ആമുഖം

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കിലാണ് കരുനാഗപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൈനാഗപ്പള്ളി, ആലപ്പാട്, കരുനാഗപ്പള്ളി, തൊടിയൂര്‍ എന്നീ നാലു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കരുനാഗപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്. ആലപ്പാട്, അയണിവേലിക്കുളങ്ങര, കരുനാഗപ്പള്ളി, കല്ലേലിഭാഗം, തൊടിയൂര്‍, മൈനാഗപ്പള്ളി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കരുനാഗപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന് 89.92 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 12 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് ഓച്ചിറ, മുതുകുളം ബ്ളോക്കുകളും, കിഴക്കുഭാഗത്ത് ശാസ്താംകോട്ട ബ്ളോക്കും, തെക്കുഭാഗത്ത് ചവറ ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് കരുനാഗപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ബ്ളോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ളത് തൊടിയൂരിനും, കുറഞ്ഞത് ആലപ്പാടിനുമാണ്. സമുദ്രത്തിനും ടി.എസ് കനാലിനും ഇടയില്‍ ഒരു വാലുപോലെ നീണ്ടുകിടക്കുന്ന ആലപ്പാടു ഗ്രാമപഞ്ചായത്തിന്റെ നീളം 17 കിലോമീറ്ററും വീതി ശരാശരി 500 മീറ്ററുമാണ്. മൈനാഗപ്പള്ളി ഒഴികെയുള്ള മൂന്ന് പഞ്ചായത്തുകളും ഭൂപ്രകൃതിയുടെ കാര്യത്തില്‍ സമാനത പുലര്‍ത്തുന്നതും തീരപ്രദേശത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതും സമതലഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതും പൂര്‍ണ്ണമായി തീരഭൂമിയുടേതായ പ്രത്യേകതകള്‍ പുലര്‍ത്തുന്നതുമാണ്. മൈനാഗപ്പള്ളിയാകട്ടെ, ഇടനാടിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം തീരപ്രദേശത്തിന്റെ ചില സവിശേഷതകളും പ്രകടമാക്കുന്നു. ഓണാട്ടുകര കാര്‍ഷികമേഖലയില്‍പ്പെടുന്ന ഈ പ്രദേശത്തെ മണ്ണ് പൊതുവേ മണല്‍ രൂപത്തില്‍ ഉള്ളതാണ്. ആലപ്പാട് പഞ്ചായത്ത് അപൂര്‍വലോഹങ്ങള്‍ അടങ്ങിയ മണ്ണുകൊണ്ടു അനുഗ്രഹീതമാണ്. റ്റി.എസ്.കനാല്‍, പള്ളിക്കല്‍ ആറ്, വട്ടക്കായല്‍ എന്നിവയാണ് ബ്ളോക്കിലെ പ്രധാന ജലാശയങ്ങള്‍. ഈ ബ്ളോക്കില്‍ വ്യാപകമായി കാണുന്ന കൃഷി തെങ്ങാണ്. ഇടവിളകളായി വാഴ, മരച്ചീനി, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയും കാണുന്നുണ്ട്. മൈനാഗപ്പള്ളി പഞ്ചായത്തിലായിരുന്നു ഒരു കാലത്ത് മരച്ചീനിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ഒക്കെ വ്യാപകമായി കൃഷി ചെയ്തിരുന്നത്. ഹരിതാഭമായിരുന്ന പാടശേഖരങ്ങള്‍ നിറഞ്ഞുകിടന്ന നിരവധി പ്രദേശങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഓണാട്ടുകര പ്രദേശങ്ങളില്‍ മണ്ണ് പൊതുവെ മണല്‍ കലര്‍ന്നതാണ്. ഇവിടുത്തെ പ്രധാന വിളകളാകട്ടെ, നെല്ല്, തെങ്ങ് എന്നിവയാണ്. മൂന്നാംവിളയായി വയലുകളില്‍ എള്ളും പയറും കൃഷി ചെയ്തു വരുന്നു. ഒരു നേര്‍രേഖ പോലെ നീളത്തില്‍ കിടക്കുന്ന ആലപ്പാട് പഞ്ചായത്ത് പൂര്‍ണ്ണമായും മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. 1957 ഏപ്രില്‍ മാസത്തിലാണ് കരുനാഗപ്പള്ളി എന്‍.ഇ.എസ് ബ്ളോക്ക് രൂപീകൃതമായത്.