പഞ്ചായത്തിലൂടെ

കൊടകര - 2010

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ കൊടകര ബ്ളോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ് കൊടകര ഗ്രാമപഞ്ചായത്ത്.1963 മേയ് 6-നാണ് പഞ്ചായത്ത് ഔദ്യോഗികമായി രൂപീകരിച്ചത്. അതിരുകള്‍ വടക്കുഭാഗത്ത് മറ്റത്തൂര്‍, മുരിയാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലക്കുടി മുനിസിപ്പാലിറ്റിയും, ആളൂര്‍, കോടശ്ശേരി പഞ്ചായത്തുകളും കിഴക്കുഭാഗത്ത് മറ്റത്തൂര്‍, കോടശ്ശേരി പഞ്ചായത്തുകളും പടിഞ്ഞാറ് ആളൂര്‍, മുരിയാട് പഞ്ചായത്തുകളുമാണ്. 33245 വരുന്ന മൊത്തം ജനസംഖ്യയില്‍ 16793 പേര്‍ സ്ത്രീകളും 16452 പേര്‍ പുരുഷന്‍മാരും ഉള്‍പ്പെടുന്നു. മൊത്തം ജനതയുടെ സാക്ഷരത 95.8% ആണ്. പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 65 പൊതുകിണറുകളും നിരവധി സ്വകാര്യ കിണറുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 42 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്ത് സംവിധാനത്തില്‍ ഇവിടെയുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 4 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും, രണ്ടു നീതിസ്റ്റോറുകളും പൊതുവിതരണമേഖലയിലെ മറ്റു സംവിധാനങ്ങളാണ്. 677 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.

കാര്‍ഷികരംഗം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് കൊടകര ഗ്രാമപഞ്ചായത്ത്. പുലിപ്പാറകുന്ന് ആനത്തടംകുന്ന്, കുന്നത്തറ കുന്ന്, നാടുകുന്ന്, ചെറുകുന്ന് എന്നിവ കുന്നുകളില്‍ ചിലതാണ്. കനകമല എന്നപേരില്‍ ഒരു മലയും പഞ്ചായത്തില്‍ ഉണ്ട്. ചരല്‍മണ്ണും, കൃഷിക്ക് അനുയോജ്യമായ ചെളിമണ്ണുമാണ് ഈ പഞ്ചായത്തിലെ പ്രധാന മണ്‍തരങ്ങള്‍. നെല്ല്, കവുങ്ങ്, വാഴ, മരച്ചീനി, റബ്ബര്‍, തെങ്ങ്, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന വിളകള്‍. 30 ഓളം കുളങ്ങളും നിരവധി തോടുകളുമാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍. കൃഷിയാവശ്യങ്ങള്‍ക്ക് ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകമായിരിക്കും. ബ്ളാച്ചിറ കനാല്‍, കൊടകര-മനക്കുളങ്ങര കനാല്‍, ആറേശ്വരം ബ്രാഞ്ച് കനാല്‍ എന്നിവ പരിപാലിക്കേണ്ടതും ഈ പ്രദേശത്തിന്റെ കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും പുരോഗതിക്കും അത്യാവശ്യമാണ്.

വ്യവസായികരംഗം

കൊടകര പഞ്ചായത്തില്‍ 50 കള്‍ക്ക് മുന്‍പ് തന്നെ വ്യാവസായിക മുന്നേറ്റത്തിനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. അപ്പോളോ ടയേര്‍സ്, സ്പിന്നിംഗ് മില്ല് എന്നീ വന്‍കിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. പാല്‍വ്യവസായം, ഇലക്ട്രോണിക്സ്, റെഡിമെയ്ഡ് എന്നീ ഇടത്തരം വ്യവസായങ്ങള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. പഞ്ചായത്തില്‍ ഒട്ടനവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെളിച്ചെണ്ണ നിര്‍മ്മാണം, സോപ്പ്, തടി, ഓട്ടു വ്യവസായം തുടങ്ങിയവ ചെറുകിട വ്യവസായങ്ങളില്‍ ഉള്‍പ്പെടുന്നു. കാര്‍ഷികോപകരണങ്ങള്‍, മണ്‍പാത്രനിര്‍മ്മാണം, നെയ്ത്തുല്‍പന്നങ്ങള്‍ എന്നീ പരമ്പരാഗത വ്യവസായങ്ങളും നിലവിലുണ്ട്. പഞ്ചയാത്തിലെ പെട്രോള്‍ബങ്കുകള്‍ കൊടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. ഭാരത് ഗ്യാസ് ഏജന്‍സിയുടെയും ഇന്‍ഡെയ്ന്‍ ഗ്യാസ് ഏജന്‍സിയുടെയും ഓരോ ശാഖകള്‍ പഞ്ചായത്തില്‍ നിലകൊള്ളുന്നു.

വിദ്യാഭ്യാസരംഗം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ആരംഭിച്ച ലോവര്‍ പ്രൈമറി സ്ക്കൂളാണ് ഔപചാരിക വിദ്യാഭ്യാസരംഗത്തെ കൊടകരയുടെ ആദ്യത്തെ കാല്‍വെയ്പ്. 1944-ല്‍ കൊടകരയില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിച്ചതോടെ എസ്.എസ്.എല്‍.സി വരെ പഠിക്കാനുളള സൌകര്യം പഞ്ചായത്തിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി.2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍മേഖലയില്‍ ഒരു ഹയര്‍സെക്കന്ററി സ്ക്കൂളും രണ്ടു ഹൈസ്ക്കൂളുകളും ഒരു ലോവര്‍ പ്രൈമറിസ്ക്കൂളും പ്രവര്‍ത്തിച്ചുവരുന്നു.സ്വകാര്യമേഖലയില്‍ ആറു സ്ക്കൂളുകള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. ഇതുകൂടാതെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൌകര്യം ഒരുക്കികൊണ്ട് സ്വകാര്യ മേഖലയില്‍ മൂന്ന് കോളേജുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സ്ഥാപനങ്ങള്‍

മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി കൊടകരയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പന്നി, കോഴി, മുയല്‍, മുട്ടക്കോഴി, പശു എന്നിവയുടെ പരിപാലനകേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. ദേശസാല്‍കൃത ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക്, ടീച്ചേഴ്സ് സഹകരണ ബാങ്ക്, കൊടകര കര്‍ഷക തൊഴിലാളി സഹകരണ സംഘം എന്നിവ സഹകരണ മേഖലയിലെ സ്ഥാപനങ്ങളാണ്. സ്വകാര്യ ബാങ്കുകളായ ധനലക്ഷ്മി, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓരോ ശാഖകളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍,പുലിപ്പാറകുന്ന് കമ്മ്യൂണിറ്റിഹാള്‍ എന്നിവയും ഒരു സ്വകാര്യ കല്യാണമണ്ഡപവും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ്, വില്ലേജ് ഓഫീസ്, ടെലഫോണ്‍ എക്സ്ചേഞ്ച് എന്നിവ കൊടകരയില്‍ നിലകൊള്ളുന്നു. കൊടകരയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൃഷിഭവന്‍, മൈനര്‍ ഇറിഗേഷന്‍, ട്രസ്റ്റ് ചെക്ക് പോസ്റ്റ് എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. പേരമ്പ്ര ജംഗ്ഷനില്‍ കൊടകര പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. അപ്പോളോ ടയേഴ്സ് ആണ് പ്രധാന സ്വകാര്യ സ്ഥാപനം. 4 തപാല്‍ ഓഫീസുകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി സ്ഥിതിചെയ്യുന്നു.

ഗതാഗതരംഗം

ദേശീയപാത 47-ന്റെ ആറുകിലോമീറ്റര്‍ പഞ്ചായത്തില്‍ കൂടികടന്നുപോകുന്നു. 84 കി.മി ദൈര്‍ഘ്യം വരുന്ന പഞ്ചായത്തു റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ ആവശ്യമായിവരുന്നു. വിദേശയാത്രകള്‍ക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്നനിലയില്‍ കൊച്ചിതുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. കൊടകര ബസ് സ്റ്റാന്റ് ആണ് പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സ്ഥലം. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍, കൊടകര മേല്‍പാലം ഉള്‍പ്പെടെ ഏട്ടുപാലങ്ങള്‍ പഞ്ചായത്തിന്റെ റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിലകൊള്ളുന്നു.

വാണിജ്യരംഗം

പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് കൊടകര, പേരാമ്പ്ര എന്നീ സ്ഥലങ്ങള്‍. കൊടകരയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് ഷോപ്പിംഗ് കോപ്ളക്സ് ഉള്‍പ്പെടെ രണ്ടു ഷോപ്പിംഗ് കോംപ്ളക്സുകള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. കൊടകരയില്‍ ഒരു മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

സാംസ്കാരികരംഗം

നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. കരുപ്പാകുളങ്ങര, കണ്ടംകുളങ്ങര, മനക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും തേശ്ശേരി പള്ളി, ദേവമാതാപള്ളി, കൊടകര സെന്റ് ജോസഫ് തുടങ്ങിയ ക്രിസ്ത്യന്‍ പള്ളികളും ഹനഫി ജുമാമസ്ജിദും പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ഉത്സവം, പള്ളിപെരുന്നാള്‍, തിരുനാള്‍ എന്നീ വിവിധ ആഘോഷ പരിപാടികള്‍ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. നാടകരംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച കൊടകര മാധവന്‍, സാഹിത്യനിരൂപകനായ എം.എസ്.മേനോന്‍, പത്രാധിപര്‍ ആയിരുന്ന ഡോ.വി.കൃഷ്ണവാര്യര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ മണ്‍മറഞ്ഞുപോയ സവിശേഷ വ്യക്തിത്വങ്ങളാണ്. സിനിമാതാരമായ കെ.ആര്‍.വിജയ, ഹരിജന മുന്നറ്റത്തിനായി പ്രവര്‍ത്തിച്ച പി.പി.കുഞ്ഞിപ്പേങ്ങന്‍, പി.സി. വേലായുധന്‍, സി.പി.കണ്ണന്‍ എന്നിവരും ഈ പഞ്ചായത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖരാണ്. കലാവേദി, രഞ്ജിനി തീയേറ്റേഴ്സ്, സഹൃദയവേദി തുടങ്ങിയ ക്ളബുകള്‍ കലാരംഗത്തും, അമേച്വര്‍ ഫുട്ബോള്‍ അസോസിയേഷന്‍, വിക്ടറിക്ളബ്, യങ്ങസ്റ്റേര്‍സ് ക്രിക്കറ്റ് ക്ളബ് എന്നിവ കായികരംഗത്തും സമഗ്രമായ സംഭാവനകള്‍ നല്‍കിവരുന്നു. അഴകം,വല്ലപ്പടി, കാവുന്തറ, മൈത്രിനഗര്‍, വട്ടേക്കാട്, പുലിപ്പാറകുന്ന്, മനക്കുളങ്ങര ഗാന്ധിനഗര്‍ എന്നിവിടങ്ങളിലായി എട്ടു സാംസ്കാരിക സ്ഥാപനങ്ങളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തുവായനശാല ഉള്‍പ്പെടെ ഏഴുവായനശാലകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു.

ആരോഗ്യരംഗം

ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. അലോപ്പതി മേഖലയില്‍ ആറു സ്വകാര്യ ആശുപത്രികള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, കൊടകര പി.എച്ച്.സി, ഹോമിയോ ആശുപത്രി കനകമാല എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. പ്രാഥമിക ഉപകേന്ദ്രങ്ങളുടെ 4 സബ് സെന്ററുകള്‍ തേശ്ശേരി, കനകമാല, കാരൂര്‍, വട്ടേക്കാട് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ആയുര്‍വേദം, ഹോമിയോപ്പതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ശാന്തി ആശുപത്രി, പീപ്പിള്‍സ് ആശുപത്രി എന്നിവയുടെ ആംബുലന്‍സ് സേവനങ്ങള്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ലഭ്യമാണ്.