കൊടിയത്തൂര്‍

കോഴിക്കോട് ജില്ലയില്‍, കോഴിക്കോട് താലൂക്കില്‍, കുന്ദമംഗലം ബ്ളോക്കിലാണ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടിയത്തൂര്‍ വില്ലേജു പരിധിയിലുള്‍പ്പെടുന്ന കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന് 29.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൂടരഞ്ഞി, ഊര്‍ങ്ങാട്ടിരി (മലപ്പുറം) പഞ്ചായത്തുകളും, തെക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, വാഴക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുക്കം, ചാത്തമംഗലം, വാഴക്കാട് (മലപ്പുറം) പഞ്ചായത്തുകളുമാണ്. 1920-ലെ, മദ്രാസ് വില്ലേജ് ആക്ട് പ്രകാരമാണ്, 1956-ല്‍ കൊടിയത്തൂര്‍, പന്നിക്കോട് പഞ്ചായത്തുകള്‍ രൂപീകൃതമാകുന്നത്. കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കെ.എം.മുഹമ്മദ് ഹാജിയും, പന്നിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണിമോയി സാഹിബും ആയിരുന്നു. 1960-ലെ കേരള പഞ്ചായത്ത് ആക്ട് ഏകീകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൊടിയത്തൂര്‍, കക്കാട്, കുമാരനെല്ലൂര്‍ എന്നീ വില്ലേജുപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, 1963-ലാണ് ഇന്നത്തെ രൂപത്തിലുള്ള കൊടിയത്തൂര്‍ പഞ്ചായത്ത് നിലവില്‍ വരുന്നത്. പുലവായി നാട്ടുരാജ്യത്തിന്റെ ഭരണത്തിന്‍കീഴിലായിരുന്ന പന്നിക്കോട് അംശമാണ് ഇന്നത്തെ കൊടിയത്തൂര്‍ പഞ്ചായത്ത് എന്നും പറയാം. “കൊടികുത്തിയ ഊര്” അതാണ് “കൊടിയത്തൂര്‍”. ഇവിടെ കുത്താത്ത കൊടികളില്ല. ഇവിടെയില്ലാത്ത ചിന്താധാരകളുമില്ല. കേരളത്തിലെ “മക്ക”യായി പ്രസിദ്ധി നേടിയ നാടാണ് കൊടിയത്തൂര്‍. 700 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് കൊടിയത്തൂര്‍ ജുമാ അത്ത് പള്ളി. കൊത്തുപണികളാല്‍ അലംകൃതമായ ഈ പള്ളി നാട്ടിലെ ഏറ്റവും പഴക്കമേറിയ ചരിത്രസ്മാരകവുമാണ്. വെള്ളരിമലയില്‍ നിന്നും ഉത്ഭവിക്കുന്ന ചാലിയാറിന്റെയും, ഇരുവഴിഞ്ഞിപുഴയുടെയും സംഗമം കൊണ്ടനുഗ്രഹീതമായ ഗ്രാമമാണ് കൊടിയത്തൂര്‍. കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്കേയറ്റത്ത്, മലപ്പുറം ജില്ലയോടു തൊട്ടുരുമ്മിയാണ് കൊടിയത്തൂര്‍ പഞ്ചായത്തു സ്ഥിതി ചെയ്യുന്നത്.