പഞ്ചായത്തിലൂടെ

കേളകം - 2010

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കേളകം ഗ്രാമപഞ്ചായത്ത്. 1950-ല്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചപ്പോള്‍ ഇന്നത്തെ കേളകം പഞ്ചായത്ത് മണത്തണ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1972 ഫെബ്രുവരി 11-ാം തീയതിയാണ് കേളകം പഞ്ചായത്ത് ഔദ്യോഗികമായി രൂപീകൃതമായത്. 77.92 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകള്‍, കര്‍ണാടകാ സ്റ്റേറ്റ്, തെക്കുഭാഗത്ത് തവിഞ്ഞാല്‍ (വയനാട്), കണിച്ചാര്‍ പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് കൊട്ടിയൂര്‍ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് മുഴക്കുന്ന്, കണിച്ചാര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. 17187 വരുന്ന മൊത്തം ജനസംഖ്യയില്‍ 8782 സ്ത്രീകളും 8405 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 93 ശതമാനമാണ്. കേളകം ഗ്രാമപഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 17 പൊതു കിണറുകളും നിരവധി സ്വകാര്യ കിണറുകളും പഞ്ചായത്ത് നിവാസികള്‍ ശുദ്ധജലത്തിനായി  ആശ്രയിക്കുന്നു. 108 പൊതു കുടിവെള്ള ടാപ്പുകളും ഇവിടെയുണ്ട്. 115 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ കുത്തനെയുള്ള ചെരിവ്, മിതമായ ചെരിവ്, ഉയര്‍ന്ന പ്രദേശം, താഴ്വാരം, സമതലം, പുഴയോരം എന്നിവ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചരല്‍ കലര്‍ന്ന ചുവന്ന മണ്ണും, പുഴയോരങ്ങളില്‍ മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണും, സമതലങ്ങളില്‍ ചെങ്കല്‍ കലര്‍ന്ന മണ്ണും കണ്ടു വരുന്നു. ശാന്തിഗിരികുന്ന്, വെള്ളൂന്നികുന്ന് എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളാണ്. കുടിയേറ്റകാലത്ത് കാട് വെട്ടിത്തളിച്ച് പുനകൃഷിയും മരച്ചീനി, ഇഞ്ചിപ്പുല്ല് തുടങ്ങിയവയുമാണ് കൃഷി ചെയ്തുവന്നിരുന്നത്. നെല്ല്, റബ്ബര്‍, അടയ്ക്ക, മരച്ചീനി എന്നിവയാണ് ഇന്നു കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. കൊട്ടിയൂര്‍ വനത്തില്‍ നിന്നും വയനാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന ചെറു പുഴകള്‍ ചേര്‍ന്ന് രൂപം കൊണ്ട ബാവലി പുഴയും വടക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണിപുഴയും 22 തോടുകളും 316 പൊതു കുളങ്ങളും നിരവധി നീര്‍ച്ചാലുകളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചായത്തിന്റെ വിസ്തൃതിയുടെ  അഞ്ച് ശതമാനം കണ്ടല്‍കാടുകളാണ്.എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ പഞ്ചായത്തിലില്ലായെങ്കിലും ഇടത്തരം വ്യവസായങ്ങളായ തടിമില്ലുകള്‍, ഫ്ളോര്‍ മില്ലുകള്‍ എന്നിവയുടെ മൂന്നു യൂണിറ്റുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തില്‍ നിലവിലുള്ള ചെറുകിട വ്യവസായങ്ങളാണ് ചെട്ടയാംപറമ്പ്, വെള്ളൂന്നി എന്നിവിടങ്ങളിലെ മാറ്റു നെയ്ത്തുശാലകള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് എന്നിവയുടെ പെട്രോള്‍ ബങ്കുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കാര്‍ഷികനാണ്യ വിളകളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ സംരംഭങ്ങള്‍ക്കാണ് ഈ പഞ്ചായത്തില്‍ ഏറെ സാധ്യതകളുള്ളത്.ഇന്ന് തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള മഞ്ഞളാംപുറം യു.പി. സ്കൂളാണ് ഈ പഞ്ചായത്തിലെ  പ്രഥമ വിദ്യാലയം. 1964-ല്‍ കേളകത്ത് ഒരു ഹൈസ്കൂള്‍ ആരംഭിച്ചതോടെ എസ്.എസ്.എല്‍.സി. വരെ പഠിക്കാനുള്ള സൌകര്യം പഞ്ചായത്തിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി. 2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ രണ്ടു യു.പി.സ്കൂളുകളും ഒരു എല്‍.പി.സ്കൂളും പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ എണ്ണം 7 ആണ്.മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഒരു മൃഗാശുപത്രി അടയ്ക്കാത്തോടില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഐ.സി.ഡി.പി. സെന്ററിന്റെ രണ്ടു ശാഖകള്‍ കേളകം, വെള്ളൂന്നി എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു. ഫെഡറല്‍ ബാങ്കിന്റേയും നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റേയും ഓരോ ശാഖകള്‍ കേളകത്ത് സ്ഥിതിചെയ്യുന്നു. കേളകത്ത് പ്രവര്‍ത്തിച്ചുവരുന്ന സര്‍വ്വീസ് സഹകരണബാങ്ക്, കണ്ണൂര്‍ ജില്ല സഹകരണബാങ്കിന്റെ ശാഖ, പേരാവൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ശാഖ എന്നിവ സഹകരണ മേഖലയിലെ സ്ഥാപനങ്ങളാണ്. അടയ്ക്കാതോട്, വളയംചാല്‍ കോളനി, കുണ്ടേരി എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റിഹാളുകള്‍ സ്ഥിതിചെയ്യുന്നു. ഇതു കൂടാതെ രണ്ടു സ്വകാര്യ കല്ല്യാണമണ്ഡപങ്ങള്‍ കേളകത്ത് സ്ഥിതി ചെയ്യുന്നുണ്ട്. വൈദ്യുതി ബോര്‍ഡ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, കൃഷി ഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ കേളകത്ത് സ്ഥിതിചെയ്യുന്നു. കേളകം, അടയ്ക്കാതോട്, ശാന്തിഗിരി, ചെട്ടിയാംപറമ്പ്, വെള്ളൂന്നി എന്നിവിടങ്ങളിലാണ്  പോസ്റ്റ് ഓഫീസുകള്‍ നിലകൊള്ളുന്നത്. ഇത് കൂടാതെ മൂന്ന് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങളും പഞ്ചായത്തില്‍ നിലവിലുണ്ട്.കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ ഈ പഞ്ചായത്തിന്റെ അക്കരെ ഭാഗത്തുള്ള ജനങ്ങള്‍ വര്‍ഷകാലത്ത് ബാവാലിപുഴ കടന്ന് പുറംലോകവുമായി ബന്ധപ്പെടുന്നതിന് കടത്തു തോണിയേയും ചങ്ങാടത്തേയും ആശ്രയിച്ചിരുന്നു. 1972-ല്‍ കേളകം പഞ്ചായത്ത് രൂപീകൃതമാകുമ്പോള്‍ പേരാവൂര്‍-കൊട്ടിയൂര്‍ റൂട്ടില്‍ കണിച്ചാര്‍ രണ്ടാംപാലം മുതല്‍ കുണ്ട്തോട് വരെയുള്ള 5 കി.മീ. മണ്‍റോഡ് മാത്രമായിരുന്നു പി.ഡബ്ല്യൂ.ഡി. ഉടമസ്ഥതയിലുണ്ടായിരുന്നത്. തലശ്ശേരി-കൊട്ടിയൂര്‍ റോഡ് പഞ്ചായത്തിലെ ഒരു പ്രധാന ഗതാഗതയോഗ്യമായ റോഡാണ്. പഞ്ചായത്ത് റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യം അത്യന്താപേക്ഷിതമാണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തേയാണ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ മംഗലാപുരം തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത് കേളകം ബസ്സ്റ്റാന്റിലാണ്. ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നവയാണ് ഇവിടുത്തെ പാലങ്ങള്‍. ബാവാലിപുഴപാലം, കേളകം പാലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങള്‍.പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളാണ് കേളകം,അടക്കാത്തോട് എന്നീ സ്ഥലങ്ങള്‍. കേളകം ബസ് സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ളക്സ് സ്ഥിതിചെയ്യുന്നു.ആദിവാസികളുടെ മാത്രം വാസസ്ഥലമായിരുന്ന ഇവിടം തിരുവിതാംകൂറുകാരായ കുടിയേറ്റക്കാരുടെ സംസ്കാരത്തിന് വഴിമാറികൊടുക്കുകയായിരുന്നു. 15-ഓളം ക്രിസ്തീയ ആരാധനാലയങ്ങളും 4-ഓളം ഹൈന്ദവ ആരാധനാലയങ്ങളും 3 മുസ്ളീം പള്ളികളും ഇവയ്ക്കു പുറമേ കാലാകാലങ്ങളിലെ ആഘോഷങ്ങള്‍ക്കായി താത്കാലിക ആരാധനാ കേന്ദ്രങ്ങളും  ഉണ്ട്. ഇവ പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു. കാലാകാലങ്ങളില്‍ നടക്കുന്ന പെരുന്നാളുകളും ഉത്സവങ്ങളും ഒരു സാമൂഹിക ഒത്തുചേരലിന്  ഇടനല്‍കുന്നു. സാമൂഹ്യ സേവന മേഖലയിലെ സജീവപ്രവര്‍ത്തകരായിരുന്ന കെ.ആര്‍.അയ്യപ്പന്‍കുഞ്ഞ്, ഫാദര്‍ വടക്കന്‍ എന്നിവര്‍ ഈ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളായിരുന്നു. കലാ-കായിക-സാംസ്കാരിക രംഗങ്ങളിലായി 8 ക്ളബ്ബുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ സാംസ്കാരിക പുരോഗതിക്കായി ഒരു ഗ്രന്ഥശാല കേളകത്ത് പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ കേളകം, വെള്ളൂന്നി, പാറത്തോട്, കുണ്ടേരി, ശാന്തിഗിരി, ചെട്ട്യാംപറമ്പ് എന്നിവിടങ്ങളില്‍ വായനശാലകള്‍ സ്ഥിതിചെയ്യുന്നു.ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവ.ആയുര്‍വദ ഡിസ്പെന്‍സറി, ഗവ. ഹോമിയോ ഡിസ്പെന്‍സറി, അലോപ്പതി വിഭാഗത്തിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍, ഒരു ഹോമിയോ ക്ളിനിക് എന്നിവ കേളകത്ത് സ്ഥിതിചെയ്യുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം കേളകത്ത് നിലകൊള്ളുന്നു. ഇതിന്റെ രണ്ട് സബ്സെന്ററുകള്‍ അടക്കാത്തോട്, വെള്ളൂന്നി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കേളകത്ത് പ്രവര്‍ത്തിച്ചു വരുന്ന വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സ് സേവനം പഞ്ചായത്ത് നിവാസികള്‍ക്ക് ലഭ്യമാണ്.