കഞ്ഞിക്കുഴി

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കഞ്ഞിക്കുഴി. തണ്ണീര്‍മുക്കം വടക്ക്, കഞ്ഞിക്കുഴി എന്നീ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് ഒരു ഒന്നാം ഗ്രേഡ് പഞ്ചായത്താണ്. 16.62 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിലവില്‍ 18 വാര്‍ഡുകളാണുള്ളത്. ഇന്നുകാണുന്ന എസ്.എല്‍.പുരം ജംഗ്ഷനില്‍ ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഒരു വലിയ കുളവും അതിനോടു ചേര്‍ന്ന് ഒരു ഗോസ്വാമിപുരയും സംഭാരപുരയും ഉണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് പ്രദേശത്തെ ബ്രാഹ്മണകുടുംബങ്ങളാണ് എന്നാണറിവ്. ഇവിടെ ചില വിശേഷദിവസങ്ങളില്‍ ദരിദ്രര്‍ക്കായി കഞ്ഞിവിളമ്പുന്ന ഒരേര്‍പ്പാടു പണ്ടുണ്ടായിരുന്നതായി പറയപ്പെടുന്നു. ഉദാത്തമെന്ന് തോന്നാവുന്ന ഈ കഞ്ഞിനല്‍കല്‍ സമ്പ്രദായത്തില്‍ മേല്‍ജാതിക്കാരന്റെ ഉദാരതയില്‍ പൊതിഞ്ഞ ജാതിധാര്‍ഷ്ട്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിഴലിച്ചിരുന്ന ചരിത്രത്തില്‍ നിന്നാണ് ഈ സ്ഥലത്തിന്റെ നാമം പോലുമുണ്ടായത്. കഞ്ഞികുടിക്കാന്‍ വന്നിരുന്നവരില്‍ ബഹുഭൂരിപക്ഷവും ഈ പ്രദേശത്തുകാരും അവരെല്ലാം തന്നെ കീഴ്ജാതിക്കാരുമായിരുന്നതിനാലും അവര്‍ക്ക് പാത്രത്തില്‍ കഞ്ഞിവിളമ്പാത്ത ഒരു സാമൂഹ്യസമ്പ്രദായമായിരുന്നു തുടര്‍ന്നുവന്നിരുന്നത്. പകരം മണ്ണില്‍ കുഴിയുണ്ടാക്കി, കുഴിയില്‍ ഇല വെച്ച്, അതിലാണ് കഞ്ഞി പകര്‍ന്നുകൊടുത്തിരുന്നത്. അങ്ങനെ കുഴിയില്‍ കഞ്ഞി കൊടുക്കുന്ന പ്രദേശമായതിനാല്‍ ഇവിടം കഞ്ഞിക്കുഴി എന്ന് നാട്ടുകാര്‍ പറഞ്ഞുതുടങ്ങി. ഇതാണ് പില്‍ക്കാലത്ത് കഞ്ഞിക്കുഴി എന്ന സ്ഥലനാമമായി പരിണമിച്ചത്. വേമ്പനാട്ടുകായലിന് പടിഞ്ഞാറ് ഇന്ന് കാണുന്ന കരപ്രദേശം പുരാതനകാലത്ത് കടല്‍വച്ച കരയാണെന്നു പറയപ്പെടുന്നു. ഈ ഗ്രാമത്തിലെ അടിമണ്ണില്‍നിന്നും കടല്‍കക്കയുടെ അവശിഷ്ടങ്ങള്‍ ലഭിക്കുന്നതും ഭൂപടത്തില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ ഒരു ചിറപോലെ തോന്നുന്നതും ചേര്‍ത്തുനോക്കിയാല്‍ കടല്‍ വച്ചുതന്ന കരയാണെന്ന നിഗമനത്തിലേ എത്താന്‍ കഴിയൂ.