ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളും പോര്‍ച്ചുഗീസുകാരും കാസര്‍ഗോഡുമായി വാണിജ്യ ബന്ധത്തിലേര്‍പ്പെട്ടിരുന്നു. 1514-ല്‍ പോര്‍ച്ചുഗീസുകാരനായ ബാര്‍ബോഡ് ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്ന് മാലിദ്വീപുകളിലേക്ക് പോലും ധാന്യം കയറ്റിയയക്കുകയും കയര്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു എന്ന് ബാര്‍ബോഡ് രേഖപ്പെടുത്തുന്നു. 1800-ല്‍ ഇവിടം സന്ദര്‍ശിച്ച ഫ്രാന്‍സിസിന്റെ യാത്രാവിവരണത്തില്‍ ഇവിടത്തെ രാഷ്ട്രീയവും സാമൂഹികവുമായുള്ള സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചിരിക്കുന്നു. കാസര്‍ഗോഡ്, കുമ്പള പ്രദേശങ്ങള്‍ വിജയനഗര രാജാക്കന്മാര്‍ ആക്രമിച്ചിട്ടുണ്ട്. 14-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ഇവിടം ഇക്കരിനായകന്‍മാരുടെ കീഴിലായി. പിന്നീട് ഹൈദരാലിയും ടിപ്പുവും ഇവിടെ ആക്രമണം നടത്തുകയുണ്ടായി. ടിപ്പുവില്‍ നിന്നും ഇവിടം പിന്നീട് ബ്രിട്ടീഷുകാര്‍ കൈയ്യടക്കി. കാസര്‍ഗോഡ് എന്ന സ്ഥലനാമം കാസിരക്കോട് എന്ന പദത്തില്‍ നിന്നാണുണ്ടായതെന്ന് പറയപ്പെടുന്നു. കാസിരക്കോട് എന്നാല്‍ കാഞ്ഞിരക്കൂട്ടങ്ങളുടെ കാട് എന്നാണര്‍ത്ഥം. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്‍നിര നായകന്മാരായിരുന്ന മുഹമ്മദ് ഷേറുള്‍ സാഹിബും കണ്ടിഗെ കൃഷ്ണഭട്ടും ഇവിടത്തെ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ ഉമേഷ റാവു, കെ.എം.കൃഷ്ണന്‍ നമ്പ്യാര്‍, ശങ്കര്‍ജി, നരന്തട്ട രാമന്‍ നായര്‍, റ്റി.ഗോപാലന്‍ നായര്‍, മേലോത്ത് നാരായണന്‍ നായര്‍, എ.എ.സി.കണ്ണന്‍ നായര്‍ എന്നിവര്‍ ഇവിടെനിന്നുള്ള പ്രമുഖ സ്വാതന്ത്ര്യ സമരപോരാളികളായിരുന്നു. ദേശീയപ്രസ്ഥാനങ്ങളുടെ ഭാഗമായി അരങ്ങേറിയ ജന്മിത്വത്തിനെതിരായുള്ള സമരങ്ങളാണ് കടക്കം സത്യാഗ്രഹം (1936), പട്ടായി കൊയ്ത്ത് നിരാഹാരസമരം, ചീമേനി എസ്റ്റേറ്റ് സമരം, കയ്യൂര്‍ കര്‍ഷകസമരം, എളേരി എസ്റ്റേറ്റ് സമരം എന്നിവ. കാസര്‍ഗോഡ് മൂന്ന് ഗവ:ആര്‍ട്സ് ആന്റ് സയന്‍സ് കലാലയങ്ങളും, ഒരു പ്രൈവറ്റ് കലാലയവും സ്ഥിതിചെയ്യുന്നു. ആസ്ട്രല്‍ വാച്ചുകമ്പനിയും, കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് ഇന്ഡസ്ട്രീസുമാണ് കാസര്‍ഗോഡുള്ള പ്രധാന വ്യവസായ കേന്ദ്രങ്ങള്‍. 1985-ലാണ് ജില്ലയിലെ ഏക കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാസര്‍ഗോഡ് ടൌണില്‍ ആരംഭിച്ചത്. പ്രാചീന ശിവക്ഷേത്രമായ അടൂര്‍ക്ഷേത്രം, അജാനൂര്‍ മടിയന്‍കുളംക്ഷേത്രം, അനന്തപുരംക്ഷേത്രം, അനന്തേശ്വരക്ഷേത്രം, ബേളപള്ളി, കീഴൂര്‍ ശാസ്താക്ഷേത്രം, കുമ്പള മുസ്ലീംപള്ളി, നബലി ക്രൈസ്തവാരാധനാലയം, നെല്ലിക്കുന്ന് മുസ്ലീംപള്ളി, മല്ലികാര്‍ജ്ജുനക്ഷേത്രം, വെങ്കട്ടരാമണ ക്ഷേത്രം, പാലക്കുന്ന് ക്ഷേത്രം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങള്‍. ചരിത്രപ്രാധാന്യമേറെയുള്ളതും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുമായ ബേക്കല്‍കോട്ടയും, ചന്ദ്രഗിരിക്കോട്ടയും കാസര്‍ഗോഡ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ചെറുവത്തൂര്‍, എടനീര്‍മുട്ട്, കമ്മട്ടംകാവ്, കണ്വാതിര്‍ത്തി ബീച്ച് റിസോര്‍ട്ട്, കാസര്‍ഗോഡ് ടൌണ്‍, കോട്ടഞ്ചേരിഹില്‍സ്, കോട്ടപ്പുറം, കുട്ലു, കുമ്പള, മായിപ്പാടി കൊട്ടാരം, മഞ്ചേശ്വരം, നീലേശ്വരം, നിത്യാനന്ദ ആശ്രമം, പൊവ്വന്‍കോട്ട, റാണിപുരം, തുളൂര്‍വനം, വലിയപറമ്പ, വീരമലഹില്‍സ് എന്നിവയാണ് മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ദേശീയസ്ഥാപനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. യക്ഷഗാനം എന്ന പരമ്പരാഗത കലാരൂപം കാസര്‍ഗോഡ് ജില്ലയുടെ സാംസ്കാരിക സവിശേഷതയാണ്.