കേളകം

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കിലാണ് കേളകം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേളകം, കണിച്ചാര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കേളകം ഗ്രാമപഞ്ചായത്തിനു 77.92 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകള്‍, കര്‍ണാടകാ സ്റ്റേറ്റ്, തെക്കുഭാഗത്ത് തവിഞ്ഞാല്‍ (വയനാട്), കണിച്ചാര്‍ പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് കൊട്ടിയൂര്‍ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് മുഴക്കുന്ന്, കണിച്ചാര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. പശ്ചിമഘട്ടമലനിരകളുടെ ഭാഗവും നീലഗിരിക്കുന്നുകളുടെ തുടര്‍ച്ചയുമായ ഭൂപ്രദേശമാണ് കേളകം പഞ്ചായത്ത്. കുടകുമലയോടു ചേര്‍ന്നുകിടക്കുന്ന അടക്കാത്തോടും, ബാവലിപ്പുഴയുടെ തീരപ്രദേശവും ഈ ഗ്രാമത്തെ പ്രകൃതിമനോഹരമാക്കുന്നു. കൊട്ടിയൂര്‍ വനത്തില്‍ നിന്നും വയനാട്ടില്‍ നിന്നും ഒഴുകിവരുന്ന ചെറുപുഴകള്‍ ഒന്നിച്ചുചേര്‍ന്നു രൂപംകൊള്ളുന്ന ബാവലിപ്പുഴ സമതലങ്ങളെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് ഏകദേശം ആറു കിലോമീറ്ററോളം കേളകം പഞ്ചായത്തിലൂടെ ഒഴുകുന്നു. ചീങ്കണ്ണിപ്പുഴയും, വടക്കേ വയനാട് ഫോറസ്റ്റും, ബാവലിപ്പുഴയുടെ ഭാഗവും, കൊട്ടിയൂര്‍ റിസര്‍വ്വുവനവും ഈ പഞ്ചായത്തിന്റെ അതിര്‍ത്തികളില്‍ സ്ഥിതി ചെയ്യുന്നു. സാമാന്യം വിസ്തൃതമായ കേളകം പഞ്ചായത്ത് ഭൂപ്രകൃതിയുടെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്നു. കേളകം ഗ്രാമപഞ്ചായത്ത് മലയോര കുടിയേറ്റ കര്‍ഷക ഗ്രാമമാണ്. തെക്കും, വടക്കും, കിഴക്കും അതിരുകളില്‍ വന്‍മലനിരകളാല്‍ പ്രകൃതിതന്നെ സംരക്ഷണം നല്‍കുന്ന ഭൂപ്രദേശമാണ് ഇത്.