കോടഞ്ചേരി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ കോടഞ്ചേരി, നെല്ലിപ്പൊയില്‍ എന്നീ വില്ലേജുകള്‍ പൂര്‍ണ്ണമായും കൂടത്തായ് വില്ലേജ് ഭാഗികമായും ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കോടഞ്ചേരിഗ്രാമപഞ്ചായത്ത്. 102.58 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് തിരുവമ്പാടി പഞ്ചായത്തും, പടിഞ്ഞാറ് പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകളും തെക്ക് ഓമശ്ശേരി, തിരുവമ്പാടി, മുക്കം പഞ്ചായത്തുകളും വടക്ക് പുതുപ്പാടി പഞ്ചായത്തും, വയനാട്ജില്ലയിലെ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളുമാണ്. 1962 ജനുവരി ഒന്നിനാണ് കോടഞ്ചേരിഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. അതിനുശേഷം 1968-ല്‍ ഭരണപരമായ സൌകര്യം കണക്കിലെടുത്ത് ഈ പഞ്ചായത്തില്‍പ്പെട്ട അടിവാരം ഭാഗത്തെ ഒരു ചെറിയ ഭൂപ്രദേശം (സുമാര്‍ 36 ഏക്കര്‍ സ്ഥലം) സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതുപ്പാടി പഞ്ചായത്തിന് വിട്ടുകൊടുത്തു. ഭരണപരമായ സൌകര്യവും ജനാഭിലാഷവും കണക്കിലെടുത്ത് ഓമശ്ശേരി പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന കൂടത്തായ് വില്ലേജില്‍പ്പെട്ട പാലോണദേശം പൂര്‍ണ്ണമായും 1976-ല്‍ കോടഞ്ചേരിപഞ്ചായത്തിനോട് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 1.1.1962-ല്‍ തിരുവമ്പാടി പഞ്ചായത്തിന്റെ ഭാഗമായിരുന്ന കോടഞ്ചേരിവില്ലേജ് ഉള്‍പ്പെടുത്തി കോടഞ്ചേരിപഞ്ചായത്ത് രൂപം കൊണ്ടു.പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം 1968-ല്‍ പോന്തുണ്ടി തോടിന് വടക്കുള്ള അടിവാരം ഭാഗം പുതുപ്പാടി പഞ്ചായത്തിനോട് കൂട്ടിച്ചേര്‍ക്കുകയും 1976-ല്‍ ഓമശ്ശേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന കൂടത്തായ് വില്ലേജിലെ പാലോണ ദേശം പഞ്ചായത്തിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡന്റ് പോള്‍ ചാലിയായിരുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 900അടി മുതല്‍ 185അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോര മേഖലയാണ് കോടഞ്ചേരിഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ മധ്യഭാഗത്ത് കൂടി ചാലിയാര്‍പ്പുഴയും കിഴക്ക് ഭാഗത്ത് കൂടി ഇരുവഞ്ഞിപ്പുഴയും ഒഴുകുന്നു. ഇതു കൂടാതെ വയനാടന്‍ മലകളില്‍ നിന്നും പശ്ചിമഘട്ട സാനുക്കളില്‍ നിന്നും ഉല്‍ഭവിക്കുന്ന ചെറുതും വലുതുമായ നിരവധി തോടുകള്‍ ഈ പഞ്ചായത്തിലൂടെ ഒഴുകി ഇരുവഞ്ഞിപുഴയിലും ചാലിയാര്‍ പുഴയിലും ചെന്നുചേരുന്നു. സമതലങ്ങള്‍, ചെറിയ കുന്നുകള്‍, ഇടത്തരം ചരിവുകള്‍, മലമ്പ്രദേശങ്ങള്‍, കുത്തനെയുള്ള ചരിവുകള്‍, വനം എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ 6 ആയി തരംതിരിക്കാം. സമതലങ്ങളില്‍ നെല്ല്, തെങ്ങ്, കമുങ്ങ്, ഇഞ്ചി, മഞ്ഞള്‍, കപ്പ, വാഴ, കൊക്കോ, കാപ്പി എന്നിവ കൃഷി ചെയ്യുന്നു. കുന്നുകള്‍ മലമ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക്, വാഴ, ഇഞ്ചി എന്നിവയും കൃഷി ചെയ്തു വരുന്നു.