ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

തിരുവനന്തപുരം ജില്ലയില്‍, തിരുവനന്തപുരം താലൂക്കിലാണ്, കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയതിരുന്നത്. പോത്തന്‍കോട്, മംഗലപുരം, അണ്ടൂര്‍ക്കോണം, കഠിനംകുളം  എന്നീ നാലു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്ത്. അണ്ടൂര്‍ക്കോണം, അയിരൂപ്പാറ, കഠിനംകുളം, കഴക്കൂട്ടം, മേനംകുളം, കീഴ്തോന്നയ്ക്കല്‍, മേല്‍തോന്നയ്ക്കല്‍, പള്ളിപ്പുറം, പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, വെയിലൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിന് 133.38 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് ചിറയിന്‍കീഴ് ബ്ളോക്കും, കിഴക്കുഭാഗത്ത് നെടുമങ്ങാട്, വാമനപുരം ബ്ളോക്കുകളും, തെക്കുഭാഗത്ത്  തിരുവനന്തപുരം ‍കോര്‍പ്പറേഷനും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. തിരുവനന്തപുരം ജില്ലയുടെ വടക്കുപടിഞ്ഞാറായി കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പോത്തന്‍കോട്, മംഗലപുരം എന്നീ പഞ്ചായത്തുകളുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ഉയര്‍ന്ന ഭാഗങ്ങളാണ്. ആറ്റിപ്രയുടെ പടിഞ്ഞാറു ഭാഗവും, കഠിനംകുളം പഞ്ചായത്ത് മുഴുവനായും തീരദേശത്തിലുള്‍പ്പെടുന്നു. കഠിനംകുളം കായലും വേളി കായലിന്റെ ഒരു ഭാഗവും ഈ കഴക്കൂട്ടം ബ്ളോക്കുപരിധിയില്‍ വരുന്നു. ധാരാളം കുളങ്ങളും ചെറു തോടുകളും ബ്ളോക്ക് പ്രദേശത്തുടനീളം കാണപ്പെടുന്നു. പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, ആറ്റിപ്ര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകി വേളി കായലില്‍ ചെന്നു ചേരുന്ന തെറ്റിയാര്‍ ആണ് ബ്ളോക്കുപ്രദേശത്തെ ഏറ്റവും നീളം കൂടിയ തോട്. കാര്‍ഷികപ്രധാനമായ ഒരു പ്രദേശമാണ് കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായി അത്യുല്‍പാനദനശേഷിയുള്ള തൈനാന്‍ നെല്‍കൃഷി സമ്പ്രദായം ആയിരത്തോളം ഏക്കര്‍ സ്ഥലത്ത് ആരംഭിച്ചത് ഈ ബ്ളോക്കിലുള്ള പള്ളിപ്പുറം ഏലായിലാണ്. ലാറ്ററൈറ്റ് കലര്‍ന്ന മണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, മണല്‍ മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍. ദക്ഷിണ കേരളത്തിലെ ഏകഗുഹാക്ഷേത്രവും ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമായ മടവൂര്‍പ്പാറ, ശ്രീനാരായണ ഗുരുദേവന്റെ, ചെമ്പഴന്തിയിലെ ജന്മഗൃഹം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം എന്നിവ കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1952-ലാണ് കഴക്കൂട്ടം ആസ്ഥാനമാക്കി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ബ്ളോക്ക് നിലവില്‍ വന്നത്. 2010ലെ തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന മാറ്റങ്ങള്‍ കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്തിന്റെ പേരിലും വന്നു. കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത്  തിരുവനന്തപുരം നഗര സഭയിലേക്ക് കൂട്ടി ചേര്‍ത്ത് തീരുമാനിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം ബ്ളോക്ക് പഞ്ചായത്ത് പോത്തന്‍കോട് ബ്ളോക്ക് പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി
കഴക്കൂട്ടം എന്ന സ്ഥലനാമത്തിനു പിന്നിലുള്ള ചരിത്രം ഇങ്ങനെയാണ്. കലക്കോട് മഹര്‍ഷി തപസ്സിരുന്ന സ്ഥലം ആദ്യകാലത്ത് കലക്കോട് എന്ന് വിളിക്കപ്പെടുകയും പില്‍ക്കാലത്ത് ശബ്ദഭേദം വന്ന്, കഴക്കൂട്ടം എന്നറിയപ്പെടുകയും ചെയ്തു. റോഡുഗതാഗതം വികസിച്ചുവന്നിട്ടില്ലാതിരുന്ന പഴയനാളുകളില്‍ നാവിക ഗതാഗത്തിനായിരുന്നല്ലോ പ്രാമുഖ്യമുണ്ടായിരുന്നത്. മികച്ച നാവികരായിരുന്ന പോര്‍ച്ചുഗീസുകാരുടെ ഭരണകാലത്ത് അവര്‍ക്കു വേണ്ടി നാവികഗതാഗത്തിന് ആവശ്യമായ കഴകള്‍ ലഭ്യമായിരുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കഴക്കൂട്ടം എന്ന പേരു വന്നതെന്ന് മറ്റൊരു അഭിപ്രായവും കേള്‍ക്കുന്നുണ്ട്. രാജവാഴ്ചയുടെ ചരിത്രാവശിഷ്ടമായ കഴക്കൂട്ടം കൊട്ടാരം, തൃപ്പാപ്പൂര്‍ കൊട്ടാരം, മാര്‍ത്താണ്ഡവര്‍മ്മയുടെ ശത്രുപാളയത്തെ നയിച്ച എട്ടുവീട്ടരില്‍ പ്രധാനികളായ കഴക്കൂട്ടത്തു പിള്ള, കുളത്തൂര്‍പിള്ള, ചെമ്പഴന്തിപിള്ള എന്നിവരുടെ ഗൃഹങ്ങള്‍, ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി, ഇന്ന് സ്മാരകമായി സംരക്ഷിക്കപ്പെടുന്ന മഹാകവി കുമാരനാശാന്റെ തോന്നയ്ക്കലുള്ള വസതി, ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട ചേരമാന്‍തുരുത്ത് എന്നിങ്ങനെ ചരിത്രപരമായ പ്രത്യേകതകള്‍ ഏറെയുള്ള നിരവധി കേന്ദ്രങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. ഉണ്ണുനീലി സന്ദേശത്തില്‍ പോലും പരാമര്‍ശിച്ചിട്ടുള്ള തൃപ്പാപ്പൂര്‍ ക്ഷേത്രവും, പല്ലവകാലഘട്ടത്തിലെ കലാചാതുരിയ്ക്ക് ഉത്തമോദാഹരണമായ മടവൂര്‍പ്പാറ ഗുഹാക്ഷേത്രം എന്നിവ ഈ പ്രദേശത്തെ ജനജീവിതത്തിനും അതില്‍ നിന്ന് രൂപം കൊണ്ട സംസ്കൃതിയ്ക്കും എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന സൂചനകള്‍ നല്‍കുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഉന്മൂലനം ചെയ്ത എട്ടു വീട്ടില്‍ പിള്ളമാരില്‍ അതിശക്തരായിരുന്നു കഴക്കൂട്ടത്തു പിള്ള, കുളത്തൂര്‍പിള്ള, ചെമ്പഴന്തിപിള്ള എന്നിവര്‍. അവരില്‍ തന്നെ ഏറ്റവും പ്രതാപശാലിയായ കഴക്കൂട്ടത്ത് പിള്ളയുടെ വസതിയും ആസ്ഥാനവും ഇവിടെയായിരുന്നു. എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ട കുളത്തൂര്‍ എസ്.എന്‍.എം ലൈബ്രറിയും, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകവും ഇവിടുത്തെ സാംസ്ക്കാരിക മഹിമയുടെ ദൃഷ്ടാന്തങ്ങളാണ്. നാനൂറ് വര്‍ഷം പഴക്കമുള്ള കല്ലൂര്‍ മുസ്ളീം പള്ളിയും, പുതുക്കുറിച്ചി-പുത്തന്‍തോപ്പ് ക്രിസ്തീയ ദേവാലയങ്ങളും, പണിമൂല ദേവീക്ഷേത്രവും ഇവിടുത്തെ പ്രമുഖ ആരാധനാലയങ്ങളാണ്. ആശാന്‍ സ്മാരകമായി പില്‍ക്കാലത്ത് മാറിയ സ്വഭവനത്തില്‍ ഇരുന്നാണ് മഹാകവി കുമാരനാശാന്‍ തന്റെ മിക്ക കാവ്യങ്ങളും രചിച്ചത്. മാര്‍ത്താണ്ഡവര്‍മ്മ എന്ന ആഖ്യായികയുടെ കര്‍ത്താവായ സി.വി.രാമന്‍പിള്ള തന്റെ രചനകളുടെ സൃഷ്ടിക്കായി തന്റെ കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തതും മംഗലപുരം ഗ്രാമത്തെയായിരുന്നു. പില്‍ക്കാലത്ത് റോസ്സിയാര്‍, പി.ആര്‍.ശ്യാമള എന്നീ നോവലിസ്റ്റുകള്‍, ഗ്രന്ഥകാരനായ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ഡോ.തോന്നയ്ക്കല്‍ വാസുദേവന്‍, ഡോ.തോന്നയ്ക്കല്‍ നാരായണന്‍, കരൂര്‍ ശശി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, വൈക്കം ശശി, കുളത്തൂര്‍ സുധാകരന്‍ തുടങ്ങിയ കവികളും എഴുത്തുകാരും ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിയവരാണ്. ഈ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക്, വി.എസ്.എസ്.സി, ബി.പി.സി.ഐ, കിന്‍ഫ്രാ, എഫ്.എ.സി.റ്റി മിക്സിംഗ് പ്ളാന്റ് എന്നിവ ദേശീയതലത്തില്‍ അറിയപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളാണ്. കഴക്കൂട്ടം സൈനിക സ്കൂള്‍, സി.ആര്‍.പി.എഫ് ക്യാമ്പ് പള്ളിപ്പുറം, എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കാമ്പസ് എന്നിവയും ഈ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനങ്ങളാണ്. സ്വാതന്ത്ര്യസമരത്തില്‍, ധീരോദാത്തമായി കര്‍മ്മ രംഗത്തിറങ്ങിയ നിരവധി ദേശാഭിമാനികള്‍ക്ക് ജന്മം നല്‍കിയ നാടാണ് കഴക്കൂട്ടം. കുളപ്പാറ, വലിയകുളം, വേങ്ങോട്, കളിയിക്കല്‍, വെള്ളാനിക്കല്‍, ശാസ്താംകോണം കുന്ന്, ചാരുംമൂട് കൊടിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ അക്കാലത്ത് സമര സേനാനികളുടെ ഒളിത്താവളങ്ങളായിരുന്നു. ഭാരതമാകെ ആഞ്ഞുവീശിയ സാമ്രാജ്യത്ത വിരുദ്ധസമരത്തിന്റെ തീക്കാറ്റ് ഏറ്റുവാങ്ങിയ കൊടി തൂക്കിമല എന്നറിയപ്പെടുന്ന കുന്ന് ഈ ബ്ളോക്കു പ്രദേശത്തുള്ള പോത്തന്‍കോട് ഗ്രാമത്തിലാണ്. ഈ കുന്നിന്‍ മുകളിലാണ് സ്വാതന്ത്ര്യ സമരകാലത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി അന്ന് ദേശാഭിമാനിയായ ഗോവിന്ദപിള്ള ചരിത്രം സൃഷ്ടിച്ചത്. വേളികായല്‍ മുതല്‍ കഠിനംകുളം കായല്‍വരെയുള്ള 18 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥിതി ചെയ്യുന്ന ജലപാത ടൂറിസത്തിന് മുതല്‍ക്കൂട്ടാണ്. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട പാര്‍വ്വതീ പുത്തനാര്‍ കഴക്കൂട്ടം ബ്ളോക്കിന്റെ ഹൃദയഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ഭാവിയില്‍ ഒരു ടൂറിസ്റ്റ് വില്ലേജായി രൂപപ്പെടുത്താവുന്ന ഒരു പ്രദേശമാണ് അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ ആനതാഴ്ചിറ. ദക്ഷിണ കേരളത്തിലെ ഏകഗുഹാക്ഷേത്രമായ മടവൂര്‍പ്പാറയും ടൂറിസ്റ്റ് പ്രാധാന്യമുള്ള പ്രദേശമാണ്. കഴക്കൂട്ടം കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ഇന്നും ചരിത്രകുതുകികള്‍ എത്താറുണ്ട്. ചെമ്പഴന്തിയിലെ ശ്രീനാരയണഗുരുദേവന്റെ ജന്മഗൃഹവും, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകവും വിദേശികളും സ്വദേശികളുമായ അനേകരെ ആകര്‍ഷിക്കുന്നു. കഠിനംകുളം പഞ്ചായത്തില്‍പ്പെട്ട കാക്കുത്തുരുത്ത് ആണ് മറ്റൊരു വിനോദസഞ്ചാരകേന്ദ്രം. മുതലപ്പൊഴിയിലെ കായലോര ദൃശ്യങ്ങള്‍ ഹൃദയാകര്‍ഷകമാണ്.