ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

പ്രാചീനകാലത്ത് മാവേലിക്കര(മഹാവേലിക്കര) വരെയുണ്ടായിരുന്ന കടല്‍ പിന്‍വാങ്ങിയോ അറബികടലിലെ വനനിബിഡമായ ദ്വീപുകള്‍ പ്രകൃതിക്ഷോഭത്തില്‍ നശിച്ച്, പുതിയ കരപ്രദേശം രൂപം പ്രാപിച്ചുണ്ടായതോ ആണ് കാര്‍ത്തികപ്പള്ളി ദേശം എന്ന് കരുതപ്പെടുന്നു. മണ്ണിനടിയില്‍ കാണപ്പെടുന്ന കാണ്ടാമരം, ആഞ്ഞിലി തുടങ്ങിയ വന്‍മരങ്ങളും, കടല്‍ജീവികളുടെ പുറന്തോടും, തുറക്കാത്തകക്കകളും ഈ നിഗമനം ബലപ്പെടുത്തുന്നു. കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്ക് കരിമാടിയില്‍ കാണുന്ന ബുദ്ധവിഗ്രഹവും (കരുമാടി കുട്ടന്‍), മാവേലിക്കരയിലെ ബുദ്ധപ്രതിമയും, കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ബുദ്ധപ്രതിമകളും വിരല്‍ ചൂണ്ടുന്നത് ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ബുദ്ധവിഹാരമായിരുന്ന ശ്രീമൂലവാസം കാര്‍ത്തികപ്പള്ളി താലൂക്കില്‍ എവിടെയോ (തൃക്കുന്നപ്പുഴയില്‍ ആണെന്നും അഭ്യൂഹം) ആയിരുന്നെന്ന വിശ്വാസം ഉറപ്പിക്കുന്നു. തോട്ടപ്പള്ളി, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി (ബുദ്ധവിഹാരങ്ങളെ പള്ളി എന്ന് വിളിച്ചിരുന്നു) എന്ന സ്ഥലനാമങ്ങളും പണ്ട് ഇവിടം ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന വിശ്വാസത്തിന് ബലമേകുന്നു. ബെറ്റിമന, കരിമ്പാലി, മാര്‍ത്ത, കര്‍ത്യാപേരി എന്നീ സ്ഥലനാമങ്ങളില്‍ ഡച്ച് ചരിത്രകാരന്മാര്‍ ഈ പ്രദേശങ്ങളെ പരാമര്‍ശിച്ചിട്ടുണ്ട്. എതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് എഴുതിയ ആധാരത്തില്‍ ഇന്നത്തെ വെട്ടുവേനിയെ വെറ്റിവെനി എന്നാണ് കാണിച്ചിരിക്കുന്നത്. പഴയ വെറ്റിവെനി രാജ്യത്തിന്റെ ആസ്ഥാനം ഇപ്പോള്‍ പള്ളിപ്പാട് വെട്ടുവേനിയില്‍ നിലകൊള്ളുന്ന കരിമ്പാലില്‍ കോയിക്കല്‍ കൊട്ടാരമാണെന്ന് ഡച്ച് രേഖകളില്‍ നിന്ന് അനുമാനിക്കാം. വെട്ടുവേനി രാജ്യത്തിന്റെ ഭരദേവതാ ക്ഷേത്രമാണ് പിത്തമ്പില്‍. ശാസ്താവ്, ഭഗവതി, ഭദ്രകാളി എന്നിങ്ങനെ മൂന്ന് പ്രതിഷ്ഠകള്‍ ഇവിടെ ഉണ്ട്. എ.ഡി 1664-ല്‍ വെറ്റിവേനി രാജ്യത്തിന്റെ ആസ്ഥാനം കാര്‍ത്തികപ്പള്ളിയിലേക്ക് മാറ്റി. 1672 ജൂലൈ 17-ന് വെറ്റിവെനി ഡച്ചുഭരണത്തിന്‍കീഴിലായി. ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കുരുമുളകാണ് ഡച്ചുകാരെയും പോര്‍ച്ചുഗീസുകാരെയും ഇവിടേക്ക് ആകര്‍ഷിച്ചത്. കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കുള്ള ഈ രാജ്യം പിന്നീട് കാര്‍ത്തികപ്പളളിരാജ്യം എന്നറിയപ്പെടാന്‍ തുടങ്ങി. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കാര്‍ത്തികപ്പള്ളി രാജ്യം തിരുവിതാംകൂറിനോട് ചേര്‍ത്തു. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് കണ്ടെടുത്ത മഹാരാജാവിന്റെ ഡയറിയില്‍ കൊല്ലവര്‍ഷം 917 മേടം 18 മുതല്‍ (1742 ഏപ്രില്‍ 29) ഇടവം 23 (ജൂണ്‍ 4) വരെ അദ്ദേഹം കാര്‍ത്തികപ്പളളിയില്‍ ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ വര്‍ഷം മിഥുനം 3-ന് (ജൂണ്‍ 15) കൊല്ലം രാജാവുമായി കുരീപ്പുഴ വച്ച് നടന്ന നിര്‍ണ്ണായകയുദ്ധത്തില്‍ കാര്‍ത്തികപ്പള്ളിയില്‍ നിന്നുള്ള പടയാളികളും പങ്കെടുത്തിരുന്നു. ധര്‍മ്മരാജാവ് കുട്ടിയായിരുന്ന കാലത്ത് എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണം ഭയന്ന് കാര്‍ത്തികപ്പള്ളി കൊട്ടാരത്തില്‍ താമസിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിക്കാന്‍ വരുമ്പോള്‍ പൂജിക്കുന്ന അനന്തശയനം ഇന്നുമുണ്ട്. ഒരുകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന കാര്‍ത്തികപ്പള്ളി രാജ്യത്തിന്റെ തലസ്ഥാനമായി നിന്ന കാര്‍ത്തികപ്പള്ളി കോയിക്കല്‍ കൊട്ടാരം തകര്‍ന്നടിഞ്ഞ രാജാധികാരത്തിന്റെ ദു:ഖപ്രതീകം പോലെ കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച് നിലകൊള്ളുന്നു. ക്രിസ്തുവിനു ശേഷം 9-ാം ശതകത്തില്‍ കാര്‍ത്തികപ്പള്ളിയില്‍ ഒരു ക്രിസ്ത്യന്‍പളളിയുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പളളി പണിയാന്‍ വനത്തില്‍ നിന്നും തടി വെട്ടിക്കൊള്ളാന്‍ രാജകല്‍പ്പനയുണ്ടായതായി പറയപ്പെടുന്നതില്‍ നിന്നും കാര്‍ത്തികപ്പള്ളിരാജ്യം നിബിഡമായ വനസമ്പത്തുള്ള പ്രദേശമായിരുന്നെന്നും അനുമാനിക്കാം. കാട്ടില്‍ എന്നവസാനിക്കുന്ന നൂറുകണക്കിന് വീട്ടുപേരുകളും ഈ വാദത്തിന് ബലം നല്‍കുന്നു. ആദ്യകാലത്ത് ക്ഷേത്രമാതൃകയില്‍ പണിഞ്ഞിരുന്ന പളളികള്‍ യൂറോപ്യന്മാരുടെ ആഗമനത്തോടെ പടിഞ്ഞാറന്‍ വാസ്തുശില്‍പമാതൃകയില്‍ പുതുക്കിപ്പണിതു. അക്കാലത്തെ ക്ഷേത്രവിളക്കുകളുടെ സമാനരൂപമുള്ള പള്ളിവിളക്കുകള്‍ (കല്ലുകൊണ്ടും, ഓട് കൊണ്ടും നിര്‍മ്മിച്ചത്) കാര്‍ത്തികപ്പള്ളി സെന്റ്തോമസ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ പള്ളി എ.ഡി 1581-ല്‍ പുതുക്കിപണിതു. കാര്‍ത്തികപ്പള്ളി മാര്‍ത്തോമ്മാ ചര്‍ച്ച് 1906-ല്‍ സ്ഥാപിക്കപ്പെട്ടു.  മുസ്ളീം ദേവാലയമായ കാര്‍ത്തികപ്പള്ളി കൊല്ലമഠം ജമായത്ത് പള്ളിക്ക് 176 വര്‍ഷത്തെ പഴക്കമുണ്ട്. പ്രശസ്തമായ ഒരു കച്ചവടകേന്ദ്രമായിരുന്നു ഗതകാലത്ത് കാര്‍ത്തികപ്പളളി. കാളവണ്ടിയിലും, കൈവണ്ടിയിലും കെട്ടുവള്ളങ്ങളിലുമായി ചരക്കുകള്‍ കൊണ്ടുവരികയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. തെരുവുവാണിഭം പ്രധാനമായിരുന്നതിനാല്‍ കാര്‍ത്തികപ്പള്ളി തെരുവെന്നും അറിയപ്പെട്ടിരുന്നു. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കന്നുകാലി ചന്തയായിരുന്ന മണ്ണൂര്‍ചന്ത വെട്ടുവേനിയിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മേജര്‍ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി തിരുവുത്സവം പ്രസിദ്ധമാണ്. പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും വിളിപ്പാടകലെയാണ് ചരിത്രപ്രസിദ്ധമായ അനന്തപുരം കൊട്ടാരം. രാജകോപത്തിനിരയായ കേരളകാളിദാസന്‍ കേരളവര്‍മ്മവലിയകോയിതമ്പുരാന്‍ തടവില്‍ പാര്‍പ്പിക്കപ്പെട്ടത് ഇവിടെയാണ്. തിരുവിതാംകൂറിന്റെ ചരിത്രതാളുകളില്‍ ആദ്യമേ തന്നെ ആലേഖനം ചെയ്യപ്പെടാന്‍ പോന്ന പഴമയും പെരുമയും ഈ നാടിനുണ്ട്. തോമാശ്ളീഹാ സ്ഥാപിച്ച 7 പളളികളില്‍ ഒന്ന് കാര്‍ത്തികപ്പള്ളിയില്‍ ആയിരുന്നെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പടുന്നു. പിന്നോക്കജാതിയില്‍ പെട്ടവര്‍ക്ക് കലാസാംസ്കാരികരംഗത്ത് പ്രവേശിക്കുവാന്‍ വിലക്കുണ്ടായിരുന്ന കാലത്ത് അക്കന്റെപറമ്പില്‍ കഥകളിയോഗം സ്ഥാപിച്ച് തിരുവിതാംകൂറില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു മഹാദേവികാട് കാട്ടില്‍ തെക്കതില്‍ പെരുമാള്‍ (1866-1933). മണ്‍മറഞ്ഞ കൊച്ചുനാണു ആശാന്‍, കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കര്‍ (കൊച്ചു കിട്ടനാശാന്‍) കഥകളിരംഗത്ത് പ്രശസ്തരായ നടന്മാരാണ്. കാര്‍ത്തികപ്പളളി പഞ്ചായത്ത് മുമ്പ് വെട്ടുവേനി, പുതുകുണ്ടം, മഹാദേവികാട് നങ്ങ്യാര്‍കുളങ്ങര, ചിങ്ങോലി കരകള്‍ ഉള്‍പ്പെട്ടതായിരുന്നു. 1962-ല്‍ പഞ്ചായത്ത് പുന:സംഘടിപ്പിച്ചപ്പോള്‍ നങ്ങ്യാര്‍കുളങ്ങര, ചിങ്ങോലി കരകള്‍ ചേര്‍ത്ത് ചിങ്ങോലി പഞ്ചായത്ത് രൂപീകരിച്ചു.