ചരിത്രം
ഇവിടുത്തെ പള്ളിയറകളിലും ദേവസ്ഥാനങ്ങളിലും കളിയാട്ടങ്ങള്‍ ധാരാളം നടക്കുന്നു. വൃശ്ചികമാസത്തിലാണ് കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തെയ്യങ്ങളുടെ അരങ്ങേറ്റം ഇതോടെ തുടങ്ങുകയായി. വടക്കേ മലബാറിലെതന്നെ പ്രശസ്തമായ കോടോം തറവാട് ഈ പഞ്ചായത്തിലാണ്. സമ്പന്നമായ ജന്മിത്തറവാട്ടുകാരായ കോടോം വീട്ടുകാര്‍ പൊന്നാനി താലൂക്കിലെ വത്തേരി എന്ന സ്ഥലത്തു നിന്നും ഇവിടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പെത്തിചേര്ന്നുവെന്നാണ് ഐതിഹ്യം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി വിസ്തൃതമായ ഭൂപ്രദേശത്തിന്റെ ഉടമകളായിരുന്നു ഇവരെന്നു കാണാം. ഇവിടുത്തെ കോടോം ഭഗവതി ക്ഷേത്രം ദാരുശില്പങ്ങളുടെ കേദാരം കൂടിയാണ്. ക്ഷേത്രഗോപുരത്തില്‍ മരത്തില്‍ കൊത്തിവച്ച ചിത്രങ്ങള്‍ നിത്യവിസ്മയമായി ഇന്നും നിലകൊള്ളുന്നു. ദാരുശില്പങ്ങള് നിറഞ്ഞുനില്ക്കുന്ന ഗോപുരം കോടോത്ത് അമ്പു കാരണവരാണ് 1897-ല്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നു. കോടോം കുന്നിനു മേലെ കാക്കപോലും പറക്കില്ലായിരുന്നു എന്നായിരുന്നു ചൊല്ല്. കോടോത്തിന് സ്വന്തമായി ഒരു കഥകളിസംഘം തന്നെ ഉണ്ടായിരുന്നു. ആലത്തടി മലൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട മറ്റൊരു ജന്മിത്തറവാടായിരുന്നു. ഇരിയ വാഴുന്നവര്‍, മൊടഗ്രാമം വാഴുന്നവര്‍, കീക്കാംകോട് വാഴുന്നവര്‍ എന്നിവരെല്ലാം പ്രതാപികളായ ജന്മിമാരായിരുന്നു. ബാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും പുരോത്സവ ഭാഗമായി അരങ്ങേറുന്ന മറത്തുകളി ശ്രദ്ധേയമായി തുടരുന്നു. പഞ്ചായത്തു കോടതികള്‍ പ്രാചീനകാലത്ത് നിലവില്‍ ഉണ്ടായിരുന്നു. എല്ലാകൊല്ലവും മേടം 15-ന് പ്രസിദ്ധമായ ബേളൂര്കൂലോത്ത് ഒറ്റക്കോല ചടങ്ങുകള്‍ നടക്കും. തുളുനാടന്‍ പാട്ടുകളും നാടോടിക്കഥകളും പഞ്ചായത്തിന്റെ സാംസ്കാരിക പ്രൌഢിക്ക് പകിട്ട് ചാര്‍ത്തുന്നു. ചെന്തളം കാവ്, എരളാല്‍, കേളോത്ത്, കോളിയാര്‍, പൊറോന്തിക്കാവ്, എളാടി, കണ്ടടുക്കം, അയ്യങ്കാവ്, അയറോട്ട്, പാക്കത്ത് തുടങ്ങി നിരവധി കാവുകള്‍ പഞ്ചായത്തിലുണ്ട്. ബാനം, കോടോം, ബേളൂര്‍, മുളവന്നൂര്‍, തായന്നൂര്‍, നേരാത്ത് തുടങ്ങിയ അമ്പലങ്ങളിലെ ഉത്സവം ശ്രദ്ധേയമാണ്. നെരോത്ത് നിന്നും മടിയന്‍ കൂലോത്ത് പാട്ടുത്സവത്തിന് തെയ്യം പോവല് വലിയ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. പ്രസിദ്ധമായ മുസ്ളീം തീര്‍ത്ഥാടന കേന്ദ്രമായ പാറപ്പള്ളി പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു. പാറപ്പള്ളിയില്‍ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി വിളക്കുകത്തിച്ചുവെക്കുന്ന പതിവുണ്ട്. എണ്ണപ്പാറ, കാലിച്ചാനടുക്കം, ഒടയംചാല്‍, കരുണാപുരം, ഉദയപുരം, ചുള്ളിക്കര ദേവാലയങ്ങള്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ പ്രധാന ആരാധനാലയങ്ങളാണ്. കുടുംബതെയ്യം, പന്തുരുളി, കല്ലുരുട്ടി, രക്തചാമുണ്ഡി, ഭൈരവന്, കുട്ടിച്ചാത്തന്, അണങ്ങ്, കാലിച്ചാത്തന് ദൈവം, പനിയന് തുടങ്ങിയ തെയ്യക്കോലങ്ങള്‍ പഞ്ചായത്തിന് പൈതൃകമായി ലഭിച്ചതാണ്. വീടുകളിലും തെയ്യ കോലങ്ങള്‍ കെട്ടിയാടാറുണ്ട്. ഈ പഞ്ചായത്തിലെ പിന്നോക്ക വിഭാഗങ്ങളില്‍ ഭൂരിഭാഗവും മാവിലര്‍ സമുദായക്കാരാണ് ഇവര്‍ പൊതുവെ അദ്ധ്വാനശീലരാണ്. വൈവിദ്ധ്യമാര്‍ന്ന ആചാരവിശേഷങ്ങള്‍ ഇവര്‍ വച്ചു പുലര്‍ത്തുന്നു. ശുദ്ധമല്ലാത്ത തുളു ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. മയ്യന്‍ എന്ന പദത്തില്‍ നിന്നാണ് മാവിലന് എന്ന പേരുണ്ടായത് എന്നാണ് അനുമാനിക്കുന്നത്. ഉത്തര കേരളത്തിലെ തെയ്യം കലാരംഗത്ത് അപൂര്‍വ്വമായി സംഭാവന നല്കിയ വിഭാഗമാണ് മലയര്‍. പഞ്ചായത്തിന്റെ സാംസ്കാരിക രംഗത്ത് ഇവര്‍ ഗണ്യമായ സംഭാവന നല്കി. കോടോന്തന് എന്നത് ഇവരുടെ ഇടയിലെ ആചാരപ്പേരായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും ഏകദേശം പതിനെട്ട് കിലോ മീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് എത്തിച്ചേരാം. നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ നഗരങ്ങളില്‍ മാത്രമേ ആദ്യകാലത്ത് ഹൈസ്കൂളുകള്‍ ഉണ്ടായിരുന്നുള്ളൂ. 1930-കളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ രൂപം കൊള്ളാന്‍ തുടങ്ങിയത്. ജന്മിമാരുടെ നേതൃത്വത്തില്‍ അവരുടെ പത്തായ പുരകളില്‍ ആരംഭിച്ച വിദ്യാലയങ്ങളും, കര്‍ഷക പ്രസ്ഥാനത്തിന്റെയും ദേശസ്നേഹ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി രൂപം കൊണ്ട വിദ്യാലയങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. ഫ്യൂഡല്‍ ജന്മി കുടുംബങ്ങള്‍ക്ക് വേണ്ടി ആവശ്യമായ തുണിനെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം, കളരിയാവശ്യങ്ങള്ക്കായി ആയുധങ്ങള്‍ മുതലായവ നിര്‍മ്മിക്കാന്‍ വൈദഗ്ദ്ധ്യമുള്ള പരാമ്പരാഗത തൊഴിലാളികള്‍ ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നു എന്നതിനു തെളിവാണ് കോടോത്ത് ഗ്രാമത്തിലെ ജാതി അടിസ്ഥാനത്തില്‍ ഓരോ തൊഴിലിനെയും ഓരോ കുലങ്ങളായി വിഭജിച്ചിരുന്ന രീതി.