കീഴല്ലൂര്‍

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ ഇരിട്ടി ബ്ളോക്കിലാണ് കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കീഴല്ലൂര്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിനു 29.02 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൂടാളി പഞ്ചായത്തും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് അഞ്ചരക്കണ്ടി, വേങ്ങാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൂടാളി പഞ്ചായത്തുമാണ്. ബ്രീട്ടീഷ് ഇന്ത്യയിലെ സംസ്ഥാനമായിരുന്ന മദിരാശിയിലെ, മലബാര്‍ ജില്ലയില്‍, കോട്ടയം താലൂക്കിലെ കൂടാളി, പട്ടാനൂര്‍, പഴശ്ശി എന്നീ അംശങ്ങളില്‍(വില്ലേജുകളില്‍) ഉള്‍പ്പെട്ടിരുന്ന കാനാട്, എടയന്നൂര്‍, തെരൂര്‍, എളമ്പാറ, കൊതേരി, വെള്ളിയാംപറമ്പ്, പേരാവൂര്‍, പാലയോട്, കീഴല്ലൂര്‍ എന്നീ ഒന്‍പതു ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു 1907-ല്‍ കീഴല്ലൂര്‍ അംശം രൂപീകരിക്കപ്പെട്ടത്. ഒമ്പതു ദേശങ്ങളില്‍ ഏറ്റവും വിസ്തൃതമായിരുന്നത് കീഴല്ലൂര്‍ ആയിരുന്നതുകൊണ്ടാണ് ആ പേരില്‍ തന്നെ പഞ്ചായത്തും അറിയപ്പെട്ടത്. 1954-ലാണ് കീഴല്ലൂര്‍ പഞ്ചായത്ത് രൂപംകൊണ്ടത്. പഴയ മദിരാശി സംസ്ഥാനത്തിലെ വില്ലേജുപഞ്ചായത്ത് റൂള്‍ അനുസരിച്ച്, കൈപൊക്കിയുള്ള വോട്ടിംഗിലൂടെയായിരുന്നു അന്നത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തത്. 1961-ല്‍ കീഴല്ലൂര്‍, കൂടാളി, പട്ടാനുര്‍ എന്നീ വില്ലേജുകള്‍ ചേര്‍ന്നുള്ള ചാലോട് പഞ്ചായത്ത് നിലവില്‍ വന്നു. 1973-ല്‍ ചാലോട് പഞ്ചായത്ത് വീണ്ടും കുടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളായി വിഭജിച്ച് അതാതുപ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളടങ്ങുന്ന നോമിനേറ്റഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ രൂപീകരിച്ചു. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിന്‍പുറങ്ങള്‍, ചെരിവുകള്‍, തട്ടുഭൂമികള്‍, സമതലങ്ങള്‍ എന്നിങ്ങനെ 4 മേഖലകളായി തരംതിരിക്കാം.