ചരിത്രം

സാമൂഹ്യചരിത്രം

“കൊടികുത്തിയ ഊര്” - അതാണ് “കൊടിയത്തൂര്‍”. ഇവിടെ കുത്താത്ത കൊടികളില്ല. ഇവിടെയില്ലാത്ത ചിന്താധാരകളുമില്ല. പുലവായി നാട്ടുരാജ്യത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന പന്നിക്കോട് അംശമാണ് ഇന്നത്തെ കൊടിയത്തൂര്‍ പഞ്ചായത്ത് എന്നു പറയാം. “പുലവായി നായന്മാര്‍” എന്നറിയപ്പെട്ടിരുന്ന നാട്ടുരാജാക്കന്‍മാര്‍, സാമൂതിരിയുടെ സാമന്തരും, കുറുമ്പ്രനാട് രാജാക്കന്മാരോടു വിധേയത്വമുള്ളവരുമായിരുന്നുവെന്ന് വില്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന് സാക്ഷ്യം വഹിച്ച നാടാണിത്. ജന്മി-നാടുവാഴി ദുഷ്പ്രഭുത്വത്തിനെതിരെ മലയാളമണ്ണില്‍ നടന്ന പോരാട്ടത്തില്‍ ഈ ഗ്രാമത്തിന്റെ പങ്ക് ചെറുതല്ല. സാമ്രാജ്യത്വ, ജന്മിത്വ ചൂഷണത്തിനെതിരെ പോരിനിറങ്ങി ജീവന്‍ ത്യജിച്ച 64 പേരുടെ സ്മാരകശിലകള്‍ ചെറുവാടിയിലെ വലിയ ജുമാ അത്ത് പള്ളി അങ്കണത്തില്‍ ഇന്നും കാണാം. ടിപ്പുസുല്‍ത്താന്റെ പീരങ്കിപ്പടയ്ക്കു കടന്നുപോകുന്നതിന്, ടിപ്പു നിര്‍മ്മിച്ച പ്രധാന റോഡുകളില്‍ രണ്ടാമത്തേതെന്നു പറയപ്പെടുന്ന മലപ്പുറം - താമരശ്ശേരി റോഡ് ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രദേശത്തു പണ്ടുകാലം മുതല്‍ തന്നെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായി മുസ്ളീം സമൂഹവും, മധ്യഭാഗത്തായി ഹിന്ദു സമൂഹവും, പില്‍ക്കാലത്ത് കിഴക്കന്‍ മേഖലയില്‍ ക്രൈസ്തവസമൂഹവും കൂടുതലായി സ്ഥിരതാമസമാക്കുകയുണ്ടായി. വ്യത്യസ്തതയില്‍ നിന്നും ഉരുത്തിരിയുന്ന ഏകത്വത്തിലൂന്നിയ മൂന്നു സംസ്കൃതികളുടെ കൂട്ടായ്മയാണ്, ഈ പഞ്ചായത്തിന്റെ സാംസ്കാരികാടിത്തറ. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അവസാനത്തെ പ്രസംഗത്തിനും അന്ത്യനിമിഷങ്ങള്‍ക്കും സാക്ഷിയായ ഈ കൊച്ചുഗ്രാമം, ദേശീയ രാഷ്ട്രീയ ഭൂപടത്തിലും, “മുബാഹല”യിലൂടെ ലോകമത ഭൂപടത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ കൊടിയത്തൂര്‍ ഗ്രാമം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രണഭൂവായി മാറിയിരുന്നു. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടവും, ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപാന്തരപ്പെട്ടു. മതവൈജ്ഞാനിക മേഖലയില്‍ കൊടിയത്തൂരിന്റെ സ്ഥാനം അദ്വിതീയമായിരുന്നു. “കേരളത്തിലെ മക്ക”യെന്നു പ്രസിദ്ധി നേടിയ നാടാണ് കൊടിയത്തൂര്‍. 700 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് കൊടിയത്തൂര്‍ ജുമാ അത്ത് പള്ളി. കൊത്തുപണികളാല്‍ അലംകൃതമായ ഈ പള്ളി നാട്ടിലെ ഏറ്റവും പഴക്കമേറിയ ചരിത്രസ്മാരകവുമാണ്. ഖിലാഫത്തു പ്രസ്ഥാനം ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനമായി മാറിയപ്പോള്‍, ചെറുവാടിയും സ്വാതന്ത്ര്യപോരാട്ടത്തിലേക്ക് എടുത്തുചാടുകയുണ്ടായി. ഖിലാഫത്തുപ്രക്ഷോഭത്തില്‍ 64 പേരാണ് ചെറുവാടിയില്‍ നിന്ന് രക്തസാക്ഷികളായത്. ഇത്രയും പേര്‍ സ്വാതന്ത്ര്യപോരാട്ടത്തിനു വേണ്ടി, ജീവന്‍ ബലിയര്‍പ്പിച്ച, മറ്റൊരു പ്രദേശം കോഴിക്കോട് താലൂക്കിലില്ല. ഐക്യകേരളപ്പിറവിക്കു ശേഷം കേരളക്കരയുടെ മറ്റു ഭാഗങ്ങളിലുണ്ടായ ദ്രുതഗതിയിലുള്ള പുരോഗതി, ചെറുവാടി പ്രദേശത്തുണ്ടായില്ലെന്നു പറയാം. പന്നിക്കോടിന്റെ നല്ലൊരു ഭാഗവും കാട്ടുപ്രദേശമായിരുന്നു. പന്നികള്‍ ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാവാം ഈ പ്രദേശത്തിനു പന്നിക്കോടെന്ന പേരു ലഭിച്ചത്. ജനങ്ങളധികവും കൃഷിക്കാരും, കുടിയാന്മാരും, ബാക്കി ജന്മികളുമായിരുന്നു. മലക്കാര്‍, പണിയര്‍ മുതലായ ആദിവാസികളും ഇവിടെ ജീവിച്ചിരുന്നു. നെല്ല് മാത്രമായിരുന്നു ആദ്യകാലത്തെ പ്രധാന വിളവ്. മറ്റു പ്രദേശങ്ങളില്‍ നിന്ന്, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന പന്നിക്കോടിന്, ഗതാഗതരംഗത്ത് ജലമാര്‍ഗ്ഗം മാത്രമായിരുന്നു ഏക ആശ്രയം. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൌകര്യമില്ലാതിരുന്ന ഈ പ്രദേശത്ത്, 1926-ലാണ് താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഒരു ഏകാധ്യാപക സ്കൂള്‍ തുറന്നത്. ചെറുവക്കാട്ടില്ലം വക ഒരു ഒഴിഞ്ഞ പുരയിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുക്കം-അരീക്കോട് പാലങ്ങള്‍ വന്നതോടെയാണ്, മറ്റു ദേശങ്ങളുമായി ബന്ധപ്പെടാന്‍ പന്നിക്കോടിന് കൂടുതല്‍ അവസരം ഉണ്ടായത്. കൊടിയത്തൂരിലെ കാര്‍ഷിക പ്രധാനമായ കുടിയേറ്റ മേഖലയാണ് തോട്ടുമുക്കം. ചങ്ങനാശ്ശേരി കരിങ്ങാട വീട്ടില്‍ തോമസും മറ്റു ചിലരുമാണ് ഈ ഭാഗത്തെ ആദ്യ കുടിയേറ്റക്കാര്‍. കുടിയേറ്റം 1951 വരെ തുടര്‍ന്നു. ജലലഭ്യതയും അസംസ്കൃത പദാര്‍ത്ഥങ്ങളും വേണ്ടത്ര ലഭ്യമായിട്ടും, കൊടിയത്തൂര്‍ പഞ്ചായത്തിനു വ്യാവസായിക രംഗത്ത് കാര്യമായ പുരോഗതിയുണ്ടായില്ല. പഞ്ചായത്തില്‍ ഒരു വന്‍കിട വ്യവസായം പോലുമില്ല. ടിപ്പു സുല്‍ത്താന്റെ പീരങ്കിപ്പട കടന്നുപോകാന്‍ നിര്‍മ്മിച്ചതുള്‍പ്പെടെയുള്ള പ്രാചീനമായ റോഡുകള്‍ ഈ പഞ്ചായത്തിലുണ്ട്. കൊയിലാണ്ടി-അരീക്കോട് സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്.

വിദ്യാഭ്യാസചരിത്രം

ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വളരെ നേരത്തെ മനസ്സിലാക്കാന്‍ അവസരം ലഭിച്ച പ്രദേശമാണ് കൊടിയത്തൂര്‍. 1900-ാമാണ്ടില്‍ തന്നെ ഒരു പ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടുവെന്നത്, ഇതിനു ഏറ്റവും വലിയ തെളിവാണ്. മുക്കം-തിരുവമ്പാടി ഭാഗങ്ങളില്‍ നിന്നല്ലാം മൈലുകള്‍ താണ്ടിയാണ് പലരും ഈ സ്കൂളില്‍ എത്തിയിരുന്നത്. 1946-1947 കാലഘട്ടത്തിലാണ് ന്യൂ സൌത്ത് എലിമെന്ററി സ്കൂള്‍ സ്ഥാപിതമാവുന്നത്. ഉപരിപഠനത്തിനുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായതിനാല്‍ പരദേശങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാന്‍ എത്തിയിരുന്നു. മതവൈജ്ഞാനിക മേഖലയില്‍ കൊടിയത്തൂരിന്റെ സ്ഥാനം അദ്വിതീയമായിരുന്നു. മലബാറിലെ അറിയപ്പെടുന്ന രണ്ടു മതപഠനകേന്ദ്രങ്ങളില്‍ ഒന്ന് കൊടിയത്തൂരിലായിരുന്നു. 200 വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചായിരുന്നു ഇവിടെ പഠനം നടന്നിരുന്നത്. നാട്ടില്‍ വറുതിയും പട്ടിണിയുമുള്ള അക്കാലത്ത്, ഇത്രയും പേരെ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനാവശ്യമായ ഭീമമായ ചെലവു വഹിക്കാന്‍, എ.എം.അവുസിലാന്‍ ഹാജി, നടുക്കണ്ടത്തില്‍ കോയാമുഹാജി തുടങ്ങിയവര്‍ സ്വന്തം സ്വത്ത് സംഭാവന നല്‍കിയിരുന്നു. മുസ്ളീം ഭൂരിപക്ഷപ്രദേശമായ ഈ പഞ്ചായത്തിനു, സാമൂഹികവും സാമ്പത്തിവുമായ കാരണങ്ങളാല്‍, വിദ്യാഭ്യാസരംഗത്ത് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ ആദ്യകാലത്ത് കഴിഞ്ഞിരുന്നില്ല. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം, 1900-ല്‍ സ്ഥാപിതമായ കൊടിയത്തൂര്‍ സ്കൂളാണ്. 1920-കളോടെ ചെറുവാടി, പന്നിക്കോട് സ്കൂളുകളും സ്ഥാപിക്കപ്പെട്ടു. ഈ സ്കൂളുകളായിരുന്നു പഞ്ചായത്തിന്റെ ആദ്യകാല ഔപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. തുടര്‍ന്ന് സൌത്ത് കൊടിയത്തൂരില്‍ ന്യൂ സൌത്ത് സ്കൂള്‍ ആരംഭിച്ചു. മലയോരമേഖലയായ തോട്ടുമുക്കത്തും ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിതമായി. വാഴക്കാട്, മുക്കം, ചേന്ദമംഗലൂര്‍, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളെയാണ് ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ അനൌപചാരിക വിദ്യാഭ്യാസത്തിനു സൌകര്യമുണ്ടായിരുന്ന കൊടിയത്തൂരില്‍, ദൂരദിക്കുകളില്‍ നിന്നുപോലും ഒട്ടേറെപേര്‍ വന്ന് വിദ്യ അഭ്യസിച്ചിരുന്നു. 1978-79 കാലഘട്ടത്തിലാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ സ്ഥാപിതമാകുന്നത്. തുടര്‍ന്ന് 1983-ല്‍ തോട്ടുമുക്കത്ത് സെന്റ് തോമസ് എച്ച്.എസ്. നിലവില്‍ വന്നതോടെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൌകര്യം കൂടുതല്‍ വര്‍ദ്ധിച്ചു.

സാംസ്കാരികചരിത്രം

കലാ-സാംസ്കാരിക രംഗത്ത് ഒരു മഹത്തായ പാരമ്പര്യം കൊടിയത്തൂരിനുണ്ട്. നാടന്‍ കവിസാമ്രാട്ടുകളും ഗായകരും പണ്ടുമുതലേ കൊടിയത്തൂരിലുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ തനിമ അതിന്റെ ശരിയായ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഇവിടത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു. പ്രബുദ്ധത കൊടിയത്തൂരിന്റെ പ്രത്യേകത തന്നെയാണ്. വാദപ്രതിവാദങ്ങളും ഖണ്ഡത പ്രസംഗങ്ങളും ഇവിടെ നിത്യ സംഭവമാണ്. പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ചെറുവാടിയും ഒരു പുരാതന ഗ്രാമമാണ്. ചാലിയാറിന്റെയും, ഇരുവഴിഞ്ഞിപ്പുഴയുടേയും സംഗമതീരമെന്ന നിലയ്ക്ക് പുഴയുമായി ബന്ധപ്പെട്ട ഒരു ജീവിതസംസ്കൃതിയാണ് പണ്ടുമുതലേ ഇവിടത്തുകാര്‍ക്കുണ്ടായിരുന്നത്. പുഴ അവരുടെ ജീവിതാശ്രയമായിരുന്നു. പഴയകാലത്തെ ചായപ്പീടികകളും അങ്ങാടികളുമെല്ലാം പുഴയോരത്തായിരുന്നു. അക്കാലത്തെ സമ്മേളനങ്ങള്‍ക്ക് വേദിയായതും പുഴയുടെ തീരങ്ങള്‍ തന്നെ. സവാരി, ചങ്ങാടം, മീന്‍പിടുത്തം തുടങ്ങിയവയ്ക്ക് പുഴയെ ആശ്രയിച്ചപ്പോള്‍ കുറെ പേരെങ്കിലും കൂപ്പ് മരപ്പണിയുമായി ബന്ധപ്പെട്ട് മലകയറുന്നതും ഇവിടുത്തെ സമ്പ്രദായമായിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിന്റെ മധ്യഭാഗത്തുള്ള പന്നിക്കോട് പ്രദേശം പ്രാചീന കാലഘട്ടം മുതലേ പ്രശസ്തമാണ്. സാമൂതിരിയുടെ സാമന്തന്മാരായ പുലവായി നായന്മാര്‍ പന്നിക്കോട് അംശം കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. പഞ്ചായത്തിനു വെളിയില്‍ സ്ഥിതി ചെയ്യുന്നതാണെങ്കിലും തൃക്കളയൂര്‍ ശിവക്ഷേത്രത്തിന്റെ സാന്നിധ്യം, ഈ പ്രദേശത്തിനെ ചരിത്ര പ്രാധാന്യമുള്ളതാക്കി മാറ്റുന്നു. ശിവപാര്‍വ്വതി പ്രതിഷ്ഠയുള്ള ശ്രീതൃക്കളയൂര്‍ ക്ഷേത്രത്തില്‍ നിന്ന്, പാര്‍വ്വതി ദേവിയെ പ്രത്യേകം ആവാഹിച്ച് ഉച്ചക്കാവില്‍ കുടിയിരുത്തിയതോടെ, ഉച്ചക്കാവ് ശ്രീഭഗവതിക്ഷേത്രം ഉദയം ചെയ്തു. തൃക്കളയൂര്‍ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും അന്യദിക്കുകളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പെത്തിയ ബ്രാഹ്മണസമുദായക്കാരാണ് പന്നിക്കോട് ഭാഗത്ത് ആദ്യമായി അധിവാസമുറപ്പിച്ച ജനത. അങ്ങനെ ഈ ചെറിയ നദീതീരത്തും ഒരു സംസ്കൃതി ഉടലെടുക്കുകയായിരുന്നു. ചാലിയാറും, ഇരുവഴിഞ്ഞിയും, ചെറുപുഴയും ഗ്രാമത്തിന്റെ പ്രകൃതിദത്ത അതിരുകളാണ്. സാമൂതിരിയുടെ സാമന്തരാല്‍ ഭരിക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്. കൃഷിയും കച്ചവടവുമായി എത്തിയ മുസ്ളീങ്ങള്‍, ആധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏറനാട്ടില്‍ നിന്നത്തിയ പണ്ഡിത പരമ്പരയുടെ ശിക്ഷണത്തില്‍ പഞ്ചായത്തിന്റെ പടിഞ്ഞാറു പ്രദേശത്തിനെ സംസ്കാരസമ്പന്നമാക്കി. കൊടിയത്തൂര്‍, ചെറുവാടി, മുള്ളന്‍മട ജുമാമസ്ജിദുകള്‍ ഈ സംസ്കൃതിയുടെ പ്രഭവകേന്ദ്രങ്ങളാണ്. ഈ പഞ്ചായത്തില്‍ ആദ്യകാലത്ത് തന്നെ വായനശാലകളും ഗ്രന്ഥാലയങ്ങളും സ്ഥാപിതമായിരുന്നു. പന്നിക്കോട് യുവജന സംഘം ഗ്രന്ഥാലയം-വായനശാല ആണ് ആദ്യകാല ഗ്രന്ഥാലയം.