ചരിത്രം

സാമൂഹ്യ ചരിത്രം
കൊല്ലവര്‍ഷത്തേക്കാള്‍ പഴക്കമുള്ളതാണ് കരുനാഗപ്പള്ളിയുടെ ചരിത്രം. ബുദ്ധ വിഹാര (പള്ളി) കേന്ദ്രമായിരുന്നതു കൊണ്ടാണ് കരുനാഗപ്പള്ളി എന്ന സ്ഥലനാമം ലഭിച്ചത്. കാടുവെട്ടിത്തെളിച്ചു ജീവിതം ആരംഭിച്ച കാലത്ത് മനുഷ്യന്റെ മുഖ്യഭീഷണിയായിരുന്ന കരിനാഗങ്ങളുടെ പേരുമായും ഈ സ്ഥലം ബന്ധപ്പെടുത്തിയും ഐതിഹ്യം കേള്‍ക്കുന്നുണ്ട്. മതത്തിനതീതമായി മനുഷ്യരെ സ്നേഹിക്കാനും ആദരിക്കാനും പൊതുവെ ഈ പ്രദേശവാസികളില്‍ കാണുന്ന താത്പര്യം ബുദ്ധമത പാരമ്പര്യങ്ങളില്‍ നിന്നു ലഭിച്ചതാണെന്നു കരുതപ്പെടുന്നു. പള്ളി, വിഹാര്‍ എന്നീ പേരുകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. പള്ളികള്‍ എന്നാല്‍ പാലിഭാഷയില്‍ ആരാധനാകേന്ദ്രങ്ങള്‍ എന്നോ ഗ്രാമം എന്നോ അര്‍ത്ഥമുണ്ട്. ബുദ്ധവിഹാരങ്ങള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളാണ് കരുനാഗപ്പള്ളിയും, കാര്‍ത്തികപ്പള്ളിയും, പള്ളിക്കലാറും, മൈനാഗപ്പള്ളിയും മറ്റും. കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര നിന്നും കണ്ടെടുത്ത “പള്ളിക്കല്‍ പുത്രന്‍” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പള്ളിക്കല്‍ പുത്രന്‍, പള്ളിക്കല്‍ കാവ്, പള്ളിക്കല്‍ കുളം, പള്ളിക്കല്‍ മഠം, പള്ളിക്കല്‍ പാടം എന്നിവയൊക്കെ തന്നെ ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. തമിഴ്നാട്ടിലെ കാവേരിപൂംപട്ടണത്തില്‍ നിന്നും ആരുവാമൊഴി, കുമിളി, വാളയാര്‍, വൈത്തിരി, ആര്യങ്കാവ് തുടങ്ങിയ മലമ്പാതകളിലൂടെ സഞ്ചരിച്ചെത്തി, കടലോരങ്ങളിലും കായലോരങ്ങളിലും ആറ്റിറമ്പുകളിലും കുടിയേറി പാര്‍ത്ത ഒരു പൌരാണിക ജനതയുടെ പിന്‍മുറക്കാര്‍ ഇന്നും ഈ പ്രദേശത്ത് തങ്ങളുടെ തനതുസംസ്കാരം നിലനിറുത്തിക്കൊണ്ട് ജീവിക്കുന്നുണ്ട്. ഇന്ന് ആലപ്പാട് ഗ്രാമത്തില്‍ അധിവസിക്കുന്ന ജനത മേല്‍പ്പറഞ്ഞവരുടെ പിന്മുറക്കാരാണെന്ന് കരുതപ്പെടുന്നു. “കേരളോല്‍പത്തി”യിലും, “പ്രപഞ്ചഹൃദയം” എന്ന സംസ്കൃത ഗ്രന്ഥത്തിലും “ഉണ്ണിനീലി സന്ദേശ”ത്തിലും കുഞ്ചന്‍ നമ്പ്യാരുടെ “കാവ്യകവന”ത്തിലും പ്രകീര്‍ത്തിക്കപ്പെടുന്ന “കന്നേറ്റി” എന്ന പ്രദേശം കരുനാഗപ്പള്ളിയിലാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യാധിപനായിരുന്ന രാമയ്യന്‍ ദളവായുടെ പടയോട്ടകാലത്ത്, വാഴ്ത്തപ്പെട്ട പടനായര്‍ക്കുളങ്ങര മഹാദേവനും കരുനാഗപ്പള്ളിയില്‍ തന്നെ. ദളവാമഠങ്ങള്‍, ഊട്ടുപുരകള്‍ കുറുങ്ങാട്ടുകളരി പോലുള്ള കളരികള്‍ എന്നിവയൊക്കെ ഇന്നും ഗതകാലചരിത്രത്തിന്റെ മൂകസാക്ഷിയായി ഇവിടെ നിലകൊള്ളുന്നു. കേരളപെരുമാളിന്റെ പിന്മുറക്കാരാല്‍ സ്ഥാപിതമായതെന്ന് പേരുകേട്ട സിയാറത്തുപള്ളിയും ഐതിഹ്യങ്ങളുടെ കലവറയായ വായാറത്തുപള്ളിയും കരുനാഗപ്പള്ളി ബ്ളോക്കിലാണ്. തോമാശ്ളീഹായുടെ പിന്‍മുറക്കാരും, ലന്തക്കാരും, പറങ്കികളുമൊക്കെ സ്ഥാപിച്ച നിരവധി ക്രിസ്തീയദേവാലയങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. അതിലൊന്നാണ് ആലപ്പാടു പണ്ടാരത്തുരുത്തില്‍ സ്ഥിതി ചെയ്യുന്ന പോര്‍ട്ടുഗീസ് പള്ളി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരുകാലത്ത് കരുനാഗപ്പള്ളി കായംകുളം രാജാവിന്റെ അധീനതയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. കായംകുളം രാജ്യത്തിന്റെ തെക്കേയറ്റത്തുണ്ടായിരുന്ന കോട്ടയാണ് പുളിക്കല്‍കോട്ട. ഇന്ന് ബ്ളോക്കിലെ തൊടിയൂര്‍ പഞ്ചായത്തുകാര്യാലയം സ്ഥിതി ചെയ്യുന്നത് പുളിക്കല്‍കോട്ടയിലാണ്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ “ഐതിഹ്യമാല”യില്‍ പരാമര്‍ശിക്കപ്പെടുന്ന “കാളകുത്തും പൊയ്ക” ബ്ളോക്കിലെ മൈനാഗപ്പള്ളിയാണ്. ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ സ്ഥാനം കണ്ടെത്തുവാന്‍ പന്തളം രാജാവും പരിവാരങ്ങളും കായംകുളം വഴി കരുനാഗപ്പള്ളിയിലെത്തിയെന്നും മൈനാഗപ്പള്ളിയിലെ ഈ പ്രദേശത്ത് എത്തിയപ്പോഴാണ് രാജാവും പരിവാരങ്ങളും ആക്രമിക്കപ്പെട്ടത് എന്നുമാണ് ഐതിഹ്യമാലയില്‍ വിവരിച്ചിട്ടുള്ളത്. പര്‍വ്വതങ്ങള്‍ക്ക് ചിറകുണ്ടായിരുന്നപ്പോള്‍ ഹിമാലയത്തില്‍ നിന്നും പറന്നുയര്‍ന്ന മൈനാഗം എന്ന പര്‍വ്വതം മൈനാഗപ്പള്ളിയില്‍ എത്തിയെന്നും ഐതിഹ്യമുണ്ട്. ബൌദ്ധപാരമ്പര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഭൂപ്രദേശം കൂടിയാണിത്. ശ്രീനാരായണഗുരുവിന്റെയും, ചട്ടമ്പിസ്വാമികളുടെയും പാദസ്പര്‍ശമേറ്റു ധന്യമായ നാടാണിത്. രാഷ്ട്രീയരംഗത്ത് കിംഗ് മേക്കറെന്ന് അറിയപ്പെട്ടിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള ജനിച്ചതും ഈ ബ്ളോക്കിലാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രമുഖനേതാക്കളായിരുന്ന ബാരിസ്റ്റര്‍ എ.കെ.പിള്ള, കോപ്പണിക്കത്തു കൊച്ചുവേലുപിള്ള, കൃഷ്ണദാസ്, രാമചന്ദ്രദാസ്, വി.കെ.പിള്ള, മാരാരിത്തോട്ടത്തു രാഘവന്‍പിള്ള, കൈതവനതറ രാഘവന്‍പിള്ള, കെ.കേശവന്‍ പോറ്റി, ഡോ.വി.വി.വേലുകുട്ടി അരയന്‍ തുടങ്ങിയവരുടെ കര്‍മ്മഭൂമിയും ജന്മഭൂമിയും ഇവിടമാണ്. സാംസ്കാരിക കേരളത്തിനു മറക്കാനാവാത്ത സംഭാവന നല്‍കിയ മതപണ്ഡിതനായ സെയ്താലി മുസലിയാര്‍, ഖുര്‍-ആന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ സി.ബി.കുഞ്ഞു, ഭഗവത്ഗീതാ പരിഭാഷകനായ വിദ്വാന്‍ എ.ഇസഹാക്ക് തുടങ്ങിയവരും ഇന്നാട്ടുകാരാണ്. “പഞ്ചാബിലെ സിംഹം” എന്നറിയപ്പെടുന്ന ലാലാ ലജ്പത്റായിയുടെ നാമധേയത്തിലുള്ള ലാലാജി ഗ്രന്ഥശാല ഈ ബ്ളോക്കിലെ കരുനാഗപ്പള്ളിയിലാണ്. മൈനാഗപ്പള്ളി ഗവ.എല്‍.പി.എസ് എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ചക്കിട്ട സ്കൂളാണ് ഈ പ്രദേശത്തെ ആദ്യ വിദ്യാലയം. ലോകപ്രശസ്തമായ മാതാ അമൃതാനന്ദമയീ മഠം കരുനാഗപ്പള്ളി ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇടക്കുളങ്ങരയില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. അന്തര്‍ദ്ദേശീയ വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഗോള്‍ഡന്‍ ഫൈബര്‍ എന്ന സ്ഥാപനം കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. കയര്‍, കശുവണ്ടി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇവിടത്തെ വ്യവസായരംഗം കേന്ദ്രീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിലൂടെ ദേശീയപാതയും, എറണാകുളം-കൊല്ലം റെയില്‍വേപാതയും കടന്നുപോകുന്നുണ്ട്. കാര്‍ഷികോല്‍പാദനത്തിനു ആവശ്യമായ വിഭവങ്ങളാല്‍ സമ്പന്നാണ് ഓണാട്ടുകരയുടെ ഭാഗമായ കരുനാഗപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്. മൈനാഗപ്പള്ളിയിലും തൊട്ടടുത്ത തൊടിയൂരുമായിരുന്നു ഒരു കാലത്ത് മരച്ചീനിയും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്നത്. ഹരിതാഭമായിരുന്ന പാടശേഖരങ്ങള്‍ നിറഞ്ഞുകിടന്ന നിരവധി പ്രദേശങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ആലപ്പാട് പഞ്ചായത്തില്‍ ഇപ്പോള്‍ നെല്‍കൃഷിയില്ല. പനക്കട പാടവും മുക്കുംപുഴ പാടവും ഇന്ന് ഓര്‍മ്മയില്‍ മാത്രം. ഒരുകാലത്തു കായംകുളം രാജാവിന്റെ എണ്ണമറ്റ പടയാളികള്‍ക്കും ദേശിങ്ങനാടിന്റെ ആവശ്യത്തിനും ഭക്ഷ്യധാന്യം ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന പാരമ്പര്യമുള്ള നാടാണ് കരുനാഗപ്പള്ളി. ആലപ്പാടന്‍ കയറും കരുനാഗപ്പള്ളി കൈത്തറിയും വളരെ പ്രസിദ്ധമായിരുന്നു. പരമ്പരാഗത മത്സ്യബന്ധനത്തിന്റെ ഈറ്റില്ലമാണ് ആലപ്പാട് പ്രദേശം. 1950 കളില്‍ ഇന്‍ഡോ നോര്‍വീജിയന്‍ പ്രോജക്ടിന്റെ നിയന്ത്രണത്തില്‍ യന്ത്രവത്കൃത ബോട്ടുകളുടെ സഹായത്തോടെ ഇവിടെ മത്സ്യബന്ധനം നടന്നിരുന്നു. തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആലപ്പാടും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മൈനാഗപ്പള്ളിയും തമ്മില്‍ ഭൂപ്രകൃതിപരമായി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നു. കയറും, മത്സ്യബന്ധനവും ആലപ്പാട് പ്രദേശത്തെ പ്രധാന ഉല്‍പാദന മേഖലയാണെങ്കില്‍ കശുവണ്ടി, ഇഷ്ടിക, ഓട്, വെട്ടുകല്ല്, തീപ്പെട്ടി എന്നിവയാണ് മൈനാഗപ്പളളിയുടെ മുഖമുദ്ര. ഇക്കാരണങ്ങളാല്‍ തന്നെ വൈവിധ്യമാര്‍ന്ന വ്യാവസായിക ഘടന ഇവിടെ നിലനില്‍ക്കുന്നുണ്ട്. തൊടിയൂര്‍ പഞ്ചായത്തില്‍ തഴപ്പായ്, ഇഷ്ടിക, കൈത്തറി നെയ്ത്ത് എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. എങ്കിലും ഇടക്കുളങ്ങര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ചില ആധുനിക വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കരുനാഗപ്പള്ളി പ്രധാനമായും കയര്‍വ്യവസായ മേഖലയിലൂന്നി നില്‍ക്കുന്നു. ഒരു കാലത്ത് കരുനാഗപ്പള്ളി-ആലപ്പാട് പ്രദേശത്തെ ഗോള്‍ഡന്‍ ഫൈബര്‍ അന്തര്‍ദേശീയ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സാമാന്യം ഭേദപ്പെട്ട ഗതാഗത സൌകര്യങ്ങള്‍കൊണ്ട് അനുഗ്രഹീതമാണ് ബ്ളോക്ക് പഞ്ചായത്ത്. ജലഗതാഗതം, റോഡ്, റെയില്‍വേ എന്നീ ഗതാഗതമാര്‍ഗ്ഗങ്ങളെല്ലാം ഇവിടെയുണ്ട്. ആലപ്പാടിനേയും കരുനാഗപ്പള്ളിയേയും വേര്‍തിരിക്കുന്ന കോട്ടപ്പുറം-കൊല്ലം കനാലും മൈനാഗപ്പള്ളിയുടേയും തൊടിയൂരിന്റെയും മധ്യേ ഒഴുകുന്ന പള്ളിയ്ക്കലാറും ജലഗതാഗതത്തെ പരിപോഷിപ്പിക്കുന്നു. ഒരു കാലത്ത് കാര്‍ഷിക - വ്യാവസായിക ഉല്‍പന്നങ്ങളുടെ കയറ്റിറക്കുമതിക്കും യാത്രയ്ക്കും ഏറെ പ്രയോജനപ്പെട്ടിരുന്നതാണ് പ്രസ്തുത ജലപാതകള്‍. എന്നാല്‍ റോഡ് ഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ജലഗതാഗതം ശോചനീയമായ അവസ്ഥയിലേക്കു പിന്തള്ളപ്പെട്ടു.
സാംസ്കാരികചരിത്രം
ബ്ളോക്കില്‍ നല്ല അടിത്തറയുള്ള ഗ്രന്ഥശാലാപ്രസ്ഥാനം ഈ പ്രദേശത്തിന്റെ സാംസ്ക്കാരിക വളര്‍ച്ചക്ക് വലിയ പങ്കു വഹിച്ചു എന്നതില്‍ തര്‍ക്കമില്ല. 1908-ല്‍ തന്നെ സ്ഥാപിതമായ വിജ്ഞാനസന്ദായനി ഗ്രന്ഥശാല ഉള്‍പ്പെടെ സജീവമായി പ്രവര്‍ത്തിക്കുന്ന 8 ഗ്രന്ഥശാലകള്‍ എടുത്തുപറയത്തക്കവ തന്നെയാണ്. പ്രകാശമാനമായ ഒരു ഭൂതകാല സാംസ്കാരിക ചരിത്രമാണ് കരുനാഗപ്പള്ളിയ്ക്കുള്ളത്. സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റി, പന്നിശ്ശേരി നാണുപിള്ള മഹാകവി അഴകത്ത് പത്മനാഭകുറുപ്പ്, വി.എ.നാരായണപിള്ള, രാമചന്ദ്രദാസ്, മുഴങ്ങോട്ടുവിള കൃഷ്ണപിള്ള തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപേര്‍ ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടന്‍ കലകളായ പുലിവേഷം, കാക്കാരിശ്ശിനാടകം, കോലടികളി, തിരുവാതിര, പടയണി തുടങ്ങിയവ ഇവിടെ നിലനിന്നിരുന്നു. 1929-ല്‍ സ്ഥാപിതമായ ലാലാജി ഗ്രന്ഥശാല ഉള്‍പ്പെടെ 5 ഗ്രന്ഥശാലകളും 20 റിക്രിയേഷന്‍ ക്ളബുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാക്കാരിശ്ശിനാടകം, തിരുവാതിര, വേലകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പ്രദേശമാണ് തൊടിയൂര്‍. നാടകനടന്‍മാരായിരുന്ന ടി.വി.ഗോപാലപിള്ള, തെങ്ങുവിളയില്‍ ബാലകൃഷ്ണപിള്ള, രാമനാചാരി, കേശവനാചാരി, ഹാസ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മങ്ങാട് രാഘവന്‍പിള്ള തുടങ്ങിയവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. ഇസ്ളാമും ക്രിസ്ത്യാനിയും ഹിന്ദുവും ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന പ്രദേശമാണ് മൈനാഗപ്പള്ളി. തൊട്ടുരുമ്മി നില്‍ക്കുന്ന മുസ്ളീം ദേവാലയങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഹൈന്ദവക്ഷേത്രങ്ങളും മൈനാഗപ്പള്ളിയുടെ മതസൌഹാര്‍ദ്ദത്തെ വിളിച്ചോതുന്നതാണ്. കോല്‍കളി, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, ചെണ്ടമേളം, കോലം തുള്ളല്‍ തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഇവിടെ നിലവിലുണ്ടായിരുന്നു. ഉത്സവങ്ങളിലെ മുഖ്യ കലാരൂപമായിരുന്നു കഥകളി. എന്നാലിന്നതൊക്കെ നാമമാത്രമായി മാറിയിരിക്കുന്നു