പഞ്ചായത്തിലൂടെ

സാമൂഹ്യ പശ്ചാത്തലം

92%-മാണ് കാഞ്ഞിരകുളം പഞ്ചായത്തിലെ സാക്ഷരതാ നിരക്ക്. അതിയന്നൂര്‍ ബ്ലോക്കിനു കീഴില്‍ വരുന്ന 12 പഞ്ചായത്തുകളില്‍ ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള പഞ്ചായത്താണിത്. ഈ പഞ്ചായത്തിലെ 65% വീടുകളും  ഓല മേഞ്ഞവയാണ്. ചെറുകുടിലുകളായതിനാല്‍ മേല്‍പ്പറഞ്ഞതില്‍ 2000-ത്തോളം വീടുകള്‍ വീട്ടുകരമൊഴിവായതാണ്. കോളനികള്‍ കേന്ദ്രീകരിച്ചാണ് അത്തരം കുടിലുകളിലേറെയും സ്ഥിതി ചെയ്യുന്നത്. വീടുകളുടെ എണ്ണത്തില്‍ 15% പട്ടിക ജാതിക്കാരുടേതാണ്. താഴ്ന്ന വരുമാനനിലയുള്ള 12 കോളനികള്‍ ഈ പഞ്ചായത്തിലുണ്ട്. ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ചെറുകുടിലുകള്‍ ധാരാളമുണ്ട്. അസംഘടിത മേഖലയിലാണ് തൊഴിലാളികളില്‍ ഏറിയ പങ്കും പണിയെടുക്കുന്നത്. പുരുഷന്മാരില്‍ പകുതിയും സ്ത്രീകളില്‍ 90%-വും തൊഴില്‍ രഹിതരാണ്. കാര്‍ഷിക മേഖലയിലും അതുകഴിഞ്ഞാല്‍ നിര്‍മ്മാണ മേഖലയിലുമാണ് ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത്.

അടിസ്ഥാന മേഖലകള്‍

പഞ്ചായത്തില്‍ ഏറ്റവും മുന്നിട്ടുനില്ക്കുന്ന കൃഷി തെങ്ങുകൃഷിയാണ്. നെല്‍കൃഷി തുലോം കുറവാണ്. ജലലഭ്യതയും, പ്രകൃതിദത്തമായ ജലസേചന സൌകര്യങ്ങളും കുറവായ ഈ പഞ്ചായത്തില്‍ നിലവിലുള്ള ജലസേചന സൌകര്യങ്ങള്‍ പഞ്ചായത്തിലെ ആവശ്യതകയുടെ 5% മാത്രമേ നിറവേറ്റുന്നുള്ളൂ. 92%-മാണു ഈ പഞ്ചായത്തിലെ സാക്ഷരത. അഞ്ചു ലോവര്‍ പ്രൈമറി സ്കുളുകളും, ഒരു അപ്പര്‍ പ്രൈമറി സ്കുളും, നാലും ഹൈസ്കുളുകളും ഒരു ഗവ.ആര്‍ട്സ് & സയന്‍സ് കോളേജുമാണ് വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സ്ഥാപനങ്ങള്‍. ഇതോടൊപ്പം തന്നെ പാരലല്‍ കോളേജുകളും പ്രീപ്രൈമറി പരിശീലന കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ രംഗത്ത് രണ്ടു ആയൂര്‍വേദ ഡിസ്പന്‍സറിയും ഒരു ഹോമിയോ ഡിസ്പന്‍സറിയുള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ഡിസ്പെന്‍സറികളും, ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1956-ലാണ് ആയൂര്‍വദേ ഡിസ്പന്‍സറി സ്ഥാപിതമാവുന്നത്. മുന്‍കാലത്ത് പാല്‍ സംസ്കരണം, കയറുല്‍പ്പാദനം, തീപ്പെട്ടി നിര്‍മ്മാണം, നെയ്ത്ത് എന്നീ മേഖലകളില്‍ ചില ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇന്നു അവയൊന്നും പ്രവര്‍ത്തന നിരതമല്ല. കൃത്യമായ ആസൂത്രണമില്ലായ്മയും, കമ്പോളാധിഷ്ഠിത പ്രശ്നങ്ങളും കാരണമാണ് ഇവയില്‍ പലതും അപ്രത്യക്ഷമായത്. ഈ പ്രദേശത്തെ പ്രധാന ഗതാഗതോപാധി കെ.എസ്.ആര്‍.ടി.സി ബസുകളാണ്. ഇതുവഴിയുള്ള പ്രധാന റോഡുകളെല്ലാം സഞ്ചാര യോഗ്യമാണ്. ഇവിടെ പ്രധാനപ്പെട്ട ഒരു പൊതുചന്തയുണ്ട്. കലാ-കായിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 11 സര്‍ക്കാരേതര സംഘടനകള്‍ ഇവിടെയുണ്ട്. ഒരു കുടുംബത്തില്‍ ശരാശരി 5 അംഗങ്ങള്‍ വീതമുള്ള പഞ്ചായത്താണിത്. കാഞ്ഞിരംകുളം പഞ്ചായത്തിലുള്ള മൊത്തം വീടുകളില്‍ നാലിലൊന്നും പരിമിതമായ സൌകര്യങ്ങള്‍ മാത്രമുള്ള ദരിദ്ര ഭവനങ്ങളാണ്. 50 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണമുള്ള 21% വീടുകളാണ്  കാഞ്ഞിരംകുളം പഞ്ചായത്തിലുള്ളത്.

സാംസ്കാരിക രംഗം

കുറഞ്ഞ വരുമാനമുള്ള ആളുകളുടെ ജീവിത നിലവാരവും അതിനനുസരിച്ച് താഴ്ന്ന നിലയിലാണ്. ഗവണ്‍മെന്റിന്റെ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇവിടെയുള്ള ജനങ്ങളിലേക്കെത്തുന്നില്ല. തൊഴിലില്‍ നിന്നും, കാര്‍ഷിക മേഖലയില്‍ നിന്നും, മറ്റ് ആസ്തികള്‍ എന്നിവകളില്‍ നിന്നുമാണ് ഗ്രാമീണര്‍ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ജാതി, ജീവിതചുറ്റുപാട്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവയാണ് ഇവിടെ പൊതുവെ ജീവിത നിലവാരത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നത്. ജനങ്ങളുടെ വരുമാനനില വളരെ താഴ്ന്ന പഞ്ചായത്താണ് കാഞ്ഞിരംകുളം. തൊഴിലവസരങ്ങള്‍ കുറവായ കാഞ്ഞിരംകുളം പഞ്ചായത്തില്‍ പ്രധാനമായും കാര്‍ഷിക മേഖല കേന്ദ്രീകരിച്ചുള്ള തൊഴിലവസരങ്ങളാണുള്ളത്. വരുമാനനില താഴ്ന്നതാണെങ്കിലും ജീവിത നിലവാരം സമീപമുള്ള മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഇവിടെ ഉയര്‍ന്നതാണ്. അതിനു കാരണം ഇവിടുത്തെ വിദ്യാഭ്യാസ നിലവാരം സമീപസ്ഥ പഞ്ചായത്തുകളേക്കാള്‍ മുന്നിലാണ് എന്നതാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്തെ പ്രസ്തുത ഉയര്‍ച്ച തദ്ദേശ വാസികളുടെ സംസ്കാരിക ബോധത്തിലും സാമൂഹ്യ ബോധത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. സാമൂഹ്യ-സാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന നിരവധി സംഘടനകള്‍ ഈ പഞ്ചായത്തിലുണ്ട്.