ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

വേമ്പനാട്ടുകായലിന് പടിഞ്ഞാറുഭാഗത്ത് ഇന്ന് കാണുന്ന കരപ്രദേശം പണ്ട് പുരാതനകാലത്ത് കടല്‍വച്ച കരയാണെന്നു പറയപ്പെടുന്നു. ഈ ഗ്രാമത്തിലെ കൃഷിനിലങ്ങളുടെ കിടപ്പും, കുഴല്‍ക്കിണറുകള്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന അടിമണ്ണില്‍നിന്നും കടല്‍കക്കയുടെ അവശിഷ്ടങ്ങള്‍ കാണുമ്പോഴും ആലപ്പുഴ ജില്ലയുടെ ഭൂപടത്തില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ ഭാഗം ഏതാണ്ട് ഒരു ചിറപോലെ തോന്നുന്നതും ചേര്‍ത്തുനോക്കിയാല്‍ കടല്‍ വച്ചുതന്ന കരയാണെന്ന നിഗമനത്തിലേ എത്താന്‍ കഴിയൂ. കൂറ്റുവേലി ദേവീക്ഷേത്രം ഏകദേശം 600-ല്‍ പരം വര്‍ഷം പഴക്കമുള്ള ദേവീക്ഷേത്രമാണ്. 1200 ഏക്കറില്‍പരം ഭൂമി ഈ ക്ഷേത്രത്തിനു സ്വന്തമായുണ്ടായിരുന്നു. വനദുര്‍ഗ്ഗ എന്ന പ്രതിഷ്ഠയാണിവിടെ. ഇന്നുകാണുന്ന എസ്.എല്‍.പുരം ജംഗ്ഷനില്‍ ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഒരു വലിയ കുളവും അതിനോടുചേര്‍ന്ന് ഒരു ഗോസ്വാമിപുരയും സംഭാരപുരയും ഉണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് പ്രദേശത്തെ ബ്രാഹ്മണ കുടുംബങ്ങളാണ് എന്നാണറിവ്. ഇവിടെ ചില വിശേഷദിവസങ്ങളില്‍ ദരിദ്രര്‍ക്കായി കഞ്ഞിവിളമ്പുന്ന ഒരേര്‍പ്പാടുണ്ടായിരുന്നതായി പറയുന്നു. കഞ്ഞികുടിക്കാന്‍ വന്നിരുന്നവരില്‍ ബഹുഭൂരിപക്ഷവും ഈ പ്രദേശത്തുകാരും അവരെല്ലാംതന്നെ കീഴ്ജാതിക്കാരുമായതിനാലും അവര്‍ക്ക് പാത്രത്തില്‍ കഞ്ഞിവിളമ്പാത്ത ഒരു സാമൂഹ്യസമ്പ്രദായം നിലനിന്നിരുന്ന കാലമായിരുന്നു അത്. പകരം മണ്ണില്‍ കുഴിയുണ്ടാക്കി കുഴിയില്‍ താമരയിലവച്ച് അതിലാണ് കഞ്ഞി പകര്‍ന്നുകൊടുത്തിരുന്നത്. അങ്ങനെ കുഴിയില്‍ കഞ്ഞികുടിക്കുന്ന പ്രദേശമായതിനാല്‍ കഞ്ഞിക്കുഴി എന്ന് നാട്ടുകാര്‍ പറഞ്ഞുതുടങ്ങി. പില്‍കാലത്ത് ഇത് കഞ്ഞിക്കുഴി ഗ്രാമമായി പരിണമിച്ചു. ഈ ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ഭൂമിയും മാരാരിക്കുളം കാവുങ്കല്‍ കൂറ്റുവേലി തണ്ണീര്‍മുക്കം ചാലിനാരായണപുരം കൊച്ചനാകുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളുടേതായിരുന്നു. പഴയ കാലത്ത് ക്ഷേത്രങ്ങളുടേയും ജന്മിമാരുടേയും വകയായിരുന്നു ഭൂമി. പാട്ടകൃഷിക്കാരും വാരകൃഷിക്കാരും കുടിയാന്മാരുമായിരുന്നു കൃഷിക്കാരായിട്ടുണ്ടായിരുന്നത്. ആദായം മുഴുവന്‍ ഭൂവുടമകളായ ജന്മിമാര്‍ക്കായിരുന്നു. കൊടിയ ചൂഷണമാണ് കൃഷിക്കാരെ ഉപയോഗിച്ച് ജന്മിമാര്‍ നടത്തിക്കൊണ്ടിരുന്നത്. കാര്‍ഷികബന്ധബില്ലും ഭൂനിയമവും നടപ്പിലായതോടെ യഥാര്‍ത്ഥകര്‍ഷകന് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. ഗ്രാമവാസികളില്‍ നല്ലൊരു ശതമാനമാളുകള്‍ ക്ഷേത്രങ്ങളുടെ ഭൂമിയിലെ പാട്ടക്കുടിയാന്മാരായിരുന്നു. അപൂര്‍വ്വം കുറച്ചുപേര്‍ക്കു മാത്രമേ സ്വന്തമായി ഭൂമിയുണ്ടായിരുന്നുള്ളു. ഭൂപരിഷ്ക്കണബില്ലിന്റെ ഫലമായി ഒട്ടനവധിപേര്‍ക്ക് ഭൂമി ലഭിച്ചുവെന്നു മാത്രമല്ല, സാമൂഹ്യജീവിതത്തിനാകെ ഒരു പുത്തനുണര്‍വ്വ് കൈവന്നു. ഇതര പഞ്ചായത്തുകളെ അപേക്ഷിച്ച് താരതമ്യേന ജന്മിത്വം കുറവായിരുന്നെങ്കിലും ആഢ്യത്തത്തിന്റേതായ വര്‍ണ്ണമേധാവിത്വത്തിന് യാതൊരു കുറവും ഇല്ലായിരുന്നു. ഈ രീതികള്‍ ഏറ്റവും കൂടുതല്‍ നിലനിന്നിരുന്നത് പഞ്ചായത്തിന്റെ വടക്കന്‍ഭാഗങ്ങളിലാണ്. തെക്കുഭാഗത്ത് തുലോം വ്യത്യസ്തമായിരുന്നു സ്ഥിതിഗതികള്‍. തെക്കന്‍ പ്രദേശത്ത് പാപ്പാളി എന്ന സ്ഥലത്ത് ഇപ്പോഴത്തെ ക്ഷേത്രം സ്ഥാപിക്കുന്നതിന് മുമ്പ് അവിടെ പുലയ സമുദായാംഗങ്ങള്‍ കൊയ്ത്തുത്സവം നടത്തുന്നതിനായി ചില ആചാരാദികള്‍ നടത്താറുണ്ടായിരുന്നു. ഈ ഉത്സവം നടത്തുന്ന സ്ഥലം കോലാട്ടു നായര്‍തറവാടിന്റേതായിരുന്നു. ഉത്സവത്തിനായി എണ്ണയും തിരിയും എത്തിക്കുന്നത് തൊട്ടടുത്തുള്ള ഈഴവകുടുംബമായിരുന്ന പാപ്പാളിക്കാരായിരുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച ദുരാചാരങ്ങള്‍ നിലനിന്നിരുന്ന കാലത്തും തീണ്ടലും അയിത്തവും കൂടാതെ വളരെ സൌഹാര്‍ദ്ദമായി കഴിയുവാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിഞ്ഞു. കയര്‍, കാര്‍ഷികമേഖലകളില്‍ പണിയെടുത്തിരുന്നവരായിരുന്നു തൊഴിലാളികളധികവും. കയര്‍ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കാത്ത കാലമായിരുന്നു. തൊഴിലാളികളുടെ സംഘംചേരലും സമരസ്വഭാവവും ഒന്നുംതന്നെ നാട്ടുപ്രമാണിമാരോ സര്‍.സി.പി.യോ അംഗീകരിക്കാന്‍ തയ്യാറായില്ല. എങ്കിലും പുഴുനിറഞ്ഞ റേഷനരി വിതരണത്തിനെതിരായി നടത്തിയ തൊഴിലാളിപ്രകടനത്തിന് മുമ്പില്‍ സര്‍.സി.പി.ക്ക് മുട്ടുമടക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തൊഴിലാളികള്‍ക്കെതിരായ എല്ലാത്തരം മര്‍ദ്ദനമുറകളും നാട്ടുപ്രമാണിമാരേയും പട്ടാളത്തെയും ഉപയോഗിച്ച് നടത്തിക്കൊണ്ടിരുന്നു. മലബാറിലും മറ്റും നടന്ന വിവിധ സമരങ്ങളെത്തുടര്‍ന്ന് ഒളിവിലായ എ.കെ.ജി, പി.കൃഷ്ണപിള്ള എന്നിവര്‍ ഒളിത്താവളങ്ങളായി തെരഞ്ഞെടുത്തത് കഞ്ഞിക്കുഴി, മുഹമ്മ പ്രദേശങ്ങളായിരുന്നു. 1953-ലാണ് കഞ്ഞിക്കുഴി പഞ്ചായത്ത് നിലവില്‍ വരുന്നത്. 1964 ആയപ്പോഴേക്കും പഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തി. കഞ്ഞിക്കുഴിയുടെ ഭാഗമായിരുന്ന മുഹമ്മ പി.എച്ച്.സെന്റര്‍, എസ്.എന്‍.വി.എല്‍.പി.എസ് എന്നീ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം മുഹമ്മ പഞ്ചായത്തിനോടും തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചെറുവാരണംകര കഞ്ഞിക്കുഴി പഞ്ചായത്തിനോടും ചേര്‍ത്തു.