ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

അയ്യന്‍ ചിരികണ്ടന്‍ എന്ന സാമാന്തരാജാവിന്റെ കീഴിലായിരുന്നുതും ഇന്ന് മുകുന്ദപുരം താലൂക്ക് എന്നറിയപ്പെടുന്നതുമായ ഭൂപ്രദേശത്തിലുള്‍പ്പെടുന്ന ഗ്രാമമാണ് കൊടകര. പണ്ടുകാലത്ത് പന്തല്ലൂര്‍ പള്ളത്ത് മഠത്തില്‍ കര്‍ത്താക്കന്മാര്‍ കൈവശമാക്കിവച്ചിരിക്കുകയായിരുന്നു ഈ പ്രദേശം. തുടര്‍ന്ന് കോടശ്ശേരി കര്‍ത്താക്കന്മാര്‍ ബലം പ്രയോഗിച്ചും അല്ലാതെയും പന്തല്ലൂര്‍മഠത്തില്‍ കര്‍ത്താക്കന്മാരുടെ ഒട്ടേറെ ഭൂമി കൈവശപ്പെടുത്തുകയുണ്ടായി. എന്തൊക്കെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും പന്തല്ലൂര്‍ മഠത്തില്‍ കര്‍ത്താക്കള്‍ കോടശ്ശേരി കര്‍ത്താക്കള്‍ക്ക് കൊടുക്കാതെ കൈവശംവച്ച ഈ കരയെ കൊടുക്കാത്ത കര എന്നു വിളിച്ചുവന്നു. ഇതാണ് കാലങ്ങള്‍ക്കു ശേഷം കൊടകര എന്നറിയപ്പെട്ടത്. കൊടകര എന്ന പേരു വന്നതിന്റെ പിന്നിലുള്ള ഏറ്റവും പ്രബലമായ ഐതിഹ്യം ഇതാണ്. ക്ഷേത്രപ്രവേശനവിളംബരം നിയമമാകുന്നതിനു മുമ്പുതന്നെ മനക്കുളങ്ങരപ്രദേശത്ത് ഹരിജനങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തുകയും ക്ഷേത്രക്കുളം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അയിത്തത്തിനും സാമൂഹിക അനാചാരങ്ങള്‍ക്കുമെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന സാമൂഹിക പരിഷ്കരണപ്രവര്‍ത്തനങ്ങളിലും സമരങ്ങളിലും കൊടകരയിലെ ജനങ്ങളും പങ്കാളികളായിരുന്നു. പാലിയംസമരം, കുട്ടംകുളം സമരം എന്നിവ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഡോ.എന്‍.വി.കൃഷ്ണവാരിയര്‍ പത്രാധിപരായി സ്വതന്ത്ര ഭാരതം എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. നിരോധിക്കപ്പെട്ടിരുന്നതിനാല്‍ രഹസ്യമായി കല്ലച്ചില്‍ അച്ചടിച്ചാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അടക്കം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലെ ദേശീയനേതാക്കള്‍ കൊടകര സന്ദര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടശേഷം സി.അച്ച്യുതമേനോന്‍ കേരളനിയമസഭയില്‍ അംഗമായത് കൊടകരയില്‍നിന്നാണ്. കൊടകരയിലെ പൂനിലാര്‍ക്കാവ് ക്ഷേത്രത്തിന് രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൊടകര കുന്നത്തുക്കോവില്‍, പുത്തുക്കാവ് ദേവീക്ഷേത്രം, കണ്ടംകുളങ്ങര ക്ഷേത്രം, പുതുകുളങ്ങര ക്ഷേത്രം, മനകുളങ്ങര വിഷ്ണുക്ഷേത്രം, കരുപ്പാകുളങ്ങര ശ്രീധര്‍മ്മാശാസ്താക്ഷേത്രം, ഈശ്വരമംഗലം ശിവക്ഷേത്രം, പൂതികുളങ്ങര ശ്രീകൃഷ്ണക്ഷേത്രം എന്നീ ഹൈന്ദവാരാധനാലയങ്ങളും, പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള പള്ളിയായ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി, തേശ്ശേരി പള്ളി എന്നീ ക്രിസ്തീയ ദേവാലയങ്ങളും ഒരു മുസ്ലീംപള്ളിയുമാണ് കൊടകരയിലെ പ്രധാന ആരാധനാകേന്ദ്രങ്ങള്‍. കേരളത്തിലെ ഷഷ്ഠി ആഘോഷങ്ങളുടെ പൈതൃകം കൊടകരയ്ക്ക് അവകാശപ്പെട്ടതാണ്. കുന്നത്തൃക്കോവില്‍ ശ്രീസുബ്രഹ്മണ്യക്ഷേത്രത്തില്‍ നടക്കുന്ന ഷഷ്ഠിയാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്ഠി മഹോത്സവം എന്ന് കരുതപ്പെടുന്നു. കൊടകര പഞ്ചായത്തില്‍ 1950-കള്‍ക്ക് മുമ്പുതന്നെ വ്യാവാസായികമുന്നേറ്റത്തിനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു കൊടകരയിലെ ഗ്രാമോദ്ധോരണം. ഇതില്‍ 20 തറികളുള്ള ഒരു നെയ്ത്തുകേന്ദ്രം ഉണ്ടായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നിരവധി നൂല്‍നൂല്‍പ്പു കേന്ദ്രങ്ങളും ഒരു തുണിവിപണനകേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു. കൊടകരയില്‍ ഒരു തുണിമില്‍ സ്ഥാപിക്കുന്നതിനു താല്‍പര്യപ്പെട്ട അളഗപ്പചെട്ടിയാര്‍ ഇവിടെ സ്ഥലം ലഭിക്കാതിരുന്നതുകൊണ്ടാണ് ആമ്പല്ലൂരില്‍ കമ്പനി സ്ഥാപിച്ചത്. ആദ്യകാലവ്യവസായങ്ങളെന്ന നിലയില്‍ കൊടകരയില്‍ ഉണ്ടായിരുന്നത് ഒരു റൈസ്മില്ലും, ഒരു തീപ്പെട്ടിക്കമ്പനിയും ഒരു ഓട്ടുകമ്പനിയുമാണ്. കേരളത്തിന്റെ വ്യവസായികഭൂപടത്തില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കാവുന്ന ഒരു സ്ഥാനം കൊടകരയ്ക്ക് നേടിക്കൊടുത്തത് പേരാമ്പ്രയിലെ അപ്പോളോടയേഴ്സ് എന്ന സ്വകാര്യസ്ഥാപനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ആരംഭിച്ച ലോവര്‍ പ്രൈമറിസ്കൂളാണ് ഔപചാരിക വിദ്യാഭ്യാസരംഗത്തെ കൊടകരയുട ആദ്യത്തെ കാല്‍വെയ്പ്. പടിഞ്ഞാറെകുന്നത്ത് മൂസ്സ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1908-ല്‍ ആരംഭിച്ച ആ വിദ്യാലയമാണ് ഇന്ന് കൊടകരയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:എല്‍.പി.സ്കൂള്‍. പിന്നീട് ഈ സ്കൂളിനോട് ചേര്‍ന്ന് ലോവര്‍ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിക്കുകയുണ്ടായി. ഇന്ന് ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേററ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി.സ്കൂള്‍ തുടങ്ങിയത് 1924-ലാണ്. തേശ്ശേരിയിലും ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുകയും കാലക്രമേണ അത് യു.പി.ആക്കി ഉയര്‍ത്തുകയും ചെയ്തു. 1948-ല്‍ മനക്കുളങ്ങര കെ.വി.യു.പി.എസ്.ആരംഭിച്ചു. 1948-ല്‍ തന്നെയാണ് കൊടകര ഡോണ്‍ ബോസ്കോ എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വിദ്യാലയം 1966-ല്‍ യു.പി.ആയും 1982-ല്‍ ഹൈസ്കൂളായും ഉയര്‍ന്നു. ഇന്ന് കൊടകരയിലെന്നല്ല, സമീപ പ്രദേശങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയം ആണിത്. 1965-ല്‍ സ്ഥാപിതമായ ജവഹര്‍ വായനശാല (കൊപ്രക്കളം), 50-ലേറെ കൊല്ലത്തെ പഴക്കമുള്ള യൂണിയന്‍ വായനശാല (വല്ലപ്പാടി) എന്നീ ഗ്രന്ഥശാലകള്‍ ഈ പഞ്ചായത്തിലെ സാംസ്കാരികരംഗത്തെ മുതല്‍കൂട്ടാണ്.