കൊടകര

തൃശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊടകര ബ്ലോക്കിലാണ് കൊടകര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടകര വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കൊടകര ഗ്രാമപഞ്ചായത്തിന് 21.29 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളുള്ള കൊടകര പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് മറ്റത്തൂര്‍, കോടശ്ശേരി പഞ്ചായത്തുകളും, വടക്കുഭാഗത്ത് മറ്റത്തൂര്‍, മൂരിയാട്, പറപ്പൂക്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആളൂര്‍, മുരിയാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലക്കുടി മുനിസിപ്പാലിറ്റിയും, ആളൂര്‍, കോടശ്ശേരി പഞ്ചായത്തുകളുമാണ്. 1952-ന് മുമ്പ് കൊടകര, മറ്റത്തൂര്‍ പ്രദേശങ്ങള്‍ ഒരുമിച്ചുകിടന്നിരുന്ന പഞ്ചായത്തായിരുന്നു. ഈ ഗ്രാമത്തിന്റെ മധ്യത്തിലൂടെ എന്‍.എച്ച്.47 കടന്നുപോകുന്നു. ചെറിയകുന്നുകളും താഴ്വരകളും വിശാലമായ സമതലപ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, ചേന, ഇഞ്ചി എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്. അയ്യന്‍ ചിരികണ്ടന്‍ എന്ന സാമാന്തരാജാവിന്റെ കീഴിലായിരുന്നുതും ഇന്ന് മുകുന്ദപുരം താലൂക്ക് എന്നറിയപ്പെടുന്നതുമായ ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായിരുന്നു കൊടകര. സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും പന്തല്ലൂര്‍ മഠത്തില്‍ കര്‍ത്താക്കള്‍ കോടശ്ശേരി കര്‍ത്താക്കള്‍ക്ക് കൊടുക്കാതെ കൈവശംവച്ച ഈ കരയെ കൊടുക്കാത്ത കര എന്നു വിളിച്ചുവന്നു. ഇതാണ് കാലങ്ങള്‍ക്കു ശേഷം കൊടകര എന്നറിയപ്പെട്ടത്. കൊടകര എന്ന പേരു വന്നതിന്റെ പിന്നിലുള്ള ഏറ്റവും പ്രബലമായ ഐതിഹ്യം ഇതാണ്. കേരളത്തിലെ ഷഷ്ഠി ആഘോഷങ്ങളുടെ പൈതൃകം കൊടകരയ്ക്ക് അവകാശപ്പെട്ടതാണ്. കുന്നത്തൃക്കോവില്‍ ശ്രീസുബ്രഹ്മണ്യക്ഷേത്രത്തില്‍ നടക്കുന്ന ഷഷ്ഠിയാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്ഠി മഹോത്സവം എന്ന് കരുതപ്പെടുന്നു. പ്രശസ്ത സിനിമാ നടി കെ.ആര്‍.വിജയ കൊടകര സ്വദേശിനിയാണ്. കേരളത്തിന്റെ വ്യവസായിക ഭൂപടത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാവുന്ന ഒരു സ്ഥാനം കൊടകരയ്ക്ക് നേടി കൊടുത്തത് പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ് എന്ന സ്വകാര്യസ്ഥാപനമാണ്.