പഞ്ചായത്തിലൂടെ

കണ്ണാടി -2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കണ്ണാടി ഗ്രാമപഞ്ചായത്ത് 95% സമതലപ്രദേശവും ബാക്കി ചെറുചരിവുകളും ആണ്. മണല്‍കലര്‍ന്ന പശിമയുള്ള മണ്ണും, കളിമണ്ണും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ മണ്ണിന്റെ വകഭേദങ്ങള്‍. നെല്ല്, പയര്‍, പച്ചക്കറികള്‍, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, പ്ളാവ്, കശുമാവ്, മാവ്, കവുങ്ങ്, കരിമ്പ്, ഇഞ്ചി തുടങ്ങിയവയാണ് ഈ പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. കണ്ണാടി പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും ജീവിതോപാധി കൃഷിയായിരുന്നു. ഗ്രാമത്തിലൂടെ ഒഴുകുന്ന ഏക നദി ഭാരതപ്പുഴയാണ്. 20-ല്‍ പരം കുളങ്ങളും, മലമ്പുഴ കനാലും ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. കൃഷി ആവശ്യങ്ങള്‍ക്ക് ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ പുരോഗതിക്ക് ഏറെ സഹായകരമായിരിക്കും. പാലക്കാട് ജില്ലയിലെ, പാലക്കാട് താലൂക്കിലെ കുഴല്‍മന്ദം ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കണ്ണാടി. 1969-ല്‍ ആണ് ഈ പഞ്ചായത്ത് നിലവില്‍ വന്നത്. 19.80 ച. കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്ത് 15 വാര്‍ഡുകളായാണ് വിഭജിച്ചിരിക്കുന്നത്. 2010 ആരംഭത്തില്‍ പഞ്ചായത്തിന്റെ പൊതുസ്ഥിതി വിശകലനം ചെയ്യുമ്പോള്‍ 21725 വരുന്ന ജനസംഖ്യയില്‍ 11094 പേര്‍ സ്ത്രീകളും, 10631 പേര്‍ പുരുഷന്‍മാരുമാണ് എന്നുകാണാം. 100 ശതമാനം സാക്ഷരത നേടിയ ഒരു പ്രദേശമാണ് കണ്ണാടി ഗ്രാമപഞ്ചായത്ത്.  ഈ പഞ്ചായത്തിന്റെ കിഴക്ക്-കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ്-മാത്തൂര്‍-കുഴല്‍മന്ദം പഞ്ചായത്തും, തെക്ക്-തേന്‍കുറിശ്ശി-പെരുവെമ്പ് പഞ്ചായത്തും, വടക്ക്-കണ്ണാടിപ്പുഴയുമാണ് അതിരുകള്‍. ഈ പഞ്ചായത്തില്‍ നിരവധി പൊതു കിണറുകളും പൊതു ടാപ്പുകളും കുടിവെള്ളം ലഭിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു. തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ നീതിസ്റ്റോറും, ഒരു മാവേലിസ്റ്റോറും ഈ പഞ്ചായത്തിലെ പൊതുവിതരണ രംഗത്ത് സജീവമാണ്. വ്യാവസായിക രംഗത്ത് എടുത്തു പറയേണ്ടത് ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ആനപ്പുറം ട്രെഡ് റബ്ബര്‍ കമ്പനിയും, ക്ളാസിക്ക് ബെല്‍റ്റു കമ്പനിയുമാണ്. വ്യവസായ ശാലകള്‍ക്കും, യന്ത്രങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും  ആവശ്യമായ റബ്ബര്‍ ബെല്‍റ്റുകള്‍ നിര്‍മ്മിക്കുന്നവയാണ് ഈ സ്ഥാപനങ്ങള്‍. കേരളത്തിനകത്തും പുറത്തും മാര്‍ക്കറ്റില്‍ നല്ല നിലവാരം പുലര്‍ത്തുന്നവയാണ് ഈ കമ്പനിയുടെ ഉല്പന്നങ്ങള്‍. ഈ വ്യാവസായിക സംരംഭങ്ങള്‍ കൂടാതെ ഫളോര്‍ മില്ലുകള്‍, പ്ളാസ്റ്റിക് ഉല്പന്നനിര്‍മ്മാണം, ഇലക്ട്രിക് ഉല്പന്നനിര്‍മ്മാണം, ഇലക്ട്രോ പ്ളേറ്റിങ്ങ്, ഐസ് പ്ളാന്റ്, സോപ്പ് നിര്‍മ്മാണം, ഫ്രീസര്‍, കൂളര്‍, ഫര്‍ണിച്ചര്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, പാക്കിംഗ് സാമഗ്രികള്‍, കറി പൌഡര്‍, സോഡ നിര്‍മ്മാണം തുടങ്ങിയ വിവിധയിനം ചെറുകിട വ്യവസായ യൂണിറ്റുകളും ഈ പഞ്ചായത്തില്‍ പലസ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ഡി.ഡബ്ളിയൂ.സി.ആര്‍.എ.സ്കീമില്‍ ഒരു ബാഗ് നിര്‍മ്മാണ യൂണിറ്റും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് കണ്ണാടി. കൂടാതെ കേരളത്തിന്റെ രണ്ടാമത്തെ വ്യാവസായിക മേഖലയായ കഞ്ചിക്കോടിനു സമീപം സ്ഥിതി ചെയ്യുന്നു എന്ന വസ്തുതയും ഈ പഞ്ചായത്തിനു വ്യാവസായികമായി വികസിക്കുന്നതിന് അനുകൂല ഘടകമാണ്. കണ്ണാടി ഗ്രാമ പഞ്ചായത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് എഴുത്തുപള്ളിക്കൂടങ്ങള്‍ ആണ്. ഈ പ്രദേശത്തു ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം മാധവന്‍ മാസ്റ്ററുടെ ലോവര്‍ എലിമെന്ററി സ്ക്കൂളാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പറക്കുളത്ത് ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ബി.ഇ.എം മാനേജ്മെന്റിന് കൈമാറി. പിന്നീട് ഇത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ആ കാലഘട്ടത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്കു വേണ്ടി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള്‍ ആരംഭിച്ചു. 2010-ലെ വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ചാല്‍ ഈ പഞ്ചായത്തില്‍ 2 സര്‍ക്കാര്‍ സ്കൂളുകളും, 6 സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നു കാണാം. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മൃഗാശുപത്രികള്‍ പഞ്ചായത്തിലെ വടക്കുമുറിയിലും, ആന്നൂര്‍ക്കാവിലുമായി സ്ഥിതി ചെയ്യുന്നു. ദേശസാല്‍കൃത ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെയും ഓരോ ശാഖകള്‍ കണ്ണാടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണാടി സര്‍വ്വീസ് സഹകരണ ബാങ്ക്, കാനറാ ബാങ്കിന്റെ ശാഖ തുടങ്ങിയവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണാടി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ വിദേശയാത്രയ്ക്ക് ഉപയോഗിക്കുന്നത് പഞ്ചായത്തിനടുത്തുള്ള കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പാലക്കാട് റെയില്‍വേ സ്റ്റേഷനാണ് ഈ പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റയില്‍വേ സ്റ്റേഷന്‍. പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം, കൊച്ചി തുറമുഖമാണ്. പാലക്കാട് ബസ്സ്റ്റാന്റാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത ബസ്സ്റ്റാന്റ്. ദേശീയപാത 47, കണ്ണാടി പഞ്ചായത്തിലൂടെ 5 കി.മീ. ദൂരം കടന്നു പോകുന്നുണ്ട്. പഞ്ചായത്തിന്റെ നടുവിലൂടെയാണ് ദേശീയപാത കടന്നു പോവുന്നത്. ഗതാഗത മേഖലയിലെ പുരോഗതിയുടെ തെളിവാണ് ഇവിടത്തെ പ്രധാന പാലങ്ങളായ യാക്കരപ്പാലം, തിരുനെല്ലായ് പാലം എന്നിവ. പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളാണ് ഉപ്പുംപാടം, യാക്കര, കിനാശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ ഷോപ്പിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പാത്തിക്കലില്‍ ആഴ്ച ചന്തയും പ്രവര്‍ത്തിക്കുന്നു. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. നിരവധി ക്ഷേത്രങ്ങളും, മുസ്ളീം പള്ളിയും, ക്രിസ്ത്യന്‍ ദേവാലയവും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. അയ്യപ്പന്‍ വിളക്ക്, വിഷുവേല, വെടിനാള് ശിവരാത്രി മഹോത്സവം, ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍, നവരാത്രിമഹോത്സവം തുടങ്ങിയ വിവിധ ഉത്സവങ്ങള്‍ ഈ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ഗ്രാമീണ ഉത്സവങ്ങളില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങളും ഒത്തുകൂടുന്നു. മതസൌഹാര്‍ദ്ദത്തിന്റെ വിളനിലമാണ് കണ്ണാടി പഞ്ചായത്ത്. തെരുവത്ത് പള്ളി നേര്‍ച്ച, വിളയന്‍ ചാത്തന്നൂര്‍ പള്ളി നേര്‍ച്ച എന്നിവയില്‍ മുസ്ലീം സഹോദരങ്ങളോടൊപ്പം മറ്റു ജനവിഭാഗങ്ങളും പങ്കെടുക്കുന്നു. പൊതുപ്രവര്‍ത്തകനും മുന്‍ എം. എല്‍. എ യുമായ ജോണ്‍കിട്ട, പുറാട്ടംകളി ആശാനായിരുന്ന കണ്ണന്നൂര്‍കണ്ടു തുടങ്ങി പ്രഗത്ഭര്‍ ജീവിച്ചിരുന്നത് ഈ പഞ്ചായത്തിലായിരുന്നു. കണ്ണന്നൂര്‍കണ്ടുആശാന്‍ സംസ്ഥാനതല അംഗീകാരം ലഭിച്ച കലാകാരനായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകനായ കെ.എന്‍.കുഞ്ചു. സി.വി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. പഞ്ചായത്തിലെ അറിയപ്പെടുന്ന സാംസ്കാരിക സ്ഥാപനമാണ് പാത്തിക്കലുള്ള തൊഴില്‍ശാല. നിരവധി ഗ്രന്ഥശാലകളും, വായനശാലകളും പഞ്ചായത്തിലുടനീളം പ്രവര്‍ത്തിക്കുന്നു. പുലരി കലാസമിതി, ശിവാനന്ദ് സ്മാരക വായനശാല, പുഞ്ചിരി, യുവജന, സകനിക, സൂര്യ ക്ളബ്, നവ്യ ക്ളബ്, യുവധാര തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങളും പഞ്ചായത്തിനെ സാംസ്കാരിക സമ്പന്നമാക്കുന്നു. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രം പാലാന, ആയുര്‍വേദ ഡിസ്പെന്‍സറി, പാലാന തുടങ്ങിയവ പ്രാഥമിക ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും, ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.പാലാന ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആംബുലന്‍സ് സൌകര്യം ലഭ്യമാണ്.