ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

കാരാകുറുശ്ശിയുടെ പ്രാചീനചരിത്രം അനാവരണം ചെയ്യുന്ന നിരവധി വസ്തുതകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എഴുത്താന്‍പാറയിലെ ശിലാലിഖിതവും, പള്ളിക്കുറുപ്പ് പടയും, ടിപ്പുസുല്‍ത്താന്‍ പാതയും, അയിരുമടകളും(ഖനി), പുരാതനമായ കോളപ്ളാകംപള്ളിയിലെ ലിഖിതരേഖകളും അവയില്‍ ചിലതാണ്. പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാറില്‍ വള്ളുവനാട് താലൂക്കില്‍പ്പെട്ടിരുന്ന കാരാകുറുശ്ശി, കേരളപ്പിറവിക്കുശേഷം ഒറ്റപ്പാലം താലൂക്കിന്റെയും തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്കിന്റെയും കീഴിലായി. കാഞ്ഞിരപ്പുഴ, തുപ്പനാട്പുഴ, നെല്ലിപ്പുഴ, എന്നീ പുഴകളാല്‍ മൂന്നുവശവും ചുറ്റപ്പെട്ട ഈ വിസ്തൃതമായ പ്രദേശം പാലക്കാട്-കോഴിക്കോട് റോഡില്‍ നിന്ന് മാറി അല്‍പം ഉള്ളിലായി സ്ഥിതിചെയ്യുന്നു. ക്ഷേത്രങ്ങളും ക്ഷേത്രകലകളും ആചാരങ്ങളും കാവുകളിലെ വേലകളും പരിചമുട്ടുകളി, ഭഗവതിപ്പാട്ട്, പുള്ളുവന്‍പാട്ട്, ചെറുമക്കളി, പാങ്കളി, തിറ, പൂതന്‍ തുടങ്ങിയ നാടന്‍കലകളും അന്നത്തെ ജാതി-ആചാര-ആരാധനക്രമങ്ങളില്‍ നിലനിന്ന വൈവിധ്യങ്ങളിലേക്ക്  വെളിച്ചംവീശുന്നു. തമ്പ്രാ, തമ്പ്രാട്ടി, മൂത്താര്, ചെനാര്, ആണ്ടാര്, ചേപ്പന്‍, കരിക്കാടി, കഞ്ഞരപ്ളാന്‍, ചെമ്പുകാശ്, പഴങ്കാശ്, പഴമനസ്സ്, റാന്‍, അടിയന്‍, വെടൊള്ളുക തുടങ്ങിയ അടിമ വചനങ്ങളുടെ തിരോധാനം പൂര്‍ണ്ണമായിക്കഴിഞ്ഞു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തതുവഴി താമ്രപത്രം ലഭിച്ച പള്ളിക്കുറുപ്പ് കണ്ടമംഗലത്തെ കുട്ടികൃഷ്ണപണിക്കര്‍ മുതല്‍ വെള്ളപട്ടാളത്തിന്റെ കൊടിയമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും അറിയപ്പെടാതെ അംഗീകരിക്കപ്പെടാതെ പോയ ചെന്ത്രാനി പത്മനാഭന്‍നായരെപ്പോലുള്ളവരും കാരാകുറുശ്ശിയുടെ ചരിത്രവ്യക്തിത്വങ്ങളാണ്. ഭൂപരിഷ്കരണനിയമമാണ് കാരാകുറുശ്ശിയുടെ മുഖച്ഛായ മാറ്റുന്നത്. ഏതാനും ജന്മികള്‍ കൈയ്യാളിയിരുന്ന പഞ്ചായത്തിലെ ആകെ ഭൂമി അതുവഴി കുടിയാന്‍മാര്‍ക്കും കുടികിടപ്പുകാര്‍ക്കും ലഭിച്ചു. ഭൂബന്ധങ്ങളില്‍ വന്ന ഈ അടിസ്ഥാനമാറ്റം സാമൂഹ്യ ജീവിതത്തില്‍ അവര്‍ണ്ണനീയമായ പരിവര്‍ത്തനങ്ങള്‍ക്ക് ഇടവരുത്തി. കാലിമേച്ചും ജന്മിക്ക് കാര്യസ്ഥത വഹിച്ചും നടന്നിരുന്ന കുടിയാന്റെ മക്കള്‍ അക്ഷരം അറിഞ്ഞുതുടങ്ങിയതും കാടുകയറിക്കിടന്നിരുന്ന കന്നി മണ്ണില്‍ കള വീണതും അങ്ങനെയാണ്. ഇത് സാമൂഹിക, സാമ്പത്തിക മാറ്റത്തിന് നാന്ദി കുറിച്ചു. കാരാകുറുശ്ശിയിലെ പൊന്നങ്കോട്-കൂട്ടിലക്കടവ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത് സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. 1956-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജനകീയകലാസമിതി ഈ പഞ്ചായത്തുപ്രദേശത്ത് സാമൂഹിക സാംസ്ക്കാരിക ജനകീയ മുന്നേറ്റത്തില്‍ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തു പറയേണ്ടതാണ്. കാരാകുറുശ്ശി ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥലത്തെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനം, പൊന്നങ്കോട്-കൂട്ടിലക്കടവ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഈ സമിതിയുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. 1980-കളില്‍ കാരാകുറുശ്ശിയില്‍ നിര്‍മ്മിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും, 1993-ല്‍ കാരാകുറുശ്ശി ഹൈസ്കൂളില്‍ ജൂബിലി കെട്ടിടം നിര്‍മ്മിച്ചതിലുമെല്ലാം കാരാകുറുശ്ശിയിലെ ജനങ്ങളുടെ നിര്‍ലോഭമായ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. കാരാകുറുശ്ശിയില്‍ 1994 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ദാറുസലാം ഇസ്ളാമിക കോംപ്ളക്സ് നിര്‍ദ്ധനരായ കുട്ടികളെ സംരക്ഷിച്ചു വരുന്നു. തെങ്ങ്, കമുക്, വാഴ, റബ്ബര്‍, കുരുമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. 24 ശതമാനത്തോളം വരുന്ന സമതലപ്രദേശങ്ങളില്‍ മണല്‍ നിറഞ്ഞ കളിമണ്ണാണുള്ളത്. കുന്നുകള്‍ക്കിടയിലെ വിസ്തൃതി കുറഞ്ഞ താണ പ്രദേശമാണിത്. ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗവും നെല്‍കൃഷി ചെയ്തുവരുന്നു. ഇതില്‍ ചില പ്രദേശങ്ങളില്‍ മുന്‍കാലങ്ങളില്‍ പുഞ്ചകൃഷിക്കു പോലും ജലലഭ്യത ഉണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ ഇരുപ്പുനിലങ്ങളായി മാറി. പലയിടങ്ങളിലും നെല്‍കൃഷിയുടെ സ്ഥാനത്ത് വാഴയും തെങ്ങും കവുങ്ങും സ്ഥാനം പിടിച്ചിരിക്കുന്നു. കാരതല്ലും കന്നുപൂട്ടും, മകരകൊയ്ത്തിനുശേഷം വരുന്ന കാവുവേലകളും നിറഞ്ഞ സാംസ്കാരിക പാരമ്പര്യമാണ് കാരാകുറുശ്ശിയുടേത്. ക്ഷേത്രോല്‍സവങ്ങളും കാവുവേലകളും ഉള്ളവനേയും ഇല്ലാത്തവനേയും ഒരേപോലെ തൃപ്തിപ്പെടുത്തിയിരുന്നു. കഥകളിയും, പാങ്കളിയും, പരിചമുട്ടുകളിയും ഒരുപോലെ ഇവിടെ പ്രചാരം സിദ്ധിച്ചിരുന്നു. 1950-കളില്‍ അഭ്യസ്തവിദ്യരായ കുറെ ചെറുപ്പക്കാരുടെ സംഘം കാരാകുറുശ്ശി മുക്കട്ടയില്‍ ആരംഭിച്ച ജനകീയ കലാസമിതിയാണ് പഞ്ചായത്തിലെ ആദ്യത്തെ സാംസ്കാരിക കേന്ദ്രം. തുടര്‍ന്ന് ഏറെക്കാലം ഈ ഗ്രാമത്തിന്റെ കലാ, സാംസ്കാരിക, രാഷ്ട്രീയ മുന്നേറ്റത്തില്‍ ഈ സമിതി സജീവമായി ഉണ്ടായിരുന്നു. പഞ്ചായത്തു വക ഒരു വായനശാലയും ഉണ്ടായിരുന്നു. അന്ന് ഈ സമിതിയില്‍ ഉണ്ടായിരുന്ന റേഡിയോ, ഗ്രാമീണരില്‍ കൌതുകവും ജിജ്ഞാസയും ഉളവാക്കി. ഒരു കാര്യത്തില്‍ കാരാകുറുശ്ശിക്ക് അഭിമാനിക്കാം. മതസൌഹാര്‍ദ്ദത്തില്‍ ഈ ഗ്രാമം മുന്നില്‍ നില്‍ക്കുന്നു. പത്തോളം ക്ഷേത്രങ്ങളും 15-ല്‍പരം കാവുകളും 8-ലധികം മുസ്ളീം പള്ളികളും 3 ക്രിസ്ത്യന്‍ പള്ളികളുമുള്ള ഈ പഞ്ചായത്തിലെ ആരാധനാലയങ്ങളിലെ എല്ലാ ആഘോഷങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ ഗ്രാമവാസികളെല്ലാം പങ്കുചേരുന്നു.