ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഇന്നു കാണുന്ന എസ്.എല്‍ പുരം ജംഗ്ഷനില്‍ ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഒരു വലിയ കുളവും അതിനോട് ചേര്‍ന്ന് ഒരു ഗോസ്വാമി പുരയും, സംഭാരപുരയുമുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് പ്രദേശത്തെ ബ്രാഹ്മണകുടുംബങ്ങളാണ് എന്നാണറിവ്. ഇവിടെ ചില വിശേഷദിവസങ്ങളില്‍ ദരിദ്രര്‍ക്കായി കഞ്ഞി വിളമ്പുന്ന ഒരേര്‍പ്പാട് പണ്ടുണ്ടായിരുന്നതായി പറയപ്പെടുന്നു. ഉദാത്തമെന്ന് തോന്നാവുന്ന ഈ കഞ്ഞി നല്‍കല്‍ സമ്പ്രദായത്തില്‍ മേല്‍ജാതിക്കാരന്റെ ഉദാരതയില്‍ പൊതിഞ്ഞ ജാതിധാര്‍ഷ്ട്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിഴലിച്ചിരുന്നു. പ്രസ്തുത ചരിത്രത്തില്‍ നിന്നാണ് ഈ സ്ഥലത്തിന്റെ നാമം പോലുമുണ്ടായത്. കഞ്ഞി കുടിക്കാന്‍ വന്നിരുന്നവരില്‍ ബഹുഭൂരിഭാഗവും ഈ പ്രദേശത്തുകാരും അവരെല്ലാം കീഴ്ജാതിക്കാരുമായിരുന്നതിനാലും അവര്‍ക്ക് പാത്രത്തില്‍ വിളമ്പുന്നതിനു പകരം മണലില്‍ കുഴിയുണ്ടാക്കി, കുഴിയില്‍ ഇല വെച്ച് അതില്‍ കഞ്ഞി പകര്‍ന്നുകൊടുക്കുന്ന സമ്പ്രദായമായിരുന്നു തുടര്‍ന്നുവന്നിരുന്നത്. അങ്ങനെ കുഴിയില്‍ കഞ്ഞി കൊടുക്കുന്ന പ്രദേശമായതിനാല്‍ ഇവിടം കഞ്ഞിക്കുഴി എന്ന് നാട്ടുകാര്‍ പറഞ്ഞുതുടങ്ങി. ഇതാണ് പില്‍ക്കാലത്ത് കഞ്ഞിക്കുഴി എന്ന സ്ഥലനാമമായി പരിണമിച്ചത്. ഈ ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ഭൂമിയും കൈയ്യടക്കിവച്ചിരുന്നത് മാരാരിക്കുളം, കാവുങ്കല്‍, കുറുവേലി, തണ്ണീര്‍മുക്കം, ചാലി നാരായണപുരം, കൊച്ചനാകുളങ്ങര തുടങ്ങിയ ക്ഷേത്രദേവസ്വങ്ങളും, സവര്‍ണ്ണജന്മിമാരുമായിരുന്നു. പാട്ടക്കൃഷിക്കാരും, വാരക്കൃഷിക്കാരും, കുടിയാന്മാരുമായിരുന്നു കൃഷിക്കാരായുണ്ടായിരുന്നത്. ആദായം മുഴുവന്‍ എടുത്തിരുന്നത് ഭൂവുടമകളായ ജന്മിമാരായിരുന്നു. കൊടിയ ചൂഷണമാണ് കൃഷിക്കാരെ ഉപയോഗിച്ച് ജന്മിമാര്‍ നടത്തിക്കൊണ്ടിരുന്നത്. കാര്‍ഷികബന്ധബില്ലും ഭൂനിയമവും നടപ്പിലായതോടെ യഥാര്‍ത്ഥകര്‍ഷകന് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയാണ് ഈ ബ്ളോക്ക്. ശ്രീനാരായണഗുരു ഒന്നിലധികം തവണ ഇവിടം സന്ദര്‍ശിക്കുകയും സാംസ്കാരിക സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്നിലധികം പ്രാവശ്യം അദ്ദേഹം ഇവിടുത്തെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ആത്മീയ നവോത്ഥാനത്തിനും സാമൂഹ്യപരിഷ്ക്കാരങ്ങള്‍ക്കും നേരിട്ട് ആഹ്വാനം ചെയ്യുകയും ചെയ്യുകയുണ്ടായി. തീണ്ടലും, തൊടീലും, മാടമ്പിത്തരവും, നാടുവാഴിത്തവും കൊടികുത്തിവാണിരുന്ന പ്രദേശമാണിത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ഇവിടുത്തെ ഗ്രാമങ്ങളിലും ഉയര്‍ന്നുപൊങ്ങിയ കാലത്ത് 1938 ഒക്ടോബര്‍ മാസത്തില്‍ ത്രിവര്‍ണ്ണപതാകയുമായി കടപ്പുറത്തേക്കു നീങ്ങിയ ധീരദേശാഭിമാനികളെ കണിച്ചുകുളങ്ങരയ്ക്കു പടിഞ്ഞാറു വെച്ച് പട്ടാളം നേരിട്ടതും, വേലായുധന്‍ എന്നാരു ധീരനായ സമരസേനാനി പട്ടാളത്തിന്റെ തോക്കു തട്ടിയെടുത്തതും, വെടിവെയ്പ്പുണ്ടായതുമെല്ലാം ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ദേശീയസ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായി നടന്ന സാമൂഹ്യപരിഷ്ക്കരണങ്ങളും പിന്നോക്കവിഭാഗങ്ങളുടെ സംഘടിതശക്തിയും ഒത്തുചേര്‍ന്ന് പുതിയൊരു സാമൂഹ്യക്രമം ഇവിടെ രൂപപ്പെടുത്തുകയുണ്ടായി. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിക്കുകയോ, മരണപ്പെടുകയോ ചെയ്ത നിരവധി പേര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. 1938 ഒക്ടോബര്‍ മാസത്തില്‍ സ്വാതന്ത്ര്യസമരപ്രവര്‍ത്തകര്‍ ദേശീയപതാകയുമായി കടപ്പുറത്തേക്ക് നീങ്ങിയ സംഭവവും തുടര്‍ന്നുണ്ടായ വെടിവെയ്പ്പും എടുത്തുപറയത്തക്ക ചരിത്രസംഭവങ്ങളാണ്. പുന്നപ്ര-വയലാറിലും ഒപ്പം മാരാരിക്കുളത്തും അമേരിക്കന്‍ മോഡലിനെതിരെയും, പ്രായപൂര്‍ത്തി വോട്ടവകാശത്തിനു വേണ്ടിയും നടന്ന സമരങ്ങള്‍ ഇന്ന് കേരളചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തിന് വളരെ വലിയ സംഭാവനകള്‍ നല്‍കിയ ഇവിടുത്തെ ജനത 20-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ അരങ്ങേറിയ വര്‍ഗ്ഗസമരങ്ങളുടെ മുന്നണിപ്പടയാളികളുമായിരുന്നു. കയര്‍ നിര്‍മ്മാണം, മത്സ്യബന്ധനം, കള്ളുചെത്തു, കക്കാവ്യവസായം, കണിച്ചുകുളങ്ങര സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, മാക്ഡവല്‍ ആന്റ് ഹൈറേഞ്ച് ബ്രൂവറി എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴില്‍മേഖലകള്‍. വിവിധ മതവിഭാഗങ്ങളുടെ അന്‍പത്തിയഞ്ചാളം ആരാധനാലയങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. ഇതിലേറിയ പങ്കും ഹൈന്ദവക്ഷേത്രങ്ങളാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ 40%-ത്തോളം വരും. മാരാരിക്കുളം മഹാദേവക്ഷേത്രം, കണിച്ചുകുളങ്ങര ദേവീക്ഷേത്രം, തിരുവിഴ മഹാദേവര്‍ ക്ഷേത്രം, വാരനാട് ഭഗവതിക്ഷേത്രം, തണ്ണീര്‍മുക്കം ചാലി നാരായണപുരം ക്ഷേത്രം, ശ്രീനാരായണപുരം ക്ഷേത്രം, അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് പള്ളി, കൊക്കോതമംഗലം പള്ളി, മുഹമ്മ മുസ്ളീംപള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. പ്രസിഡന്റിന്റെ അവാര്‍ഡുനേടിയ പ്രസിദ്ധ സാഹിത്യകാരനായിരുന്ന എസ്സ്.എല്‍ പുരം സദാനന്ദന്‍ ഈ നാട്ടുകാരനാണ്.
ഗതാഗതചരിത്രം
എന്‍.എച്ച്-47 ആണ് ഈ ബ്ളോക്ക് പ്രദേശത്തുകൂടി കടന്നുപോകുന്ന പ്രധാന ഗതാഗതപാത. പണ്ടുകാലത്ത് സഞ്ചാരത്തിനും, ചരക്കുനീക്കത്തിനും വേമ്പനാട്ടുകായലും, ഇടത്തോടുകളും ഉള്‍പ്പെടുന്ന ജലഗതാഗതപാതയായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ കഞ്ഞിക്കുഴിയിലും പരിസരഗ്രാമങ്ങളിലും വളരെ പരിമിതമായ റോഡ് സൌകര്യമേ ഉണ്ടായിരുന്നുള്ളൂ. അക്കാലങ്ങളില്‍ നാട്ടുവഴികളെ ആശ്രയിച്ച് കാല്‍നടയായി സഞ്ചരിക്കുകയും സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകുകയും ചെയ്തിരുന്നു. ആ കാലഘട്ടങ്ങളില്‍ ഉണ്ടാക്കിയ ചുമടുതാങ്ങികളും ദാഹജലസംഭരണികളും ചരിത്രസ്മാരകങ്ങളായി ഇന്നും അവശേഷിക്കുന്നുണ്ട്. ബ്ളോക്കു പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷവും അങ്ങിങ്ങായി ചുമടുതാങ്ങികള്‍ നിര്‍മ്മിച്ചതായി കാണുന്നുണ്ട്. സഞ്ചാരത്തിനും ചരക്കുഗതാഗതത്തിനും വള്ളങ്ങളും ബോട്ടുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് വേമ്പനാട്ടുകായലിലൂടെയും ഇടത്തോടുകളിലൂടെയുമുള്ള ജലഗതാഗതവും നിലനിന്നിരുന്നു. ആലപ്പുഴ, ചേര്‍ത്തല വഴി കടന്നുപോകുന്ന എന്‍.എച്ച്-47, ആലപ്പുഴയെ തണ്ണീര്‍മുക്കവുമായി ബന്ധിപ്പിക്കുന്ന എ.റ്റി റോഡ്, ആലപ്പുഴയില്‍ നിന്നും തീരദേശം വഴി കടന്നുപോകുന്ന ആലപ്പുഴ-അര്‍ത്തുങ്കല്‍-അഴീക്കല്‍ റോഡ്, ഈ റോഡുകള്‍ക്കു കുറുകെ കടന്നുപോകുന്ന മുഹമ്മ ജെട്ടി - എസ്സ്.എല്‍.പുരം റോഡ്, കളിത്തട്ട്-മാരാരിക്കുളം ബീച്ച് റോഡ്, കണിച്ചുകുളങ്ങര എന്‍.എച്ച് ജംഗ്ഷന്‍ - ബീച്ച് റോഡ്, തണ്ണീര്‍മുക്കം-കട്ടച്ചിറ-ചേര്‍ത്തല റോഡ് എന്നിവയാണ് ഈ പ്രദേശത്ത് ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട പ്രധാന റോഡുകള്‍. ബ്ളോക്കിന്റെ ആരംഭകാലഘട്ടത്തിലും ജലഗതാഗതരംഗത്തെ കൂടുതലായി ആശ്രയിക്കുന്ന നിലയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ലായിരുന്നു. വേമ്പനാട്ടുകായലും, കായലുമായി ബന്ധിപ്പിക്കുന്ന തോടുകള്‍ മുഖേനയും വളരെ വിപുലമായ രീതിയില്‍ ഇവിടെ ചരക്കുഗതാഗതം നടന്നുവന്നിരുന്നു. കൊച്ചി, കൊടുങ്ങല്ലൂര്‍, ആലുവാ, ആലപ്പുഴ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ബോട്ടുസര്‍വ്വീസുകളും, ചരക്കുകള്‍ കയറ്റിയിറക്കുന്നതിന് ബാര്‍ജ്ജുകള്‍, കാര്‍ഗോബോട്ടുകള്‍, കെട്ടുവള്ളങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്തിയിരുന്നു. ഏറ്റവും ചെലവു കുറഞ്ഞ ചരക്കുകടത്തു രീതിയായിരുന്നു ഇത്. കോട്ടപ്പുറം-കൊല്ലം ദേശീയജലപാതയും, തീരദേശ റയില്‍വേയും ഈ ബ്ളോക്കുപ്രദേശത്തുകൂടി കടന്നു പോകുന്നുണ്ട്. മാരാരിക്കുളം ആണ് ബ്ളോക്കുപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാന റെയില്‍വേസ്റ്റേഷന്‍.
വിദ്യാഭ്യാസചരിത്രം
വിദ്യാഭ്യാസരംഗത്ത് 13 ഹൈസ്ക്കൂളുകള്‍ ഉള്‍പ്പെടെ 42 സ്ക്കൂളുകളും 2 കോളേജുകളും ഇവിടെയുണ്ട്. ആശാന്‍ കളരികളുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. സംസ്കൃത പണ്ഡിതരായ ഗുരുനാഥന്‍മാരാല്‍ നടത്തപ്പെട്ടിരുന്ന ആശാന്‍കളരികള്‍ മുഖ്യമായും സവര്‍ണ്ണകുട്ടികളെ ഉദ്ദേശിച്ചുള്ളതായിരുന്നു. ഉല്‍പതിഷ്ണുക്കളായ ചില ഗുരുനാഥന്‍മാര്‍ അവര്‍ണ്ണര്‍ക്കും വിദ്യ പകര്‍ന്നുനല്‍കിയിരുന്നു. ഇവിടങ്ങളില്‍ അക്ഷരാഭ്യാസത്തോടൊപ്പം കാവ്യം, അലങ്കാരം, വ്യാകരണം, ആയുര്‍വ്വേദം തുടങ്ങി കൂടുതല്‍ വിഷയങ്ങള്‍ സംസ്കൃതത്തില്‍ തന്നെ ഗുരുകുല രീതിയില്‍ അഭ്യസിപ്പിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. തണ്ണീര്‍മുക്കത്തെ വലിയകുളങ്ങര കുട്ടന്‍വാദ്ധ്യാര്‍, പന്നുവേലി നാരായണനാശാന്‍, കണ്ണന്തറ ആശാന്‍, മുഹമ്മയിലെ കിഴക്കേ മഠത്തില്‍ നാരായണനാശാന്‍, കഞ്ഞിക്കുഴിയിലെ കേശവഗുരു, ഗോവിന്ദന്‍ നമ്പൂതിരി, മാരാരിക്കുളത്തെ മഴുവക്കാട്ട് ഇട്ടി ഈശ്വരനാശാന്‍, കണ്ടംകുളങ്ങര കുട്ടിയാശാന്‍ തുടങ്ങിയവര്‍ അക്കാലത്തെ ഗുരുക്കന്മാരില്‍ പ്രമുഖരായിരുന്നു. വിദ്യാഭ്യാസ പ്രചാരണം ഒരു നിയോഗം പോലെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനങ്ങളിലൂടെയാണ്, കഞ്ഞിക്കുഴി ഉള്‍പ്പെടുന്ന കരപ്പുറം പ്രദേശത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് ആരംഭം കുറിക്കുന്നത്. നാടിന്റെ പല ഭാഗങ്ങളിലും അവര്‍ വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തി. 1855-ല്‍ മുഹമ്മയില്‍ സ്ഥാപിച്ച സി.എം.എസ്സ്.എല്‍.പി.സ്കൂള്‍ ആണ് ബ്ളോക്കു പ്രദേശത്തെ ആദ്യത്തെ ഔപചാരിക വിദ്യാലയം. തുടര്‍ന്ന് സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെയും നാട്ടുപ്രമാണിമാരുടെയും പ്രവര്‍ത്തനഫലമായി നാടിന്റെ പല ഭാഗങ്ങളിലും വിദ്യാലയങ്ങള്‍ തുടങ്ങുവാന്‍ കഴിഞ്ഞു. ശ്രീനാരായണഗുരുവിന്റെയും, അയ്യന്‍കാളിയുടെയും നേതൃത്വത്തില്‍ നടന്ന വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളും മുന്നറ്റങ്ങളും നാടുവാണ മഹാരാജാവിന്റെ കണ്ണു തുറപ്പിച്ചു. തുടര്‍ന്ന് പിന്നോക്ക ജാതിക്കാര്‍ക്ക് വിദ്യാലയപ്രവേശനം ഔദ്യോഗികമായി വിളംബരം ചെയ്ത് കല്‍പ്പന പുറപ്പെടുവിച്ചതും, വിദ്യാഭ്യാസത്തെ ഒരവകാശമായി ജനങ്ങള്‍ കരുതി തുടങ്ങിയതും പ്രദേശത്തെ വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമായി. പഴയ ആശാന്‍കളരികള്‍ പലതും എല്‍.പി.സ്കൂളുകളായി ഉയരാന്‍ തുടങ്ങി. മാരാരിക്കുളം ഗവ.എല്‍.പി.സ്കൂളും തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട പൊക്ളാശ്ശേരി എല്‍.പി.സ്കൂള്‍, അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി എല്‍.പി.സ്കൂള്‍, ചേര്‍ത്തല നോര്‍ത്ത് എല്‍.പി.സ്കൂള്‍, അയ്യപ്പഞ്ചേരി എല്‍.പി.സ്കൂള്‍, തണ്ണീര്‍മുക്കം ഗവ.എല്‍.പി.സ്കൂള്‍ തുടങ്ങിയവയും ഈ തരത്തില്‍ ഉയര്‍ന്നുവന്ന ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ കണിച്ചുകുളങ്ങര ഇംഗ്ളീഷ് സ്കൂള്‍ 1948-ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയതോടെ പ്രദേശത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. പിന്നീട് 1957-ല്‍ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി സ്കൂളും ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. തുടര്‍ന്ന് എണ്‍പതുകളില്‍ ചാരമംഗലം സംസ്കൃത സ്കൂള്‍, ആരുക്കര ഭഗവതി വിലാസം സ്കൂള്‍, എസ്സ്.എല്‍.പുരം സ്കൂള്‍ എന്നിവയും ഹൈസ്ക്കൂളുകളാക്കപ്പെട്ടു.