ചരിത്രം

പാലക്കാട് ജില്ലയില്‍ പാലക്കാട് താലൂക്കില്‍ കുഴല്‍മന്ദം ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കണ്ണാടി ഗ്രാമപഞ്ചായത്ത്. 1954-ല്‍ കുഴല്‍മന്ദം പഞ്ചായത്ത് രൂപീകൃതമായി. 1954 മെയ് 24-ന് ആദ്യത്തെ ഭരണസമിതി നിലവില്‍ വന്നു. ആദ്യപ്രസിഡന്റ് എന്‍.ബി.ബാലചന്ദ്രനും, വൈസ് പ്രസിഡന്റ് കെ.ശങ്കുണ്ണിനായരുമാണ്. കണ്ണാടി പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡണ്ട് കെ.ആര്‍.സേതുമാധവനായിരുന്നു  (17.12.1963-30.09.1984). ഈ പഞ്ചായത്തിന്റെ കിഴക്ക് കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ് മാത്തൂര്‍, കുഴല്‍മന്ദം പിരായിരി പഞ്ചായത്തുകളും, തെക്ക് തേങ്കുറിശ്ശി, പെരുവെമ്പ് പഞ്ചായത്തുകളും, വടക്ക് പിരായിരി പഞ്ചായത്തും പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകള്‍.  കുഴല്‍മന്ദത്തെ പുല്‍പുരമന്ദത്തിന് തൊട്ടുവടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന മരുതൂര്‍ ക്ഷേത്രത്തോട് തൊട്ടാണ് കുഴല്‍മന്ദം കൊട്ടാരം സ്ഥിതിചെയ്യുന്നത്. അതിന്റെ അവശിഷ്ടമായി ഒരു കല്‍പത്തായവും കല്‍ത്തറയും കല്‍ച്ചുമരും ഇന്നുണ്ട്. കോലത്തിരി രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കുഴല്‍വിളി നടന്നിരുന്ന മന്‍ട്രം (മന്ദം) കുഴല്‍ മന്ദമായതാണെന്ന് പറയപ്പെടുന്നു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി അബ്ദുള്‍ സാഹിബ് ജീവിച്ചിരുന്ന പ്രദേശമാണിത്. യുദ്ധവിരുദ്ധ സമരം നടത്തിയതിന് കെ.സി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.സി.വേലപ്പന്‍ നായര്‍ എന്നിവരെ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. 1930-ല്‍ ഇവിടെ നടന്ന മിശ്രഭോജനത്തിന് സാക്ഷ്യം വഹിക്കുവാന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എത്തിയിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ഈ പഞ്ചായത്ത് സന്ദര്‍ശിച്ചിട്ടുണ്ട്. 1928-ല്‍ കര്‍ഷക പ്രക്ഷോഭം ഈ പഞ്ചായത്തില്‍ നടന്നു. 1915-ല്‍ കുഴല്‍മന്ദത്തിലെ കണ്ണന്നൂരില്‍ സ്ഥാപിച്ച എല്‍.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം.എന്‍.എച്ച്-47-നു സമീപം സ്ഥിതിചെയ്യുന്ന കുഴല്‍മന്ദം കന്നുകാലിചന്ത വളരെ പഴക്കമുള്ളതും പ്രശസ്തവുമാണ്. അധിക ഭാഗവും കറുത്തകോട്ടന്‍ മണ്ണാണ്. ചെറിയ കുന്നുകള്‍ ഒഴിച്ചാല്‍ ബാക്കി സമതല പ്രദേശമാണ്.മഹാദേവക്ഷേത്രം, വടക്കുംനാഥക്ഷേത്രം, മരുതൂര്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. കൂടാതെ നിരവധി ക്രിസ്ത്യന്‍ മുസ്ളീം ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്.കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് എഴുത്തുപള്ളിക്കൂടങ്ങള്‍ ആണ്. ഈ പ്രദേശത്തു ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം മാധവന്‍ മാസ്റ്ററുടെ ലോവര്‍ എലിമെന്ററി സ്ക്കൂളാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പറക്കുളത്ത് ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ബി.ഇ.എം മാനേജ്മെന്റിന് കൈമാറി. പിന്നീട് ഇത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ആ കാലഘട്ടത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്കു വേണ്ടി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള്‍ ആരംഭിച്ചു. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. നിരവധി ക്ഷേത്രങ്ങളും, മുസ്ളീം പള്ളിയും, ക്രിസ്ത്യന്‍ ദേവാലയവും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. അയ്യപ്പന്‍ വിളക്ക്, വിഷുവേല, വെടിനാള് ശിവരാത്രി മഹോത്സവം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍, നവരാത്രിമഹോത്സവം തുടങ്ങിയ വിവിധ ഉത്സവങ്ങള്‍ ഈ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ഗ്രാമീണ ഉത്സവങ്ങളില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങളും ഒത്തുകൂടുന്നു. മതസൌഹാര്‍ദ്ദത്തിന്റെ വിളനിലമാണ് കണ്ണാടി പഞ്ചായത്ത്. തെരുവത്ത് പള്ളി നേര്‍ച്ച, വിളയന്‍ ചാത്തന്നൂര്‍ പള്ളി നേര്‍ച്ച എന്നിവയില്‍ മുസ്ലീം സഹോദരങ്ങളോടൊപ്പം മറ്റു ജനവിഭാഗങ്ങളും പങ്കെടുക്കുന്നു. പൊതുപ്രവര്‍ത്തകനും മുന്‍ എം.എല്‍.എ യുമായ ജോണ്‍കിട്ട, പുറാട്ടംകളി ആശാനായിരുന്ന കണ്ണന്നൂര്‍കണ്ടു തുടങ്ങി പ്രഗത്ഭര്‍ ജീവിച്ചിരുന്നത് ഈ പഞ്ചായത്തിലായിരുന്നു. കണ്ണന്നൂര്‍കണ്ടുആശാന്‍ സംസ്ഥാനതല അംഗീകാരം ലഭിച്ച കലാകാരനായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകനായ കെ.എന്‍.കുഞ്ചു, സി.വി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. പഞ്ചായത്തിലെ അറിയപ്പെടുന്ന സാംസ്കാരിക സ്ഥാപനമാണ് പാത്തിക്കലുള്ള തൊഴില്‍ശാല. നിരവധി ഗ്രന്ഥശാലകളും, വായനശാലകളും പഞ്ചായത്തിലുടനീളം പ്രവര്‍ത്തിക്കുന്നു. പുലരി കലാസമിതി, ശിവാനന്ദ് സ്മാരക വായനശാല, പുഞ്ചിരി, യുവജന, സകനിക, സൂര്യ ക്ളബ്, നവ്യ ക്ളബ്, യുവധാര തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങളും പഞ്ചായത്തിനെ സാംസ്കാരിക സമ്പന്നമാക്കുന്നു.