ചരിത്രം

ഈ കരൂര്‍ പഞ്ചായത്ത് എന്ന പേര് പോണാടുകരയില്‍ കരൂര്‍ എന്ന കുടുംബക്കാരുടെ ഒരു പുരയിടം കരൂര്‍ പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. ആ പുരയിടത്തില്‍ ഒരു പള്ളി സ്ഥാപിച്ചപ്പോള്‍ ആ പള്ളിക്ക് കരൂര്‍ പള്ളി എന്ന പേര്‍ കൊടുത്തു. ആ സ്ഥലത്ത് ഒരു എല്‍.പി.സ്കൂള്‍ വന്നപ്പോള്‍ ആ സ്കൂളിനും കരൂര്‍ പള്ളിക്കൂടം എന്ന പേര്‍ ലഭിച്ചു. കരൂര്‍ പള്ളിയും പള്ളിക്കൂടവും സ്ഥിതിചെയ്തിരുന്ന  പ്രദേശത്തെ പഞ്ചായത്തിനും ഇതുവഴി കരൂര്‍ എന്ന പേര്‍ ലഭിച്ചു. അറിയപ്പെട്ടിരുന്ന നാടിന്റെ അതിര് (അന്ത്യം) ആയി കണക്കാക്കപ്പെട്ടിരുന്ന പ്രദേശത്തിന് അന്തീനാട് എന്ന പേര്‍ ലഭിച്ചു എന്ന് പഴമക്കാര്‍ പറഞ്ഞുവരുന്നു. സാമുദായിക സമ്മര്‍ദ്ദ ഫലമായി ബ്രാഹ്മണര്‍ അധികാരം വിട്ടൊഴിഞ്ഞുപോയ നാടാണ് പോണാട് എന്ന് പറയപ്പെടുന്നു. അതല്ല കാട് വെട്ടിത്തെളിച്ചു ചെന്നപ്പോള്‍ കാട്ടാടുകള്‍ ഓടിമറയുന്നതുകണ്ട് ആട് പോയ് മറഞ്ഞ നാട് എന്ന അര്‍ത്ഥത്തില്‍ പോണാട് എന്നു വിളിച്ചിരുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്. വഴിയാത്രക്കാര്‍ക്ക് വെള്ളം (സമ്പാരം) വിതരണം ചെയ്തിരുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ വെള്ളപ്പുര എന്ന പേരു നെച്ചിപ്പുഴൂരിന് ലഭിച്ചിട്ടുണ്ട്. നെച്ചിപ്പുഴൂരിനെ വെള്ളപ്പുര എന്ന പേരില്‍ ഇന്നു പലരും ഉപയോഗിക്കുന്നു. നാടുവാഴികളായിരുന്ന വള്ളിയില്‍ കൈമള്‍മാരുടെ തറവാടിനോട് ചേര്‍ന്നുള്ള ചിറ (കുളം) ഇരുന്നിരുന്ന പ്രദേശമായതുകൊണ്ട് ആ കരയ്ക്ക് വള്ളീച്ചിറ എന്ന പേരു ലഭിച്ചു. 84 സെന്റു വിസ്തീര്‍ണ്ണമുള്ളതും ഈ പഞ്ചായത്തിലെ ഏറ്റവും വലിപ്പമുള്ളതുമായ വള്ളീയില്‍ കുളവും കളപ്പുരയും ഇന്നും വൈക്കം പാലാ റോഡ് സൈഡില്‍  കാണാവുന്നതാണ്. വലവൂര്‍ അതിപുരാണവും പ്രശ്സതവുമായിരുന്ന കൊല്ലിച്ചിറ ക്ഷേത്രധികാരം സംബന്ധിച്ച് നാടുവാഴികളും ക്ഷേത്രത്തിന്റെ ഭരണാധികാരികളുമായിരുന്ന പുല്ലന്‍പ്ളാവില്‍ കൈമളുടെ രണ്ട് തായ് വഴികള്‍ തമ്മിലുള്ള യുദ്ധംമൂലം ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകുകയും ക്ഷേത്രം നശിക്കുകയും ചെയ്തു. ഒരു തായ് വഴിയിലെ ഒരാള്‍ ആലുവായ്ക്കടുത്തുള്ള തിരുവാലൂര്‍ എന്ന സ്ഥലത്തുപോയി അവിടുത്തെ പരമശിവനെ പൂജിച്ച് ശക്തി ആവാഹിച്ച് കൊണ്ടുവന്ന് പ്രതിഷ്ഠിച്ച മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം തിരുവാലൂരെന്നും അത് ലോപിച്ച് വലൂരെന്നും വലവൂരെന്നും മാറി എന്നാണ് ഐതിഹ്യം. കുടക്കച്ചിറ-അക്ഷയപാത്രമായിരുന്നു. കുടുക്കകള്‍ കിഴക്കന്‍ മലകളില്‍ നിന്നും ഒഴുകിയെത്തി ചിറയായി മാറിയതുമൂലം ഫലഭൂയിഷ്ഠമായ സ്ഥലം ആദ്യകാലത്ത് കുടുക്കച്ചിറയും പിന്നീട് കുടക്കച്ചിറയുമായി മാറി എന്നാണ് ആ സ്ഥലത്തെപ്പറ്റി ചില ആളുകള്‍ പറഞ്ഞുവരുന്ന കഥകള്‍. ഈ പ്രദേശത്തിന് അതിപുരാതനമായ ഒരു സാംസ്കാരിക പൈത്യകം അവകാശപ്പെടാനുണ്ട് എന്നതിന്റെ വിളംബരമാണ് ഇവിടെ സ്ഥിതിചെയ്തിരുന്ന പ്രാചീനക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളില്‍ പലതും ആയിരത്താണ്ടുകള്‍ പിന്നിട്ടവയാണ്. എല്ലാ കരകളിലും വളരെ പഴയ ഒന്നോ അതിലേറെയോ ക്ഷേത്രങ്ങളുണ്ട്. അന്തീനാട് മഹാദേവക്ഷേത്രം, വലവൂര്‍ മഹാദേവക്ഷേത്രം, പയപ്പാര്‍ ശാസ്താംക്ഷേത്രം, നെച്ചിപ്പുഴൂര്‍ ചിറക്കരക്ഷേത്രം, ഇളപൊഴുതുപതി, ഇടനാട് ദേവീക്ഷേത്രം, പോണാട് ഭഗവതിക്ഷേത്രം, വള്ളീച്ചിറ പിഷാരുകോവില്‍, വലവൂര്‍, കുളങ്ങരക്കാവ് കുടക്കച്ചിറ ശ്രീകൃഷ്ണക്ഷേത്രം, ഇടനാടു മങ്കൊമ്പുഭഗവതി ക്ഷേത്രം, വലവൂരു പാട്ടുപുരയ്ക്കല്‍ക്ഷേത്രം എന്നിവയാണ് കരൂര്‍ പഞ്ചായത്തിലെ ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളിലെല്ലാം കൂടി വളരെ വിപുലമായ രീതിയില്‍ നടത്തിവന്നിരുന്ന ഉല്‍സവങ്ങള്‍ പ്രാചീനകാലം മുതല്‍ ഇവിടെ നിലനിന്നിരുന്ന കലാകൌതുകത്തേയും സംസ്കാര പൈതൃകത്തേയും പ്രഖ്യാപനം ചെയ്യുന്നു. പഞ്ചായത്തിലെ ഏറ്റവും  പുരാതനമായ പള്ളി വള്ളീച്ചിറക്കരയിലെ പൈങ്ങളും പള്ളിയാണ്. ഈ പള്ളിക്ക് ഏതാണ്ട് 400 കൊല്ലത്തെ പഴക്കമുണ്ട്. കുടക്കച്ചിറ പള്ളി, ചെറുകരപ്പള്ളി, ചിറ്റാര്‍ പള്ളി, കരൂര്‍ പള്ളി, വലവൂര്‍ പള്ളി, വലവൂര്‍ ഐക്കനാമഠം പള്ളി, അന്തീനാട് പള്ളി, അന്ത്യാളം പള്ളി, മുണ്ടാങ്കല്‍ പള്ളി എന്നിവയാണ് ഈ പഞ്ചായത്തിലെ ക്രൈസ്തവ ദേവാലയങ്ങള്‍.  ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ് ക്ഷേത്രം ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയ തുണ്ടത്തില്‍ ഇല്ലത്ത് നാരായണന്‍ നമ്പൂതിരി  മാതൃക കാട്ടി. പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് 1910-ല്‍ അന്തീനാട് ആരംഭിച്ച വെര്‍ണാകുലര്‍ സ്കൂളായിരുന്നു. തുടര്‍ന്ന് 1916-ല്‍ വലവൂരും കുടക്കച്ചിറ പ്രവിത്താനം വള്ളീച്ചിറ  ഇടനാട് തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകള്‍ ആരംഭിക്കുകയുണ്ടായി. മുന്‍കാലങ്ങളില്‍ കാര്‍ഷിക വിളകളായ ചുക്ക്, കുരുമുളക്, മഞ്ഞള്‍, കൊപ്ര തുടങ്ങിയ വസ്തുക്കള്‍ തലച്ചുമടായും കാളവണ്ടിയിലും പാലാ, ചേര്‍പ്പുങ്കല്‍ തുടങ്ങിയ മീനച്ചിലാറിന്റെ കടവുകളില്‍ എത്തിച്ച് ആലപ്പുഴയുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. നാട്ടിലാവശ്യമുള്ള വസ്തുക്കള്‍ തിരിച്ചും എത്തിച്ച് വ്യാപാരം നടത്തിയിരുന്നു. ഉണ്ണിക്കുന്നേല്‍ പോത്തന്‍വര്‍ക്കി അക്കാലത്ത് ആലപ്പുഴക്ക് മലഞ്ചരക്കും പാലക്കാടിന് പാക്കും കൊണ്ടുപോയി കച്ചവടം നടത്തിയിരുന്ന ഈ പ്രദേശത്തെ പ്രമുഖനായ കച്ചവടക്കാരനായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഈ പ്രദേശത്തെ ഹൈന്ദവ പ്രഭുകുടുംബങ്ങളില്‍ കഥകളി നടത്തുകയും കഥകളി ഗ്രൂപ്പുകള്‍ക്കുവേണ്ട പ്രോല്‍സാഹനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ക്രൈസ്തവ ഭവനങ്ങളിലെ വിവാഹാഘോഷങ്ങള്‍ക്കും മറ്റും ജനോവാ നാടകം, ഉറുശീനാ നാടകം തുടങ്ങിയ തമിഴ് സംഗീത ചവിട്ടു നാടകങ്ങള്‍ നടത്തിവന്നിരുന്നു. ഗുരുകുല വിദ്യാഭ്യാസ മാതൃകയില്‍ ഇടനാട്ടില്‍ ഉണ്ടായിരുന്ന രാമകൃഷ്ണാശ്രമത്തില്‍ ഹരിജന്‍ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം ചെയ്യിക്കുകയും അതോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് മറ്റു സ്കൂളുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു.

സാംസ്കാരിക ചരിത്രം

കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഉന്നതമായ ഒരു പാരമ്പര്യമാണ് പഞ്ചായത്തിനുള്ളത്. വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട കലാസമിതികളുടെ ബാഹുല്യവും പ്രവര്‍ത്തി നിരതത്വവും ഇവിടുത്തെ സാംസ്കാരിക ചരിത്രം വിളിച്ചോതുന്നു. നിരവധി കലാരൂപങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു ഗ്രാമങ്ങള്‍. പരിചമുട്ടുകളി, തലയാട്ടംകളി, കുതിരകെട്ട്, തിരുവാതിരക്കളി തുടങ്ങിയവയെല്ലാം ചില ജനവിഭാഗങ്ങളില്‍ വേരുറപ്പിച്ചു നിന്നിരുന്നു. ഇവിടുത്തെ ക്ഷേത്രങ്ങളും പള്ളികളും ഇന്നാട്ടുകാരുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ട മാര്‍ഗദീപങ്ങളായി വര്‍ത്തിക്കുന്നു. നാട്ടുപ്രഭുക്കന്‍മാര്‍ തമ്മിലുള്ള വഴക്കുമൂലം നശിച്ച കൊല്ലിച്ചിറ ക്ഷേത്രവും ക്ഷയോന്മുഖമായ കുളങ്ങരക്കാവ് ക്ഷേത്രവും ഈ പ്രദേശത്തെ പ്രമുഖമായ ആരാധനാലയങ്ങളായിരുന്നു. മിക്ക ക്ഷേത്രങ്ങളിലും തനതായ ചില അനുഷ്ഠാനകലകളും ആചാരക്രമങ്ങളും നിലവിലുണ്ട്. എങ്കിലും വെളിച്ചപ്പാടുകള്‍ അന്യം നിന്നുവരികയാണ്. പോണാട് ക്ഷേത്രത്തില്‍ ഉല്‍സവത്തിനോടനുബന്ധിച്ചു നടക്കുന്ന പടയണി, നെച്ചിപ്പുഴൂര്‍ ഇളപൊഴുത് പതിയിലെ തുള്ളല്‍ ഇവയൊക്കെ എടുത്തുപറയാവുന്നവയാണ്. മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും കളമെഴുത്ത് പാട്ടും മറ്റും ഇപ്പോഴും നിലനില്‍ക്കുന്നു. ചെണ്ടമേളം, ബാന്‍ഡുവാദ്യം തുടങ്ങിയ കലാരൂപങ്ങള്‍ വാദ്യ വൈദഗ്ദ്ധ്യം വിളിച്ചോതുന്നു.  ക്ഷേത്രങ്ങളോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ കഥകളി കലാകാരന്‍മാര്‍ ആഴ്ചകളോളം താമസിച്ച് കഥകളി അവതരിപ്പിച്ചു വന്നിരുന്നു. പള്ളി തിരുനാളുകളോടനുബന്ധിച്ച് ജനോവ നാടകം, ഉര്‍ശിന നാടകം, ചവിട്ടുനാടകം ഇവയൊക്കെ നടത്തിയിരുന്നു. ബൈബിള്‍ കഥകള്‍ തമിഴ് ഗാനരൂപത്തില്‍ പാടി അഭിനയിക്കുന്ന കായികപ്രധാനമായ കലാരൂപങ്ങളാണ് ജനോവാ നാടകം, ഉര്‍ശിന നാടകം, ചവിട്ടുനാടകം എന്നിവ. ധനുമാസത്തിലെ തിരുവാതിര നാളില്‍ പെണ്‍കുട്ടികള്‍ ഏതെങ്കിലും ഒരു വീട്ടില്‍ ഒത്തുകൂടി നടത്തുന്ന പാതിരാപ്പൂചൂടല്‍, തിരുവാതിരകളി, കൊയ്ത്തിനുശേഷം കര്‍ഷകത്തൊഴിലാളികള്‍ കതിരുകള്‍ കുതിരയുടെ രൂപത്തില്‍ കെട്ടി ഉടുക്കിന്റേയും ചെണ്ടയുടേയും താളത്തില്‍ ആടി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന കുതിരകളി, പരിചമുട്ടുകളി, തലയാട്ടംകളി, ഓണത്തോടനുബന്ധിച്ച് നടന്നിരുന്ന വിവിധ കലാരൂപങ്ങള്‍ ഇവയൊക്കെ ഈ പ്രദേശത്തെ സാംസ്കാരിക രംഗത്തെ സജീവമാക്കി നിര്‍ത്തിയിരുന്നു. സാഹിത്യ ഇനങ്ങളായ അക്ഷരശ്ളോകം, കാവ്യകേളി തുടങ്ങിയവ ഇവിടെ നിലനിന്നിരുന്നു. അടുത്തകാലത്ത് ഇടനാട് കേന്ദ്രമാക്കി കെ.എന്‍.വിശ്വനാഥന്‍ നായരുടെ നേതൃത്വത്തില്‍ ഉദയംകൊണ്ട കൈരളി ശ്ളോകരംഗം കേരളമെങ്ങും പ്രസിദ്ധമായിക്കഴിഞ്ഞു. സാംസ്കാരിക വളര്‍ച്ചക്ക് ഈ പഞ്ചായത്തിലെ ഗ്രന്ഥശാലകളുടെ സംഭാവന വളരെ വലുതാണ്. ക്ളാസിക്കല്‍ സംഗീതം, മൃദംഗം, ഓട്ടന്‍തുള്ളല്‍, ക്ളാസിക്കല്‍ നൃത്തം എന്നിവയില്‍ പ്രഗത്ഭരായ കലാകാരന്‍മാരും ഉണ്ട്. ശാസ്ത്രം സാമൂഹ്യനന്മയ്ക്ക് എന്ന സന്ദേശം സാധാരണജനങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനം പഞ്ചായത്തില്‍ സജീവമാണ്. നാടന്‍ കലാരൂപങ്ങള്‍, കലാജാഥകള്‍, ശാസ്ത്രപുസ്തകങ്ങളുടെ പ്രചാരണം, ചിലവ് കുറഞ്ഞ അടുപ്പ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രസത്യങ്ങള്‍ ജനമനസ്സുകളിലേക്ക് ആഴത്തിലെത്തിച്ചുകൊണ്ട് ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ ഊര്‍ജ്ജസ്വലമായി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തിക്കുന്നു.