കട്ടപ്പന

ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കിലാണ് കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കട്ടപ്പന, ഉപ്പുതറ, വണ്ടന്മേട്, കാഞ്ചിയാര്‍, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത്. അണക്കര, അയ്യപ്പന്‍കോവില്‍, ഏലപ്പാറ, ആനവിലാസം, കല്‍ക്കൂന്തല്‍, ചക്കുപള്ളം, കട്ടപ്പന, ഉപ്പുതറ, വാഗമണ്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കട്ടപ്പന ബ്ളോക്ക് പഞ്ചായത്തിന് 372.98 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് നെടുങ്കണ്ടം ബ്ളോക്കും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് അഴുത ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് ഇടുക്കി ബ്ളോക്കുമാണ് കട്ടപ്പന ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ഇടുക്കി ജില്ലയില്‍ നിലവില്‍ ഉണ്ടായിരുന്ന അഴുത ബ്ളോക്കിനെ വിഭജിച്ചുകൊണ്ടാണ്, പ്രസ്തുത ബ്ളോക്കിന്റെ ഭാഗമായിരുന്ന ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, കട്ടപ്പന, ഇരട്ടയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം എന്നീ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 1981 നവംബര്‍ 21-ന് കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. ഇടുക്കിജില്ലയുടെ കിഴക്കുഭാഗത്തായി സഹ്യപര്‍വ്വതനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 800 മുതല്‍ 1400 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈറേഞ്ച് മേഖലയില്‍പ്പെട്ട ഭൂപ്രദേശമാണ് കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത്. കേരളത്തിന്റെ പൊതുസ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി കട്ടപ്പന ബ്ളോക്ക് പഞ്ചായത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ജനസംഖ്യയില്‍ കൂടുതല്‍. കേരളത്തിലെ പ്രധാന നദികളിലൊന്നായ പെരിയാര്‍ ഈ ബ്ളോക്കിലെ 3 പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്. ഈ ബ്ളോക്കിലെ വണ്ടന്മേട്, ചക്കുപള്ളം എന്നീ പഞ്ചായത്തുകളില്‍ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് തണുപ്പ് വളരെ കൂടുതലാണ്. കേരളത്തില്‍ ഏലക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള പ്രദേശമാണ് കട്ടപ്പന ബ്ളോക്ക്. പൊതുവെ മിതശീതോഷ്ണമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് പറയാം. കേരളത്തില്‍ ആനമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള കൊടുമുടികളായ ഏലമല, കല്യാണത്തണ്ട് എന്നിവ സ്ഥിതി ചെയ്യുന്നതും ഈ ബ്ളോക്ക് പഞ്ചായത്തിലാണ്. ലോകത്ത് മറ്റെങ്ങുമില്ലാത്ത അപൂര്‍വ്വ ജനുസ്സില്‍പ്പെട്ട ചില ജീവജാലങ്ങളും, സസ്യങ്ങളും സഹ്യസാനുക്കളുടെ ഭാഗമായ ഈ ബ്ളോക്കിലെ വനമേഖലയില്‍ കാണപ്പെടുന്നു.