കിടങ്ങൂര്‍

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പാമ്പാടി ബ്ളോക്കില്‍ കിടങ്ങൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കിടങ്ങൂര്‍  ഗ്രാമപഞ്ചായത്ത്. 25.12 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കടപ്ളാമറ്റം, കരൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കാണക്കാരി, ഏറ്റുമാനൂര്‍ പഞ്ചായത്തുകള്‍, തെക്ക് അയര്‍കുന്നം, അകലക്കുന്നം പഞ്ചായത്തുകള്‍ എന്നിവയാണ്. പ്രകൃതിസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് കിടങ്ങൂര്‍. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍പ്പെട്ട ഈ പ്രദേശം മീനച്ചിലാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രവും സാംസ്ക്കാരിക പാരമ്പര്യവും ഈ ഗ്രാമത്തിനുണ്ട്. അറിയപ്പെടുന്ന ചരിത്രകാലത്ത് കോട്ടയവും സമീപപ്രദേശങ്ങളും വെമ്പലനാടിന്റെ ഭാഗമായിരുന്നു. ചേരരാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുന്നു വെമ്പലനാട്. 11-ാം ശതകത്തില്‍ ചേരരാജ്യം തകര്‍ന്നപ്പോര്‍ വെമ്പലനാടും ഛിന്നഭിന്നമായി. വടക്കുംകൂര്‍, കിഴുമലനാട്, തെക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ ആ രാജ്യം പലതായി വിഭജിക്കപ്പെട്ടു. അതില്‍ തെക്കുംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം വെന്നിമലയിലും പിന്നീട് തളിയിലും ആയിരുന്നു. ഈ തെക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു കിടങ്ങൂര്‍. വടക്കുംകൂര്‍ രാജ്യത്തിന്റെ അതിര്‍ത്തികൂടി ചേര്‍ന്ന ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് പണ്ട് കിടങ്ങും കോട്ടയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കിടങ്ങുള്ള ഊരാണ് കിടങ്ങൂര്‍ എന്ന പേരിലറിയപ്പെടുന്നത്. സാംസ്ക്കാരികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ജനത തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമാണ് കിടങ്ങൂര്‍. വിവിധ ആചാരാനുഷ്ഠാനങ്ങളോടെ ജിവിക്കുന്ന ഹിന്ദു ക്രിസ്ത്യന്‍ ജനതയും രണ്ടിന്റേയും അവാന്തര വിഭാഗങ്ങളും പരസ്പരം ധാരണയോടും വിശ്വാസത്തോടും ജീവിച്ചുപോരുന്നു. അന്യസ്ഥലങ്ങളില്‍ നിന്നും കുടിയേറ്റം നടത്തിയെന്നു വിശ്വസിക്കാവുന്ന തമിഴ് ബ്രാഹ്മണരും, തമിഴ് വിശ്വകര്‍മ്മജരും വീടുകളില്‍ പരസ്പരം സംസാരിക്കുവാന്‍ അവരുടേതായ ഭാഷ ഉപയോഗിക്കുന്നു എങ്കിലും സമൂഹത്തില്‍ അവരും നമ്മുടെ ഭാഷയും ജീവിതരീതിയും ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സംസ്കാരവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു എന്നതിന് തെളിവാണ്. ഏതാണ്ട് 26 ല്‍ പരം ജാതിമത വര്‍ഗ്ഗത്തില്‍ പെടുന്നവര്‍ താമസിച്ചുവരുന്ന ഈ ഗ്രാമത്തില്‍ മുസ്ളീങ്ങളുടെ എണ്ണം നാമമാത്രമാണ്. കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളുമടക്കം പ്രശസ്തങ്ങളായ 12 ക്ഷേത്രങ്ങളും പുരാതനമായ 9 ക്രിസ്ത്യന്‍ ആരാധനാലയവും ഗുരുമന്ദിരങ്ങളുമടക്കമുള്ള മറ്റ് ആരാധനാലയങ്ങളും ഇവിടുത്തെ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ത്തിച്ചിരുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. തുള്ളല്‍പ്പാട്ടിന്റെ ഉപജ്ഞാതാവും മഹാനുമായിരുന്ന കവി കുഞ്ചന്‍ നമ്പ്യാര്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കിടങ്ങൂര്‍ ഗ്രാമത്തിന്റെ സന്തതിയായി കഴിഞ്ഞിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഗുരുവായിരുന്ന കിടങ്ങൂര്‍ രാമപിഷാരടി, പ്രശസ്ത കഥകളി നടന്‍ നളനുണ്ണി, കൂത്ത്, കൂടിയാട്ടം എന്നിവയില്‍ പ്രശസ്തനായ പൈങ്കുളം നാരായണ ചാക്യാര്‍, തച്ചുശാസ്ത്ര വിശാരദന്‍, കറുത്ത കുഞ്ഞാശ്ശാരി, മാര്‍ഗ്ഗംകളി പ്രചാരകനായിരുന്ന കാക്കനാട്ട് ആശാന്‍, ആയൂര്‍വദ ചികിത്സാരംഗത്തെ പ്രമുഖര്‍ തുടങ്ങി ഒട്ടനവധിപേര്‍ ഇവിടുത്തെ സാംസ്കാരിക വളര്‍ച്ചക്ക് വലിയ പങ്ക് വഹിച്ചവരാണ്.