ചരിത്രം

സാമൂഹ്യ വികസന ചരിത്രം

വളക്കൂറുള്ള കന്നിമണ്ണ് തേടിയെത്തിയ അധ്വാനശീലരായ കര്‍ഷകരുടെ ത്യാഗത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും വിജയഗാഥയാണ് കോടഞ്ചേരിഗ്രാമപഞ്ചായത്തിന്റെ ചരിത്രം. സാമൂതിരി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന മണ്ണിലെടുത്ത് കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശത്തു നിന്നും ഓട, മുള, മരം എന്നിവ മുറിച്ചു മാറ്റുന്നതിനുള്ള അവകാശത്തിനായി ജന്മിമാരില്‍ നിന്നും ഓടച്ചാര്‍ത്ത് അവകാശം ഫറോക്ക് സ്വദേശി ഉണ്ണിച്ചാമി എന്ന കുട്ടായിയും കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളില്‍ത്തന്നെ എഴുതി വാങ്ങുകയും വിലപിടിപ്പുള്ള മരങ്ങളും മുളയും ഇവിടുത്തെ വേനല്‍ക്കാലത്തും സുലഭമായി ജലം നിറഞ്ഞൊഴുകിയിരുന്ന ചാലിപ്പുഴ വഴിയും ഇരുവഞ്ഞിപ്പുഴ വഴിയും മര വ്യവസായ കേന്ദ്രമായ കല്ലായിയില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. ഈ മലയോര മേഖലയിലെ വിലമതിക്കാനാകാത്ത വനസമ്പത്താണ് കല്ലായിയെ ലോക പ്രശ്സത മരവ്യവസായ കേന്ദ്രമാക്കിയത്.മരവും മുളയും മുറിച്ചു നീക്കുന്നതിനും അവ വലിച്ച് പുഴകളില്‍ എത്തിക്കുന്നതിനുമായി 100-150 ആനകളും അതിലധികം പോത്തുകളും നിരവധി തൊഴിലാളികളും വനാന്തരങ്ങളില്‍ പണിയെടുത്തിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനും താമസത്തിനുമായി നിരവധി ഊട്ടുപുരകളും ഉണ്ടായിരുന്നു.ഈ ഊട്ടുപുരകളോടനുബന്ധിച്ച് പല സ്ഥലനാലങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ചോറുവെക്കുന്ന ചെമ്പ് കഴുകി വ്യത്തിയാക്കുന്ന സമയത്ത് ഒഴുകിപ്പോയതിനുശേഷം കണ്ടുകിട്ടിയ സ്ഥലത്തെ ചെമ്പുകടവ് എന്ന് നാമകരണം ചെയ്തു. ഓടച്ചാര്‍ത്ത് എഴുതി വാങ്ങിയ ഉണിച്ചാമന്‍ കൂട്ടായിയില്‍ നിന്നും 1942-ല്‍ മരം വെട്ടി ഒഴിവാക്കിയ 5000 ഏക്കര്‍ സ്ഥലം ചെമ്പകത്തുങ്കല്‍ മത്തായി എന്നയാള്‍ ഏക്കര്‍ക്ക് 3.50 രൂപ പ്രകാരം വിലക്കെടുക്കുകയും അതില്‍ 2500 ഏക്കര്‍ സി.ഡി. മത്തായി ആന്റ് കമ്പനി എന്ന പേരില്‍ ഒരു എസ്റ്റേറ്റ് രജിസ്റ്റര്‍ ചെയ്യുകയും എസ്റ്റേറ്റിനെ പൂളവള്ളി എസ്റ്റേറ്റ് എന്നും നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് കോഴിക്കോട് രൂപത വിലക്കെടുത്ത 2500 ഏക്കര്‍ സ്ഥലം അമലാപുരി കോളനി എന്ന് നാമകരണം ചെയ്യുകയും ആയത് വില്‍ക്കുന്ന സംബന്ധിച്ച പരസ്യവും ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1942 കാലത്ത് ആരംഭിച്ച 2-ാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍മൂലം ദാരിദ്യ്രവും സാമ്പത്തികഞെരുക്കവും അനുഭവിച്ചിരുന്ന മധ്യതിരുവിതാംകൂറിലെ ഗ്രാമപ്രദേശങ്ങളില്‍ ദീപികയിലെ പരസ്യം ചര്‍ച്ച ചെയ്യപ്പെടുകയും സാഹസികരായ മൂന്നിലവുകാരായ 9 കുടുംബങ്ങള്‍ അതിവിദൂരമായ മലബാറിലെ കോടഞ്ചേരിയില്‍ 1944-ല്‍ (1113 മകരം 13 -ന്) കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. കുടിയേറ്റജനത പുതുമണ്ണില്‍ കൃഷിയിറക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു. പെട്ടെന്ന് ആദായം ലഭിക്കുന്ന വിളകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കപ്പ, തെരുവപ്പുല്ല്, നെല്ല് എന്നിവ വ്യാപകമായി കൃഷി ചെയ്തു തുടങ്ങുകയും ചെയ്തു. പുതിയ കുടിയേറ്റ ജനതയുടെ ക്ഷേമസൌകര്യങ്ങള്‍ അന്വേഷിക്കുന്നതിനും അവരുടെ മതപരമായ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി കോഴിക്കോട് രൂപതയില്‍ നിന്നും നിയോഗിച്ച് മൊന്തനാരിയച്ചന്‍ എന്ന മിഷനറിയാണ് കുടിയേറ്റക്കാര്‍ക്ക് താങ്ങും തണലുമായി നിന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ താമരശ്ശേരിയില്‍ നിന്നും കാല്‍നടയായി ഇവിടെ വന്ന് വിവിധ കുടിയേറ്റ മേഖലകള്‍ സന്ദര്‍ശിക്കുകയും രോഗികളായവര്‍ക്ക് മരുന്നും സ്വാന്തനവാക്കുകളും നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കോടഞ്ചേരിയില്‍ ആദ്യമായി പള്ളി ആരംഭിച്ചത് കണ്ണോത്തിനടുത്ത് അമ്പലകുന്ന് എന്ന സ്ഥലത്തായിരുന്നു. ജനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് സൌകര്യത്തിനായി അത് അമ്പാട്ടുപടി എന്ന സ്ഥലത്തേക്കും പിന്നീട് ഇപ്പോള്‍ കോടഞ്ചേരിഎല്‍.പി സ്കൂള്‍ ഇരിക്കുന്ന ടൌണിനടുത്ത സ്ഥലത്തേക്കും മാറ്റി.

വിദ്യാഭ്യാസ ചരിത്രം

വിവിധ പ്രായക്കാരായ 10 കുട്ടികളെ ചേര്‍ത്ത് 1946-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തില്‍ തുടങ്ങി കോഴിക്കോട് രൂപതയിലെ മിഷനറിമാരായ വൈദികരുടെ സ്വാധീനവും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയ കുടിയേറ്റക്കാരുടെ താല്പര്യവും ഒപ്പം സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ കോടഞ്ചേരിയുടെ വിദ്യാഭ്യാസ രംഗത്തിന് ശക്തമായ വേരുകള്‍ ലഭ്യമായി എന്നുപറയാം. കുടിയേറ്റ ജനതയുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് 1946 മുതല്‍ ക്ളാസ്സുകള്‍ തുടങ്ങിയത് തോപ്പില്‍ തൊമ്മിക്കുഞ്ഞ് ആദ്യത്തെ ഏകാദ്ധ്യാപകനായിരുന്നു. ഇതേ കാലത്ത് തന്നെ കണ്ണോം, വേളംകോട് എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. 1949-ല്‍ പഞ്ചായത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് അംഗീകൃത സ്കൂളിനുള്ള ബഹുമതി വേളംകോട് സ്കൂളിന് ലഭിച്ചു. 1 മുതല്‍ 3 വരെയുളള ക്ളാസ്സുകള്‍ നടത്തുന്നതിനായിരുന്നു അനുമതി. 1950 ജൂണ്‍ 3-ന് കോടഞ്ചേരിയില്‍ എല്‍.പി സ്കൂളിന് അനുമതി ലഭിച്ചു. 1 മുതല്‍ 5 വരെ ക്ളാസ്സുകള്‍ നടത്തുന്നതിനായിരുന്നു അനുമതി. ഫാ.ദേസിത്തേവൂസിന്റെ സേവനകാലം കോടഞ്ചേരിയുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ കോടഞ്ചേരിയുടെ ചരിതത്തിന്റെ ഭാഗമാണ്. അവ ഇവിടുത്തെ മനുഷ്യമനസ്സുകളില്‍ സ്വര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടതുമാണ്. കോടഞ്ചേരി-പുലിക്കയം, കോടഞ്ചേരി-വേളംകോട് റോഡുകള്‍, കോടഞ്ചേരിഎല്‍.പി സ്കൂളിന് കെട്ടിടം, കോടഞ്ചേരിഹൈസ്കൂള്‍ കെട്ടിടം എന്നിവയും കോടഞ്ചരിയുടെ പ്രതാപമായ കോടഞ്ചേരിഹൈസ്കൂള്‍ മൈതാനവും അദ്ദേഹത്തിന്റെ കാലത്ത് നിര്‍മ്മിച്ചതാണ്.

ഗതാഗത ചരിത്രം

1950-ല്‍ കണ്ണോത്ത് പള്ളി വികാരിയായിരുന്നു ഫാദര്‍ കുര്യാക്കോസ് കുടകച്ചിറയുടെ നേതൃത്വത്തില്‍ തദ്ദേശിയര്‍ ശ്രമദാനമായി വെട്ടിയ റോഡാണ് കണ്ണോത്ത്-കൈതപൊയില്‍. ജാതിമതഭേദമെന്യേ ദേസിത്തേവൂസച്ചന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോടഞ്ചേരിയിലേയും വേളംകോട് മൈക്കാവ് എന്നീ പള്ളികളിലെ വികാരിമാരുടെ നേതൃത്വത്തില്‍ കുടിയേറ്റ ജനത ഒറ്റ ദിവസം വെട്ടി ഗതാഗത യോഗ്യമാക്കിയ റോഡാണ് 5 കി.മീ ദൂരം വരുന്ന വോളംകോട്-കൂടത്തായി റോഡ്. കോടഞ്ചേരിയിലേക്കുള്ള ഗതാഗത യോഗ്യമായ ഏക പി.ഡബ്ള്യു.ഡി റോഡും ഇപ്പോള്‍ ഇതു തന്നെയാണ്. കൂടാതെ കോടഞ്ചേരിഎല്‍.പി സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ ഓട്, ചുടുകട്ട, കമ്പി എന്നിവ ലോറി ഗതാഗതം സാദ്ധ്യമായ ഈരുട് പുഴ വരെ ലോറിയില്‍ എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. അവിടെ നിന്നും 4 കി.മീ ദുരം മുഴുന്‍ സാധന സാമഗ്രികളും ജനങ്ങള്‍ തലച്ചുമടായാണ് കോടഞ്ചേരിയില്‍ എത്തിച്ചത്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിലെ സാമ്പത്തിക ഞെരുക്കത്തിനും കഠിനമായ രോഗങ്ങള്‍ക്കും ഇടയില്‍ സേവനസന്നദ്ധരായ ജനതയുടെ സഹകരണമാണ് കോടഞ്ചേരിയുടെ ഉയര്‍ച്ചക്ക് കാരണം.

കുടിയേറ്റചരിത്രം

1944-ല്‍ കുടിയേറ്റം ആരംഭിച്ച കാലത്തുതന്നെ ആധുനിക കോടഞ്ചേരിയുടെ രൂപവും ഭാവവും മുന്നില്‍ കണ്ട ആദ്യ കുടിയേറ്റക്കാരനായ വടക്കേല്‍ കൊച്ചേട്ടനാണ് ആധുനിക കോടഞ്ചേരിയുടെ ശില്പി. കോടഞ്ചേരിയിലെ കുടിയേറ്റ ജനതക്ക് പോസ്റ്റോഫീസിന്റെ സേവനം ലഭ്യമായിരുന്നത് ഓമശ്ശേരിയിലായിരുന്നു. 1951 മാര്‍ച്ചില്‍ കോടഞ്ചേരിയില്‍ ബ്രാഞ്ച് പോസ്റ്റോഫീസ് പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് അഞ്ചലോട്ടക്കാരാനായിരുന്നു തപാലുരുപ്പിടികള്‍ എത്തിച്ചിരുന്നത്. അന്നത്തെ ബ്രാഞ്ച് പോസ്റ്റോഫീസ് 72-ല്‍ സബ് പോസ്റ്റോഫീസായി ഉയര്‍ന്നു. കുടിയേറ്റ കാലം മുതല്‍ തന്നെ കുടിയേറ്റ ജനത തങ്ങളുടെ സാംസ്ക്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനായി സംസ്ക്കാരിക സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. കഥാപ്രസംഗം, ബാന്റ് മേളം, നാടകങ്ങള്‍ എന്നിവ പ്രാദേശിക ഉത്സവങ്ങളോടനുബന്ധിച്ചും അല്ലാതെയും നടത്തിയിരുന്നു. നാടകങ്ങള്‍ നടത്തുന്നതിനുള്ള കര്‍ട്ടനും മറ്റുപകരണങ്ങളും സ്വന്തമായി ഉണ്ടായിരുന്ന പേടിക്കാട്ടു കുന്നല്‍ ജോസഫ്, കഥാപ്രാസംഗികനായ ജെ.അബ്രഹാം, നാടകകൃത്തും നടനും സംവിധായകനുമായ ജോസ് വര്‍ഗീസ് ഇവര്‍ക്കെല്ലാം നേതൃത്വം നല്‍കിയ വടക്കേല്‍ കൊച്ചേട്ടന്‍ നമ്പുടാകത്ത് വര്‍ക്കി തുടങ്ങിയവരും ഈ പഞ്ചായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് യത്നിച്ചവരാണ്. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ പ്രാഥമിക വിദ്യാഭ്യാസ സൌകര്യം മാത്രമേ ഏര്‍പ്പെടുത്തുന്നതിന് കഴിഞ്ഞുളളൂ. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് കുന്ദമംഗലത്തോ, കോഴിക്കോട്ടോ പോകേണ്ടിയിരുന്നു. ഇത് വളരെ ചെലവേറിയതുമായിരുന്നു. ഫാദര്‍ ദേസിത്തേവൂസിന്റെ നേതൃത്വത്തില്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചുകിട്ടുന്നതിനായി നടത്തിയ ക്ഷമങ്ങളുടെ ഫലമായി 1954-ല്‍ കോടഞ്ചേരിയില്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന് കോഴിക്കോട് പട്ടണത്തിലെ കോളേജുകളെയാണ് ഈ മലയോര മേഖലയിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത്. 1980 ആഗസ്റ്റ് 15-ന് കോടഞ്ചേരിക്കാര്‍ക്ക് ഓണക്കാല സമ്മാനമായി ഗവണ്‍മെന്റ് കോളേജ് അനുവദിക്കുകയും ചെയ്തു.

ഗതാഗത ചരിത്രം

കുടിയേറ്റത്തിന്റെ ആരംഭഘട്ടത്തില്‍ കോടഞ്ചേരിയിലേയും സമീപപ്രദേശങ്ങളിലേയും ആളുകള്‍ക്കവരുടെ അടിയന്തരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെയും മരുന്നിന്റെയുമൊക്കെ ആവശ്യത്തിന് ആശ്രയിക്കാനുണ്ടായിരുന്നത് കോഴിക്കോട്, മുക്കം ഒരു പരിധി വരെ താമരശ്ശേരി അങ്ങാടികളേയായിരുന്നു, അതുപോലെ തന്നെ മാതൃജില്ലകളായ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെത്തിച്ചേരുവാന്‍ ഏക ആശ്രയവും കോഴിക്കോട് റെയില്‍വേ സ്റ്റേഷനായിരുന്നു. മരുന്നുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി പലപ്പോഴും കോഴിക്കോട് വരെ നടന്നായിരുന്നു ഈ പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാര്‍ പോയിരുന്നത്. കോഴിക്കോട് വയനാട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന സി.ഡബ്ള്യൂ.എം.എസ് കമ്പനിയുടെ ബസ്സുകള്‍ക്കായി മണിക്കൂറുകളോളം ഭാണ്ഡക്കെട്ടുകളും കൈകുഞ്ഞുങ്ങളുമായി കുടിയേറ്റക്കാര്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ കാത്തിരിക്കുന്നത് അക്കാലത്ത് നിത്യകാഴ്ചയായിരുന്നു. കോഴിക്കോട് നിന്ന് ബസ്സു ലഭിച്ചാല്‍ തന്നെ താമരശ്ശേരിയിലോ കൈതപ്പൊയിലോ ബസ്സിറങ്ങി ആന തടിവലിക്കാന്‍ ഉപയോഗിച്ചിരുന്ന ഏലുകളിലൂടെ മണിക്കുറുകള്‍ സഞ്ചരിക്കേണ്ടിയിരുന്നു കോടഞ്ചേരിയിലെത്താന്‍. കോടഞ്ചേരിപഞ്ചായത്തിലെ മൈക്കാവ്, വേളംകോട് ഭാഗങ്ങളിലുള്ളവര്‍ മുക്കത്തുനിന്നും താമരശ്ശേരിയില്‍ നിന്നും കാല്‍നടയായി സഞ്ചരിച്ചാണ് എത്തിയിരുന്നത്. 1944 കാലത്തു തന്നെ ക്രിസ്ത്യന്‍ മിഷനറിമാരുടെ സജീവസാന്നിദ്ധ്യം ഈ മേഖലകളിലുണ്ടായി. വിദ്യാഭ്യാസത്തിലും വികസനത്തിലും ഊന്നിയ ഒരു മതപ്രേഷിതപ്രവര്‍ത്തനവുമായി രംഗത്തുവന്ന ഇവരുടെ നേതൃത്വത്തില്‍ കുടിയേറ്റ ജനത കര്‍മരംഗത്ത് വരികയും അതിന്റെ ഫലമായി ധാരാളം മണ്‍പാതകള്‍ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വരികയുണ്ടായി. അക്കാലത്തെ ഒരു പ്രധാന റോഡായി ഉപയോഗത്തിലുണ്ടായിരുന്ന കോടഞ്ചേരി-കൈനടി എസ്റ്റേറ്റ്-കോടഞ്ചേരിറോഡ്.

സാംസ്കാരിക ചരിത്രം

അഭിമാനകരമായി തഴച്ചുവളര്‍ന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമേഖലയാണ് കോടഞ്ചേരി. കോടഞ്ചേരിയുടെ സാംസ്കാരിക പൈതൃകം തെക്കന്‍ തിരുവിതാംകൂറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ തുടര്‍ച്ചയാണെന്ന് പറയാം. കുടിയേറ്റത്തിന്റെ ആദ്യകാലത്തെ യാതനാപൂര്‍ണ്ണമായ ജീവിത പ്രശ്നങ്ങള്‍ക്കിടയിലും ആത്മാവിലിലഞ്ഞ സംസ്കൃതി പ്രകടമാക്കിയത് ജനജീവിതത്തിന്റെ ഒത്തുചേരലായി മാറിയ പള്ളിപ്പെരുന്നാളിലായിരുന്നു. പ്രസ്തുത തിരുനാള്‍ വേളകള്‍ മോടി പിടിപ്പിക്കാന്‍ രൂപം കൊടുത്ത ബാന്റ് മേളക്കാരായിരുന്നു കോടഞ്ചേരിയിലെ ആദ്യ കലാസംഘം. തൊഴില്‍ സാധ്യതയോടൊപ്പം തന്നെ സംസ്കാരത്തെയും നയിച്ച പ്രശസ്തങ്ങളായ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നഴ്സറി മുതല്‍ ഡിഗ്രി തലം വരെയുള്ള നിരവധി അനൌപചാരിക വിദ്യാലയങ്ങളും കോടഞ്ചേരിഗ്രാമപഞ്ചായത്തിലുണ്ട്. വളരെ മുന്‍പ് തന്നെ കോടഞ്ചേരിയില്‍ പഞ്ചായത്തു ലൈബ്രറി ആരംഭിച്ചിരുന്നു.കേരളത്തിന്റെ കായികഭൂപടത്തില്‍ കോടഞ്ചേരിക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. അന്തരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ച അര്‍ജുന അവാര്‍ഡ് ജേതാവ് സാലി ജോസഫ്, ഇന്ത്യന്‍ യൂത്ത് ഫുട്ബോള്‍ ക്യാപ്റ്റനും പിന്നീട് ദേശീയ ടീമിലെ പ്രശസ്ത കളിക്കാരനുമായിരുന്ന മാതൃു വര്‍ഗ്ഗീസ് തുടങ്ങി നിരവധി കായിക താരങ്ങള്‍ കോടഞ്ചരിയുടെ അഭിമാനഭാജനങ്ങളാണ്. സിനിമാരംഗത്ത് നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച് അവാര്‍ഡ് നേടിയ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ കോടഞ്ചേരിഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. മലയാള സാഹിത്യത്തെ ഭാഷയെ സമ്പന്നമാക്കിയ ജ്ഞാനപീഠം പുരസ്കാര ജേതാവ് എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത കടവ് എന്ന സിനിമയിലെ അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച ബാലനടന്‍ സന്തോഷ് ആന്ററണി നാടിന്റെ കണ്ണിലുണ്ണിയായി. കഥാപ്രസംഗത്തിന് ഏറെ പ്രസക്തിയും ആസ്വാദകരും ഉണ്ടായിരുന്ന കുടിയേറ്റത്തിന്റെ ആരംഭകാലത്ത് മലബാറിലെ പല ഭാഗങ്ങളിലും കഥാപ്രസംഗം നടത്തി ജനശ്രദ്ധ ആകര്‍ഷിച്ച കാഥികനായിരുന്നു ജെ.അബ്രഹാം മാസ്റ്റര്‍. കോടഞ്ചേരിസെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഫാ.ജേക്കബ് ആലുങ്കല്‍ ആണ് ആദ്യമായി കോടഞ്ചേരിിയില്‍ റേഡിയോ കൊണ്ടുവന്നത്. വൈകുന്നരങ്ങളില്‍ വാര്‍ത്ത കേള്‍ക്കുന്ന ഒരു ജനക്കൂട്ടം തന്നെ അന്ന് ഹൈസ്കൂള്‍ വരാന്തയില്‍ ഒത്തുകൂടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഒത്തുചേര്‍ന്ന് നിര്‍മ്മിച്ച കല്ലന്തറമേട് കൂടത്തായി റോഡ് ജനസംസ്ക്കാരത്തിന്റെ ഒത്തുചേരലായി മാറിയ ആദ്യകാല ചരിത്രമാണെങ്കില്‍ ആധുനിക കൂട്ടായ്മയുടെ ചിത്രം തെളിയിക്കുന്ന സംഭവമായിരുന്നു ജീരകപ്പാറ വനസംരക്ഷണ സമരചരിത്രം.