ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

കപ്പൂര്‍ എന്ന സ്ഥലനാമത്തെക്കുറിച്ച് പല നിഗമനങ്ങളുമുണ്ടെങ്കിലും പ്രാചീന സംസ്കാരവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ശിലായുഗകാലത്തിന്റെ അവശിഷ്ടങ്ങളായ ഗുഹകള്‍, ശിലാലിഖിതങ്ങള്‍, നന്നങ്ങാടികള്‍ തുടങ്ങിയവ ഈ ഗ്രാമത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അന്വേഷണം മാവറയിലുള്ള അപ്പത്തുംകുന്നിലേക്കും മഹാപണ്ഡിതനായിരുന്ന അപ്പത്ത് അടിതിരിയെപ്പോലുള്ളവരിലേക്കും ചെന്നത്തുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന ചില ക്ഷേത്രങ്ങള്‍ക്ക് പാചീന ചരിത്രവുമായി ബന്ധമുണ്ട്. ശതാബ്ധങ്ങള്‍ പഴക്കമുള്ള മുസ്ളീം ദേവാലയങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. ദേശീയപ്രസ്ഥാനത്തില്‍ ഈ പ്രദേശത്തുകാരായ നെല്ലേക്കാട്ട് വെഴൂര്‍ വാരിയത്ത് ശൂലപാണി വാര്യര്‍, വാക്കുളങ്ങര മുഹമ്മദ്, തോണ്ടലില്‍ മൂസക്കുട്ടി, കെ.പി.മാധവമേനോന്‍, എന്‍.വി.രാമവാര്യര്‍, പി.വൈ.ഹമീദ് തുടങ്ങിയവരുടെ സംഭാവനകള്‍ സ്മരണീയമാണ്. ഏകാധ്യാപക വിദ്യാലയങ്ങളും കുടിപ്പള്ളിക്കൂടങ്ങളുമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് ഈ പഞ്ചായത്തില്‍ നാന്ദി കുറിച്ചത്. ഈ പഞ്ചായത്തില്‍ ആദ്യമായി ഒരു ബോര്‍ഡ് എലിമെന്ററി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് കുമരനല്ലൂരിലാണ്. കുമരനല്ലൂരില്‍ തന്നെ 1929ല്‍ ഒരു ബോര്‍ഡ് ഹൈസ്കൂളും സ്ഥാപിക്കപെട്ടു. കുമരനല്ലൂരിലെ ഗ്രാമീണ വായനശാലയ്ക്ക് നൂറ് വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാനുണ്ട്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരുടെ ഒരു നിരതന്നെ ഈ പഞ്ചായത്തിന്റെ സംഭാവനയായിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ രംഗങ്ങളില്‍ പേരും പെരുമയുമാര്‍ജ്ജിച്ച മഹാകവി അക്കിത്തം, പ്രതിരോധ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.വി.എ.മേനോന്‍, ഐ.എ.എസ് ജസ്റ്റിസ് പി.റ്റി.രാമന്‍നായര്‍,ജസ്റ്റിസ് പി.സി.ബാലകൃഷ്ണമേനോന്‍,ജസ്റ്റിസ് വി.പി.രാധാകൃഷ്ണ മേനോന്‍, ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ ഡോ.അഹമ്മദ് ബാവഷ, പ്രസിദ്ധ ചിത്രകാരനായ അക്കിത്തം നാരായണന്‍ തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ സന്തതികളാണ്. കപ്പൂര്‍ ഗ്രാമത്തില്‍ ഉല്‍സവകൊടിയേറ്റങ്ങളും ആണ്ടുനേര്‍ച്ചകളും ജനങ്ങള്‍ ഒരേ മനസോടെ കൊണ്ടാടുന്നു.