ചരിത്രം

പോരാട്ടങ്ങളുടെ ചരിത്രമാണ് കറുത്ത മണ്ണുള്ള കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റേത്. മുപ്പതുകളില്‍ ഇവിടുത്തെ ജനത ജന്മികളുടെ അരികിലേക്ക് കാല്‍നടയായി പോയി നിവേദനം കൊടുത്തുകൊണ്ടു തുടങ്ങിയ അവകാശ സമരങ്ങള്‍ 40-കളുടെ മധ്യത്തില്‍ വിത്തിട്ടവന്‍ വിളകൊയ്യും എന്ന സ്ഥിതിയിലെത്തി. ജന്മിയുടെ കല്‍പനയനുസരിച്ച് കൂലിയില്ലാതെ പണിയെടുക്കാന്‍ കുടിയാന്‍ തയ്യാറായിരിക്കണം എന്നത് അലിഖിത നിയമമായിരുന്നു. ചാക്കിരിപ്പണി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സംഘടിത ശക്തിയുടെ ആദ്യത്തെ വിളവെടുപ്പ് തിമിരി വിളവെടുപ്പാണ്. 1941 ഫെബ്രുവരിയില്‍ ചെറുകിടക്കാരനായ ജന്മി സി.പി.ഗോപാലന്‍, കുഞ്ഞിപാല്‍ക അപ്പു എന്നയാളില്‍ നിന്നും ഭൂമിയൊഴിപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയുണ്ടായി. പാടത്ത് നെല്ലു വിളഞ്ഞ് കൊയ്ത്തിന് സമയമായപ്പോള്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ വയലിലിറങ്ങി കൊയ്ത കറ്റ മുഴുവന്‍ മെതിച്ചുകൊടുത്ത് പ്രവര്‍ത്തകര്‍ ജന്മിയുടെമേല്‍ വിജയം നേടി. കാസര്‍ഗോഡ് ജില്ലയില്‍ സമരം ചെയ്തതിന്റെ പേരില്‍ സ്ത്രീകള്‍ കോടതി കയറിയത് 1948-ലെ തമിരി വിളകൊയ്ത്ത് കേസിലാണ്. അന്തര്‍ജനങ്ങള്‍ വരെ ഈ സമരത്തില്‍ പങ്കാളികളായിരുന്നു. തിമിരിയിലെ തോട്ടോടന്‍കേളു ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിനിരയായത് ഈ സമരത്തിലാണ്. 1935-ഓടുകൂടി ഉദയം ചെയ്ത് വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയ കര്‍ഷകപ്രസ്ഥാനം നാടുവാഴി ജന്മിവര്‍ഗ്ഗത്തിനും  സാമ്രാജ്യത്വത്തിനും തന്നെ ഒരു ധൂമകേതുവായിരുന്നു. ഓരോ കൃഷിക്കാരും കര്‍ഷകസംഘത്തില്‍ എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കിതീര്‍ത്ത പ്രദേശമാണ് കയ്യൂര്‍. 1941 മാര്‍ച്ച് 27-ാം തിയതി അര്‍ദ്ധരാത്രിയിലുണ്ടായ പോലീസിന്റെ കിരാതമായ ആക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രകടനത്തെ പരിഹസിച്ച സുബ്രായന്‍ എന്ന പോലീസുകാരന്റെ മരണം കയ്യൂരിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. മുന്‍ സംസ്ഥാനമുഖ്യമന്ത്രി ഇ.കെ.നായനാരടക്കം 61 പേരുടെ പേരില്‍ കേസെടുത്തു. 1942 ഫെബ്രുവരി 2 അത് ഇന്ത്യാ രാജ്യത്തെ മഹത്തായ കര്‍ഷക പ്രസ്ഥാനത്തിന്റെ ഇരുണ്ട ദിനമായിരുന്നു. അന്നാണ് കയ്യൂര്‍ കേസ് വിധിപറഞ്ഞത്. സുബ്രായന്റെ മരണത്തില്‍ കുറ്റവാളികളായി കണക്കാക്കി ശിക്ഷിക്കപ്പെട്ട പ്രതികള്‍ അഞ്ചുപേരായിരുന്നുമഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കാല്‍ അബൂബക്കര്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍. അഞ്ചാമനായ കൃഷ്ണന്‍ നായര്‍ മൈനര്‍ ആയതിനാല്‍ മരണശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.  1943 മാര്‍ച്ച് 29 കൊലക്കയറിന് കീഴല്‍ നിന്ന് സാമ്രാജ്യത്വത്തിനെതിരെ അവസാനത്തെ ഗര്‍ജനവും മുഴക്കി ധീരദേശാഭിമാനികളായ വിപ്ളവകാരികള്‍ രക്തസാക്ഷിത്വം വരിച്ചതോടെ കരിമണ്ണിന്റെ നാടായ കയ്യൂര്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളില്‍ സ്ഥലം പിടിച്ചു. സുപ്രസിദ്ധ സിനിമാ സംവിധായകര്‍ മൃണാള്‍സെന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ ഇതിഹാസം അഭ്രപാളികളിലാവേശിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഒരു പ്രദേശത്തെ കളിയാട്ടം ആ നാടിന്റെയാകെ ഉല്‍സവമായിരുന്നു. അമ്പലങ്ങളും പള്ളിയറകളുമുള്‍പ്പെട്ട മുപ്പതോളം ക്ഷേത്രങ്ങള്‍ അന്ന് ഈ പഞ്ചായത്തിലുണ്ടായിരുന്നു. ചീമേനി ശ്രീവിഷ്ണുമൂര്‍ത്തി ക്ഷേത്രമാണ് ഇവയില്‍ പ്രധാനം. മേടമാസം 21-ാം തിയതി മുതല്‍ ഇടവമാസം 1-ാം തിയതി വരെ നടക്കുന്ന ഈ ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം പണ്ടുമുതല്‍ക്കുതന്നെ വടക്കേ മലബാറില്‍ പ്രസിദ്ധമാണ്. തെയ്യം, തോറ്റംപാട്ട്, പൂരക്കളി, കോല്‍ക്കളി തുടങ്ങിയവയായിരുന്നു ആ കാലത്ത് ഉണ്ടായിരുന്ന നാടന്‍കലകള്‍. പ്രാദേശികമായ നാടക സംരംഭങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. ഓലച്ചൂട്ടും പന്തലും റാന്തല്‍ വിളക്കും കൊളുത്തി മഹാകവി കുട്ടമത്തിന്റെ ബാലഗോപാലനും, ഹരിശ്ചന്ദ്രനുമൊക്കെ അരങ്ങിലെത്തിയിരുന്നു. തെയ്യം സംരക്ഷിക്കപ്പെടുന്ന ക്ഷേത്രകലയായി ഇന്നും പഞ്ചായത്തിലെ പള്ളിയറകളില്‍ നടക്കുന്നു. പൂരക്കളി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് കൂടുതല്‍ സജീവമായിട്ടുണ്ട്. മറത്തുകളി വിജ്ഞാനവും വിനോദവും കായികാഭ്യാസവും ഒത്തുചേരുന്ന കലയായി നടക്കുന്നുണ്ട്.