കണ്ണാടി

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ കുഴല്‍മന്ദം ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കണ്ണാടി. 1963-ല്‍ ആണ് ഈ പഞ്ചായത്ത് നിലവില്‍ വന്നത്. 19.80 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ പൊതുസ്ഥിതി വിശകലനം ചെയ്യുമ്പോള്‍ 100 ശതമാനം സാക്ഷരത നേടിയ ഒരു പ്രദേശമാണ് കണ്ണാടി ഗ്രാമപഞ്ചായത്ത് എന്നു കാണാം. കെ.ആര്‍.സേതുമാധവന്‍ ആയിരുന്നു ആദ്യത്തെ പ്രസിഡണ്ട്(17.12.1963-30.09.09.1984).  ഈ പഞ്ചായത്തിന്റെ കിഴക്ക് കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ് മാത്തൂര്‍, കുഴല്‍മന്ദം, പിരായിരി പഞ്ചായത്തുകളും, തെക്ക് തേങ്കുറിശ്ശി, പെരുവെമ്പ് പഞ്ചായത്തുകളും, വടക്ക് പിരായിരി പഞ്ചായത്തും, പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കണ്ണാടി ഗ്രാമപഞ്ചായത്ത് 95% സമതലപ്രദേശവും ബാക്കി ചെറുചരിവുകളും ആണ്. മണല്‍കലര്‍ന്ന പശിമയുള്ള മണ്ണും,കളിമണ്ണും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ മണ്ണിന്റെ വകഭേദങ്ങള്‍. നെല്ല്, പയര്‍, പച്ചക്കറികള്‍, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, പ്ളാവ്, കശുമാവ്, മാവ്, കവുങ്ങ്, കരിമ്പ്, ഇഞ്ചി തുടങ്ങിയവയാണ് ഈ പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. കണ്ണാടി പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും ജീവിതോപാധി കൃഷിയായിരുന്നു. ഗ്രാമത്തിലൂടെ ഒഴുകുന്ന ഏക നദി ഭാരതപ്പുഴയാണ്. 20-ല്‍ പരം കുളങ്ങളും, മലമ്പുഴ കനാലും ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. വിവിധയിനം ചെറുകിട വ്യവസായ യൂണിറ്റുകളും ഈ പഞ്ചായത്തില്‍ പലസ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു. ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് കണ്ണാടി. കൂടാതെ കേരളത്തിന്റെ രണ്ടാമത്തെ വ്യാവസായിക മേഖലയായ കഞ്ചിക്കോടിനു സമീപം സ്ഥിതി ചെയ്യുന്നു എന്ന വസ്തുതയും ഈ പഞ്ചായത്തിന്റെ  വ്യാവസായിക മേഖലക്ക്  അനുകൂല ഘടകമാണ്.മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മൃഗാശുപത്രികള്‍ പഞ്ചായത്തിലെ വടക്കുമുറിയിലും, ആന്നൂര്‍ക്കാവിലുമായി സ്ഥിതി ചെയ്യുന്നു. ദേശസാല്‍കൃത ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെയും ഓരോ ശാഖകള്‍ കണ്ണാടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണാടി സര്‍വ്വീസ് സഹകരണ ബാങ്ക്, കാനറാ ബാങ്കിന്റെ ശാഖ തുടങ്ങിയവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കണ്ണാടി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ വിദേശയാത്രയ്ക്ക് ഉപയോഗിക്കുന്നത് പഞ്ചായത്തിനടുത്തുള്ള കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പാലക്കാട് റെയില്‍വേ സ്റ്റേഷനാണ് ഈ പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റയില്‍വേ സ്റ്റേഷന്‍. പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം, കൊച്ചി തുറമുഖമാണ്. പാലക്കാട് ബസ് സ്റ്റാന്റാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത ബസ്സ് സ്റ്റാന്റ്. ദേശീയപാത 47, കണ്ണാടി പഞ്ചായത്തിലൂടെ 5 കി.മീ. ദൂരം കടന്നു പോകുന്നുണ്ട്. പഞ്ചായത്തിന്റെ നടുവിലൂടെയാണ് ദേശീയപാത കടന്നു പോവുന്നത്. ഗതാഗത മേഖലയിലെ പുരോഗതിയുടെ തെളിവാണ് ഇവിടത്തെ പ്രധാന പാലങ്ങളായ യാക്കരപ്പാലം, തിരുനെല്ലായ് പാലം എന്നിവ.പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളാണ് ഉപ്പുംപാടം, യാക്കര, കിനാശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ ഷോപ്പിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പാത്തിക്കലില്‍ ആഴ്ച ചന്തയും പ്രവര്‍ത്തിക്കുന്നു.ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രം പാലാന, ആയുര്‍വേദ ഡിസ്പെന്‍സറി പാലാന തുടങ്ങിയവ പ്രാഥമിക ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും, ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.പാലാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആംബുലന്‍സ് സൌകര്യം ലഭ്യമാണ്.