കാവാലം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ വെളിയനാട് ബ്ളോക്കു പരിധിയില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവാലം. ഈ പഞ്ചായത്തിന് 17.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. കുട്ടനാടന്‍ നെല്ലറയുടെ നായകസ്ഥാനം വഹിക്കുന്ന കാവാലം ഗ്രാമം കായല്‍ രാജാവെന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുരിക്കന്റെ നാടാണ്. മലയാളത്തിലെ പുകഴ്പെറ്റ പല കലാകാരന്മാരുടേയും ജന്മദേശം കൂടിയാണ് ഈ ഗ്രാമം. ദ്വീപിന് സമാനമായ സ്ഥലം അശ്രാന്ത പരിശ്രമത്തിലൂടെ ആയിരങ്ങള്‍ക്ക് അന്നം വിളയിക്കുന്ന ഭൂമിയാക്കി രൂപപ്പെടുത്തിയെടുത്ത ഈ ഗ്രാമം മനുഷ്യ വിഭവശേഷിയുടെ ഉത്തമ മാതൃകയാണ്. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേര്‍ന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കുന്നു. 2 വലിയ കായലുകളും എട്ടു പാടശേഖരങ്ങളും ഇവിടെയുണ്ട്. വടക്കുഭാഗത്ത് കരിയൂര്‍ മംഗലം പ്രദേശവും, തെക്കുഭാഗത്ത് വണ്ടകപ്പള്ളി തോടും കിഴക്കുഭാഗത്ത് പുളിമൂട് ഉച്ചേത്തറ തോടും പടിഞ്ഞാറുഭാഗത്ത് ആറ്റുമുഖം തരിശുകായല്‍ എന്നിവയുമാണ് പഞ്ചായത്തിന്റെ അതിരുകള്‍. കായല്‍ രാജാക്കന്മാരുടെ ദേശമായി അറിയുന്ന ഈ ഗ്രാമത്തില്‍പ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങള്‍ക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. നാടന്‍ കലകളുടെ ഉപാസകനായി അറിയപ്പെടുന്ന ഈ നാടിന്റെ സ്വന്തം പുത്രനായ കാവാലം നാരായണപ്പണിക്കര്‍ നാടക രചനയിലും ഗാന രചനയിലും പുതിയ മാനങ്ങള്‍ കണ്ടെത്തിയ പ്രതിഭയാണ്. കാവാലം ഗ്രാമം നിരവധി സാഹിത്യ നായകന്‍മാരുടേയും സാംസ്കാരിക നായകരുടേയും ജന്മഗൃഹമാണ്. വള്ളംകളി പ്രേമികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്ക്കുന്ന കാവാലം ചുണ്ടന്‍ എന്ന മത്സരവള്ളം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.