ചരിത്രം

നാട്ടുരാജാക്കന്‍മാരുടെ ഭരണത്തിന്റേയും, ബ്രിട്ടീഷ് തേര്‍വാഴ്ചയുടേയും, ഫ്യൂഡല്‍ ജന്മിമാരുടെ സര്‍വ്വാധിപത്യത്തിന്റേയും തിക്താനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് ഇവിടുത്തെ അടിസ്ഥാനവര്‍ഗ്ഗം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരേയും, സാധാരണക്കാര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കാനോ, ചെരുപ്പുകള്‍ ഉപയോഗിക്കാനോ, സ്ത്രീകള്‍ക്കു മാറുമറയ്ക്കാനോ പോലും സവര്‍ണ്ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല, പിന്നോക്ക വിഭാഗങ്ങള്‍ക്കു സവര്‍ണ്ണമേധാവികളുടെ വടക്കിനിമുറ്റത്ത് കിരാതവും നിന്ദ്യവുമായ രീതിയില്‍ മണ്ണില്‍ കുഴികുത്തിവെച്ച ഇലയിലായിരുന്നു കഞ്ഞി വീഴ്ത്തി കൊടുത്തിരുന്നത്. ജന്മം, കാണം തുടങ്ങിയ രീതികളായിരുന്നു ഇവിടുത്തെ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. വേങ്ങര പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ പുരാതനകാലം മുതല്‍ തന്നെ ആടുമാടുകളേയും കോഴികളേയും വളര്‍ത്തിയിരുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള മലമ്പ്രദേശത്തും അതിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഒരുകാലത്ത് ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം തന്നെ കാലിവളര്‍ത്തലായിരുന്നു. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനം, ഈ പ്രദേശത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടമായി വളര്‍ത്തിയെടുക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അണിനിരത്തിക്കൊണ്ടാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഇവിടെയും പ്രവര്‍ത്തനമാരംഭിച്ചത്. എ.കെ.ജി, കെ.ദാമോദരന്‍ മുതലായവര്‍ ഈ പ്രദേശത്ത് താമസിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. പൊതുവിതരണ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ ഇവിടെ ആരംഭിച്ചിരുന്നു. കര്‍ഷകരില്‍നിന്നും അവന്റെ ആവശ്യം കഴിച്ചുള്ള ബാക്കി ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. “പാലക്കാടന്‍ പറ” അളവില്‍ നെല്ല് ഇത്തരം കേന്ദ്രങ്ങളില്‍ സ്വീകരിച്ചിരുന്നു. കളിയടക്ക ഉണ്ടാക്കലും, വള്ളിക്കൊട്ട മെടയലുമാണ് പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍. കപ്പ പറിച്ച് വെട്ടിയുണക്കിയുണ്ടാക്കുന്ന “നുറുക്ക്” അന്യനാടുകളിലേക്കും കയറ്റിയയച്ചിരുന്നു. ഇഞ്ചി, ചുക്ക്, കുരുമുളക്, വെറ്റില എന്നിവയും ഇവിടെ സുലഭമായിരുന്നു. കുന്നിന്‍പ്രദേശങ്ങളിലും ചെരിഞ്ഞഭാഗങ്ങളിലും ചെയ്തുവരുന്ന പ്രധാനകൃഷി തെങ്ങാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വാഴ, കവുങ്ങ്, വെറ്റില എന്നീ കൃഷികളും വിപുലമായി നടക്കുന്നുണ്ട്. മാവ്, പ്ളാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. മുക്കാല്‍ നൂറ്റാണ്ടു മുമ്പ് ഈ പ്രദേശത്ത് പറമ്പുവിളകള്‍ക്കായിരുന്നു പ്രാമുഖ്യം. അക്കാലത്തെ പ്രധാന വിള ഇഞ്ചിയായിരുന്നു. കിഴക്കന്‍, നാടന്‍ എന്നീ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്.