കണിച്ചാര്‍
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കിലാണ് കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കണിച്ചാര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കണിച്ചാര്‍ ഗ്രാമപഞ്ചായത്തിനു 51.96 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കേളകം പഞ്ചായത്തും, കിഴക്ക് കേളകം പഞ്ചായത്തും, തെക്ക് പാട്യം പഞ്ചായത്തും, പടിഞ്ഞാറ് കോളയാട്, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളുമാണ്. ആറളം കേന്ദ്ര കൃഷിഫാം പഞ്ചായത്തിന്റെ വടക്കേ അതിരിലും, കണ്ണവം റിസര്‍വ്വ് ഫോറസ്റ്റും, വയനാട് ജില്ലയും പഞ്ചായത്തിന്റെ തെക്കേ അതിരിലുമാണ്. ദക്ഷയാഗത്തില്‍ സംബന്ധിക്കാന്‍ (കൊട്ടിയൂര്‍ക്ക്) പോവുകയായിരുന്ന സതിദേവി, തന്റെ ഭര്‍ത്താവായ ശിവനെ, പിതാവായ ദക്ഷന് യാഗത്തിനു ക്ഷണിക്കാതിരുന്നതിലുള്ള ദുഃഖവും മാനഹാനിയും മൂലം ഇരുന്നുകരഞ്ഞ സ്ഥലത്ത് കണ്ണീര് വീണൊഴുകി ചാലായിത്തീര്ന്നുവെന്നും, പിന്നീട് ജനങ്ങള്‍ ഇതിനെ കണ്ണീര്ച്ചാല് എന്നു വിളിച്ചുവെന്നും ഇത് പിന്നീട് കണിച്ചാര്‍ ആയിമാറിയെന്നുമാണ് സ്ഥലനാമത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരിക്കുന്ന ഐതിഹ്യം. കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, പശ്ചിമഘട്ടമലനിരകളില് കുന്നുകളും പുഴകളും അരുവികളും നിറഞ്ഞ ഒരുള്‍നാടന്‍ മലയോരമേഖലയാണ് കണിച്ചാര്‍. ഈ മേഖലയില്‍ കുടിയേറ്റം ആരംഭിക്കുന്ന കാലത്ത്, പേരാവൂരിലും പരിസരത്തും മാത്രമേ ഏതാനും കുടുംബങ്ങള്‍ ഉണ്ടായിരുന്നുള്ളു. കൂടാതെ ആദിവാസികളായ കുറിച്യരുടെയും പണിയരുടെയും ചില കോളനികളുമുണ്ടായിരുന്നു. 1963-ല്‍ കണിച്ചാര്‍ കേന്ദ്രമായി കാപ്പാട് പഞ്ചായത്ത് രൂപീകരിച്ചു. ഇന്നത്തെ കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചയാത്തുകളുള്പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളും കാപ്പാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1964-ലെ ഇലക്ഷനില്‍ ജോര്‍ജ്ജുകുട്ടി മുക്കാടിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഭരണസമിതി അധികാരമേറ്റെടുത്തു. 1970-ല്‍ കാപ്പാട് പഞ്ചായത്ത് വിഭജിച്ച് കൊട്ടിയൂര്‍ പഞ്ചായത്ത് രൂപീകരിച്ചു. 1972-ല്‍ വീണ്ടും കാപ്പാട് പഞ്ചായത്തിനെ നെടുകെ വിഭജിച്ച് കണിച്ചാറും കേളകവും കേന്ദ്രമായി പുതിയ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. പ്രഭാകരന് നായരായിരുന്നു ആദ്യത്തെ കണിച്ചാര്‍ പഞ്ചായത്തുപ്രസിഡന്റ്.