഞ്ചായത്തിന് ഹരിതാഭ കൈവരുത്തുന്നു. ഹോസ്ദുര്‍ഗ് താലൂക്കിലെ മലയോര മേഖല ഉള്‍പ്പെടുന്ന തായന്നൂര്‍, ബേളൂര്‍-കോടോം-പരപ്പ ഗ്രാമത്തിന്റെ ഒരുഭാഗം എന്നിവ ചേര്‍ന്നാണ് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തായി രൂപപ്പെട്ടത്. ആദ്യകാലത്ത് കോടോം, ബേളൂര്‍ എന്നിവ രണ്ടു പഞ്ചായത്തായിരുന്നു. 1963-ല്‍ ഇവ സംയോജിച്ച് ഒറ്റ പഞ്ചായത്തായി. നാടന്‍ കലാരൂപങ്ങളും നാടന്‍പാട്ടുകളും സാംസ്കാരിക തനിമക്ക് മാറ്റുകൂട്ടുന്നു. ഐതിഹ്യങ്ങള്‍ വീണുറങ്ങുന്ന പള്ളിയറകളും കാവുകളും തറവാടുകളും പഞ്ചായത്തില്‍ ഏറെ കാണാം. വൈവിദ്ധ്യമാര്‍ന്ന സ്ഥലങ്ങളും മിത്തുകളും പ്രൌഢമായ ഗതകാല സ്മരണകളാണ്. അസംഖ്യം തറവാടുകളും കാവുകളും ഇവിടുത്തെ സാംസ്കാരിക പാരമ്പര്യത്തിന് മകുടം ചാര്‍ത്തുന്നു. നേരോത്ത് പെരട്ടൂര്‍ കൂലോത്തോട് ഭാഗത്ത് കാവുകളുടെ സമുച്ചയം കാണാം. വന്മരങ്ങളുടെയും അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെയും സമ്പന്നമായ ശേഖരം കാവുകളില്‍ കാണാവുന്നതാണ്. അപൂര്‍വമായ പത്തായപക്ഷി കാവുകളില്‍ കാണപ്പെടുന്നു. നൂറ്റാണ്ട് പഴക്കമുള്ള ചിത്രപീഠം പെരട്ടുര്‍ കൂലോത്ത് കാണാം. കാവുകളില്‍ കണ്ടിരുന്ന മയില്‍, കുരങ്ങുകള്‍, മുയല്, കൂരന്‍ എന്നിവയ്ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. താളിയോല ഗ്രന്ഥങ്ങളുടെ മഹാശേഖരം ഉണ്ടായിരുന്ന അയ്യങ്കാവ് കൂലോം നായപ്പന്വീട് മുളവിന്നൂര്‍ ഭഗവതി ക്ഷേത്രം എന്നിവ സ്മരണീയങ്ങളാണ്. കേടോം തറവാട്ടിലെ പട്ടോല ഗ്രന്ഥങ്ങളും ഗണനീയമാണ്.