കാട്ടാക്കട

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ വെളളനാട് ബ്ലോക്കുപരിധിയില്‍ കുളത്തുമ്മല്‍ വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശമാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത്. സമതലങ്ങളും പാടങ്ങളും അങ്ങിങ്ങ് കുന്നുകളും പാറക്കെട്ടുകളും ഉള്‍പ്പെട്ട ഹരിതാഭമായ ഭൂപ്രദേശമാണ് കാട്ടാക്കട. പണ്ടുമുതലേ സുഗന്ധവിളകളുടെയും മലഞ്ചരക്കുകളുടെയും ജില്ലയിലെ പ്രസിദ്ധവാണിജ്യകേന്ദ്രമായ കാട്ടാക്കട, ആയൂര്‍വ്വേദ, യോഗാകേന്ദ്രങ്ങളുടെ കൂടി നാടാണ്. യോഗയും, ആയൂര്‍വ്വേദവും പഠിപ്പിക്കുന്ന പ്രമുഖ വിദ്യാഭ്യാസ - ചികിത്സാകേന്ദ്രങ്ങളും കാട്ടാക്കടയിലുണ്ട്. 2001-ലെ സെന്‍സസ് പ്രകാരം 37,463 ആണ് പഞ്ചായത്തിലെ ജനസംഖ്യ. തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കാട്ടാക്കട. തിരുവനന്തപുരം - നെയ്യാര്‍ഡാം റൂട്ടില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നു 18 കിലോമീററര്‍ വടക്കുകിഴക്കു മാറിയാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 21 വാര്‍ഡുകളാണ് കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ ഉളളത്. മുന്‍കാലത്ത് കാട്ടാലിന്‍ കടയിലെ പതിവുഗ്രാമസമ്മേളനങ്ങള്‍ക്കുളള ഗ്രാമമുഖ്യരുടെ യാത്ര ക്രമേണ കാട്ടാല്‍ക്കടയിലേക്കുളള യാത്രയായി. അതു ലോപിച്ച് കാട്ടാക്കടയായി എന്ന് പറയപ്പെടുന്നു. 1953-ലാണ് കാട്ടാക്കട പഞ്ചായത്ത് രൂപീകൃതമാവുന്നത്. തുടക്കത്തില്‍ കുളത്തുമ്മല്‍ എന്നായിരുന്നു ഈ പഞ്ചായത്തിന്റെ പേര്. 1963-79 കാലഘട്ടത്തിലാണ് കാട്ടാക്കടയെന്ന് പഞ്ചായത്തിനു പുനര്‍നാമകരണം ചെയ്തത്.