പഞ്ചായത്തിലൂടെ

കീഴാറ്റൂര്‍ - 2010

മഹാകവി പൂന്താനത്തിന്റെ ജന്മനാടായ കീഴാറ്റൂര്‍ പഞ്ചായത്തിന് മഹത്തായ ഒരു സാംസ്കാരിക പൈതൃകമാണുള്ളത്. 1962 ജനുവരി ഒന്നിനാണ് കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 1964 ജനുവരി ഒന്നിനാണ് പഞ്ചായത്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വരുന്നത്. 40.93 ച.കി.മീ വിസ്തൃതിയാണ് പഞ്ചായത്തിലെ 31604 വരുന്ന ജനസംഖ്യയില്‍ 16436 പേര്‍ സ്ത്രീകളും, 15168 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 94.3% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് കീഴാറ്റൂര്‍ പഞ്ചായത്ത്. മലകളും കുന്നുകളും അവയ്ക്കിടയിലുള്ള താഴ്വരകളും കുന്നിന്‍ ചരിവുകളുമാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ മുഖ്യകൃഷി റബ്ബറാണ്. 1800 ഹെക്ടര്‍ പ്രദേശത്ത് റബ്ബര്‍ കൃഷി ചെയ്തു വരുന്നു. തെങ്ങ്, കുരുമുളക്, മരച്ചീനി, കശുമാവ് എന്നിവയാണ് പഞ്ചായത്തിലെ മറ്റു കൃഷികള്‍. ഇടവിളകളായി വാഴ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ കടലുണ്ടിപുഴ (വെള്ളിയാര്‍ പുഴ) ഒഴുകുന്നു. പുറയന്‍മല, പന്തല്ലൂര്‍ മല, നെന്‍മിനിമല എന്നിവയാണ് പ്രധാന മലകള്‍. പറക്കോടന്‍ കുന്ന്, നെല്ലിക്കുന്ന് തുടങ്ങിയ കുന്നിന്‍ പ്രദേശങ്ങളും ഉണ്ട്. കുളങ്ങളും പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സാണ്. 60 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. 15 പൊതുകിണറുകളാണ് പഞ്ചായത്തിലുള്ളത്. 40 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 160 തെരുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വ്യോമഗതാഗതരംഗത്ത് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കരിപ്പൂര്‍ വിമാനത്താവളമാണ്. പട്ടിക്കാട് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്നനിലയില്‍ പഞ്ചായത്തിന് ഏറ്റവും എളുപ്പത്തില്‍ ആശ്രയിക്കുന്നത് കൊച്ചിതുറമുഖത്തെയാണ്. പാണ്ടിക്കാട് പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ ബസ് സ്റ്റാന്റുകളാണ് ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങള്‍. പെരിമ്പീംലാവ്-നിലമ്പൂര്‍ മലയോര ഹൈവേ ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഊട്ടി നിലമ്പൂര്‍ റോഡാണ് പഞ്ചായത്തിലെ മറ്റൊരു പ്രധാന റോഡ്. പൊതുമരാമത്തു വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിരവധി റോഡുകളും പഞ്ചായത്തിലുണ്ട്. പഞ്ചായത്ത് സംവിധം വരുന്നതിനു മുന്‍പുതന്നെ കീഴാറ്റൂരിനു മധ്യത്തിലൂടെ കടന്നുപോകുന്ന മുള്ള്യാകുര്‍ശ്ശി ഒറവംപുറം പി.ഡബ്ളിയു.ഡി റോഡ് രൂപം കൊണ്ടു. ഒറവംപുറം-ചിറ്റത്തുപ്പാറ, പൂന്താവനം ചെമ്മാണിയോട്, പട്ടിക്കാട്-മങ്കട, പട്ടിക്കാട്-മേലാറ്റൂര്‍ എന്നിവയാണ് മറ്റു പ്രധാന റോഡുകള്‍. മണിയാണീര് കടവ്, ഒറവംപുറം, തോട്ടിന്റക്കര എന്നിവിടങ്ങളിലുള്ള പാലങ്ങളും മുഖ്യ ഗതാഗതമാര്‍ഗ്ഗങ്ങളാണ്. വ്യവസായികമായി പിന്നോക്കം നില്‍ക്കുന്ന മേഖയാണ് കീഴാറ്റൂര്‍ പഞ്ചായത്ത്. 1960 കളില്‍ സ്റ്റാര്‍ച്ച് ഫാക്ടറികള്‍ ഒറവംപുറം, തച്ചിങ്ങനാടം, ആക്കപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. സ്വകാര്യമേഖലയില്‍ മരമില്ലുകളും, എഞ്ചിനീയറിങ്ങ് യൂണിറ്റുകളും ഇഷ്ടിക കമ്പനികളും ചെറുകിട വ്യവസായ യൂണിറ്റുകളായി ഉണ്ട്. പരമ്പരാഗത വ്യവസായങ്ങളായ കുട്ട, മുറം, മണ്‍പാത്ര നിര്‍മ്മാണം എന്നിവയും പഞ്ചായത്തില്‍ നിലനില്‍ക്കുന്നു. പൊതുവിതരണ മേഖലയില്‍ 10 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. അരിക്കണ്ടം പാക്ക്, കീഴാറ്റൂര്‍, തച്ചിങ്ങനാടം, പട്ടിക്കാട്, ആക്കപറമ്പ്, ഒറവംപുറം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. മുസ്ളീം, ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവരാണ് ഇവിടെയുള്ളത്. പ്രധാന മുസ്ളീം ആരാധനാലയങ്ങള്‍ ഒറവംപുറം, അരിക്കണ്ടം പാക്ക്, കൊണ്ടിപറമ്പ്, പട്ടിക്കാട്, മുള്ള്യാകുറിശ്ശി, ശാന്തപുരം എന്നിവിടങ്ങളിലാണുള്ളത്. കീഴാറ്റൂര്‍ മുതുകുര്‍ശികാവുക്ഷേത്രം, നെന്‍മിനി ശ്രീഅഖിലേശ്വരി ക്ഷേത്രം, പൂന്താനം ശ്രീകൃഷ്ണക്ഷേത്രം, പട്ടിക്കാട് നരസിംഹമൂര്‍ത്തി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവ ക്ഷേത്രങ്ങള്‍. പൂന്താനം ശ്രീകൃഷ്ണക്ഷത്രം മഹാകവി പൂന്താനത്തിന്റെ ജീവിതവുമായ ബന്ധപ്പെട്ടതാണ്. പ്രധാന ക്രിസ്ത്യന്‍ ദേവാലയം നെന്‍മിനി ക്രിസ്ത്യന്‍ പള്ളിയാണ്. ഒറവംപുറം പള്ളിനേര്‍ച്ച, പട്ടിക്കാട് ദര്‍ഗാ ഷെറീഫ്മഖാം നേര്‍ച്ച, ശാന്തപുരം പള്ളി നേര്‍ച്ച എന്നിവ ശ്രദ്ധേയമായ ആഘോഷങ്ങളാണ്. കീഴാറ്റൂര്‍ മുതുകുര്‍ശ്ശികാവിലെ താലപ്പൊലി ആഘോഷം വടക്കന്‍ വള്ളുവനാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ്. മഹാകവി പൂന്താനത്തിന്റെ പൈതൃകം അഭിമാന പൂര്‍വ്വം അവകാശപ്പെടാവുന്ന ഈ പഞ്ചായത്തിന് മികച്ച സാംസ്കാരിക പാരമ്പര്യമാണുളളത്. കൊച്ചി പ്രജാമണ്ഡലത്തില്‍ ജനറല്‍ സീറ്റില്‍ നിന്ന് ജയിച്ച പി.എസ്.കേശവന്‍ നമ്പൂതിരി പഞ്ചായത്തിലെ സ്മരണീയ വ്യക്തിത്വമാണ്. വി.ടി.ഭട്ടതിരിപ്പാടിനൊപ്പം നമ്പൂതിരി യോഗക്ഷേമസഭയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാറിലെ മികച്ച നാടക നടന്‍മാരിലൊരാളായ കീഴാറ്റൂര്‍ ബാലന്‍, ഗായകനും നടനുമായിരുന്ന എന്‍.അച്യുതന്‍ എന്നിവരും പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു. പി.ശ്രീരാമകൃഷ്ണന്‍, സി.വാസുദേവന്‍ മാസ്റ്റര്‍, പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ എന്നിവരും കീഴാറ്റൂര്‍ പഞ്ചായത്തിന്റെ സന്തതികളാണ്. പൂന്താനം ഇല്ലം കേന്ദ്രീകരിച്ച് നടത്തുന്ന പൂന്തനം ദിനാഘോഷം സാംസ്കാരിക രംഗത്തെ പ്രധാന ആഘോഷമാണ്. കലാകായികരംഗത്ത്െ ഒമ്പതോളം ആര്‍ട്സ് ആന്റ് സ്പോര്‍സ് ക്ളബുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ചന്ദ്രസ്മാരക ആര്‍ട്സ് ക്ളബ്, രാഗം കലാസമിതി, രശ്മി ആര്‍ട്സ് ക്ളബ് തുടങ്ങിയ ക്ളബുകളാണ് പഞ്ചായത്തില്‍ ഉള്ളത്. പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് പൂന്താനത്തിന്റെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. പ്രാഥമിക ചികില്‍സയ്ക്കായി ജനങ്ങള്‍ ഈ പ്രാഥമികാരോഗ്യത്തെയാണ് ആശ്രയിക്കുന്നത്. രണ്ട് ഹോമിയോ ആശുപത്രികളും ആതുരസേവനരംഗത്തുണ്ട്. പാണ്ടിക്കാട് പാലിയേറ്റീവ് ക്ലിനിക്കില്‍ നിന്നൂള്ള ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാണ്. മൃഗസംരക്ഷണരംഗത്ത് ഒരു മൃഗാശുപത്രി ആക്കപറമ്പില്‍ പ്രവര്‍ത്തിക്കുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്ത് സ്ഥാപിച്ച പട്ടിക്കാട് സ്ക്കുളാണ് പഞ്ചായത്തിലെ ആദ്യവിദ്യാലയം. വിദ്യാഭ്യാസരംഗത്ത് 16 വിദ്യാലയങ്ങളാണ് കീഴാറ്റൂര്‍ പഞ്ചാത്തില്‍ ഇന്നുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 4 വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പട്ടിക്കാട് ഗവ.ഹൈസ്ക്കൂള്‍, ജി.എം.യു.പി.എസ്.തച്ചിങ്ങനാടം, ജി.എല്‍.പി.എസ്.പട്ടിക്കാട്, ജി.എം.എല്‍.പി.എസ് നെന്‍മിനി എന്നിവയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. സ്വകാര്യ മേഖലയില്‍ 7 എല്‍.പി.സ്ക്കൂളുകളും 4 യു.പി.സ്ക്കുളുകളും ഒരു ഹൈസ്ക്കുളഉം കീഴാറ്റൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഷിഫാ ഫാര്‍മസി കോളേജും പ്രമുഖ സ്ഥാപനമാണ്. 31 അംഗന്‍വാടികളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പട്ടിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക്, തച്ചിങ്ങനാടം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയാണ് പഞ്ചായത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍. സാംസ്കാരിക മുന്നേറ്റത്തിന് പഞ്ചായത്തിലുള്ള ഗ്രന്ഥശാലകളും വായനശാലകളും വഹിക്കുന്ന പങ്ക് ചെറുതല്ല. കീഴാറ്റൂര്‍ പൂന്താനം സ്മാരക ഗ്രന്ഥാലയം, സുപ്രഭ ലൈബ്രറി, ചന്ദ്രന്‍ സ്മാരക ഗ്രന്ഥശാല, ചന്തുകുട്ടിനായര്‍ സ്മാരക ഗ്രന്ഥശാല എന്നിലയാണ് പഞ്ചായത്തിലുള്ള പ്രധാന ഗ്രന്ഥശാലകള്‍. രശ്മി വായനശാല, പൊതുജന വായനശാല എന്നിവയും കീഴാറ്റൂരില്‍ പ്രവര്‍ത്തിക്കുന്നൂ. കീഴാറ്റൂര്‍ പഞ്ചായത്തില്‍ ആക്കപറമ്പ് പഞ്ചായത്തുവക ഒരു കമ്മ്യൂണിറ്റിഹാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കല്യാണ മണ്ഡപവും പഞ്ചായത്തിലുണ്ട്. പട്ടിക്കാടാണ് പഞ്ചായത്തിലെ വൈദ്യൂതിബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ പഞ്ചായത്തിലെ ഏറ്റവും വിലയ തൊഴില്‍ മേഖലയായ യംഗ് ഇന്ത്യാ ഗ്രൂപ്പ് എസ്റ്റേറ്റാണ് പ്രധാന സ്വകാര്യ സ്ഥാപനം. കീഴാറ്റൂര്‍, നെന്‍മിനി എന്നിവിടങ്ങളിലാണ് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. കൃഷിഭവന്‍ ആക്കപറമ്പ് പ്രവര്‍ത്തിക്കുന്നു. പൂന്താവനം, തച്ചിങ്ങനാടം, കീഴാറ്റൂര്‍, പട്ടിക്കാട് എന്നിവിടങ്ങളിലാണ് പോസ്റ്റോഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ആക്കപറമ്പാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.