ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം 

ദക്ഷയാഗത്തില്‍ സംബന്ധിക്കാന്‍ (കൊട്ടിയൂര്‍ക്ക്) പോവുകയായിരുന്ന സതിദേവി, തന്റെ ഭര്‍ത്താവായ ശിവനെ, പിതാവായ ദക്ഷന്‍ യാഗത്തിനു ക്ഷണിക്കാതിരുന്നതിലുള്ള ദുഃഖവും മാനഹാനിയും മൂലം ഇരുന്നുകരഞ്ഞ സ്ഥലത്ത് കണ്ണീര്‍ വീണൊഴുകി ചാലായിത്തീര്‍ന്നുവെന്നും, പിന്നീട് ജനങ്ങള്‍ ഇതിനെ കണ്ണീര്‍ച്ചാല്‍ എന്നു വിളിച്ചുവെന്നും ഇത് പിന്നീട് കണിച്ചാര്‍ ആയിമാറിയെന്നുമാണ് സ്ഥലനാമത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരിക്കുന്ന ഐതിഹ്യം. ഈ മേഖലയില്‍ കുടിയേറ്റം ആരംഭിക്കുന്ന കാലത്ത് പേരാവൂരിലും പരിസരത്തും മാത്രമേ ഏതാനും ചില കുടുംബങ്ങള്‍ ഉണ്ടായിരുന്നുള്ളു. കൂടാതെ ആദിവാസികളായ കുറിച്യരുടെയും പണിയരുടെയും ചില കോളനികളുമുണ്ടായിരുന്നു. സ്വതന്ത്രഭാരതസ്വപ്നം കത്തിജ്വലിച്ചു നിന്ന 1930-കളിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്കു കുടിയേറ്റം ആരംഭിക്കുന്നത്. എന്നാല്‍ കുടിയേറിയ നാട്ടില്‍ മാരകരോഗങ്ങളും ക്രൂരമൃഗങ്ങളുമടക്കം നിരവധി പ്രശ്നങ്ങളാണവരെ കാത്തിരുന്നത്. അവര്‍ നടത്തിയ ജീവന്‍-മരണ പോരാട്ടങ്ങള്‍ക്കിടയിലുള്ള കുതിപ്പിന്റെയും കിതപ്പിന്റെയും അനുഭവങ്ങളാണ് ഇന്നാടിന്റെ ചരിത്രം. 1950-കളില്‍ ഈ മേഖലയില്‍ കുടിയേറ്റക്കാരുടെ വരവില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. കണിച്ചാര്‍, ഓടന്തോട്, കൊളക്കാട്, നെടുംമ്പ്രംചാല്‍, പൂളക്കുറ്റി എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വന്നത്തി. ഇവിടുത്തെ ആദിമനിവാസികളില്‍ അധികവും കുറിച്യസമുദായത്തില്‍ പെടുന്നവരായിരുന്നു. അവരാകട്ടെ, കാര്യമായ കൃഷിയൊന്നും നടത്തിയിരുന്നില്ലതാനും. കാരണം അക്കാലത്ത് കൃഷികളൊന്നും കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുക എളുപ്പമായിരുന്നില്ല. ആയതിനാല്‍ അന്നത്തെ ആഹാരത്തിനുള്ള കായ്കനികളും കാട്ടുകിഴങ്ങുകളും തേനും മറ്റും കാട്ടില്‍ നിന്നു ശേഖരിച്ച്, ഉപജീവനത്തിനുള്ള വഴി കണ്ടെത്തുകയായിരുന്നു അവരുടെ പതിവ്. മറ്റുള്ളവരുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ മടിച്ചിരുന്ന ഇക്കൂട്ടര്‍ പുതുതായി കടന്നുവന്നവരോടു എന്നും ഒരു നിശ്ചിത അകലം കാത്തുപോന്നു. അവരുടെ വസ്തുവകകളില്‍ സ്പര്‍ശിക്കുന്നതിനോ, ഭവനങ്ങളില്‍ പ്രവേശിക്കുന്നതിനോ ഒരിക്കലും മറ്റുള്ളവരെ അനുവദിച്ചിരുന്നില്ല. അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും ജീവിതരീതിയ്ക്കും ഭംഗംവരാതെ, അവര്‍ മറ്റുള്ളവരുമായി തൊട്ടുകൂടായ്മ അല്ലെങ്കില്‍ അയിത്തം എന്നാരാചാരരീതി തന്നെ പുലര്‍ത്തിപോന്നു. പുറത്തുനിന്നുള്ളവര്‍ വീടുകളില്‍ പ്രവേശിച്ചാല്‍ അവര്‍ പോയശേഷം ചാണകവെള്ളം തളിച്ച്, വീടിനു ശുദ്ധി വരുത്തുമായിരുന്നു. അതുപോലെ മറ്റുള്ളവരുമായി സമ്പര്‍ക്കപ്പെട്ടാല്‍ കുളിച്ചതിനു ശേഷം മാത്രമേ സ്വന്തം ഭവനങ്ങളില്‍ പ്രവേശിച്ചിരുന്നുള്ളു. 1980-കളില്‍ വരെ ഈ ആചാരരീതി അവരുടെ ഇടയില്‍ നിലനിന്നു. ആദ്യകാലത്ത് കാടു വെട്ടിത്തെളിച്ച് കപ്പയും (മരച്ചീനി) നെല്ലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. പിന്നീട് തെരുവപുല്ല് കൃഷിയും, ചേനയും, ചേമ്പും, ഇഞ്ചിയും, കാച്ചിലും നട്ടുപിടിപ്പിച്ചു. ആദ്യകാലത്ത് പ്രധാന വരുമാനമാര്‍ഗ്ഗം ഇഞ്ചിയും, കപ്പയും, നെല്ലും, തെരുവപ്പുല്‍ കൃഷിയും തന്നെയായിരുന്നു. അതിനുശേഷം കുരുമുളകും, തെങ്ങും, കശുമാവും ഏറ്റവും ഒടുവിലായി റബ്ബറും തോട്ടമായി കൃഷി ചെയ്തുതുടങ്ങി. 1960-ല്‍ കൊട്ടിയൂര്‍ മേഖലയിലെ ഭൂമി മുഴുവന്‍, നായര്‍ സര്‍വ്വീസ് സൊസൈറ്റി, കൊട്ടിയൂര്‍ ദേവസ്വത്തില്‍ നിന്ന് കൈവശമായി ചാര്‍ത്തിവാങ്ങിയത് ഇന്നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കി. ഇവിടെ കാലുറപ്പിച്ചതോടെ, ജനങ്ങള്‍ ജീവിതസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഒത്തുചേരാനാരംഭിച്ചു. ജനവാസമുള്ള സ്ഥലങ്ങളിലേക്ക് റോഡുകള്‍ നിര്‍മ്മിക്കുകയായിരുന്നു ആദ്യം ചെയ്തത്. 25 കിലോമീറ്റര്‍ ദൂരമുള്ള പേരാവൂര്‍-കൊട്ടിയൂര്‍ പാതയും, 8 കിലോമീറ്ററുള്ള വാരപ്പീടിക-മഞ്ഞളാംപുറം പാതയും, 10 കിലോമീറ്ററുള്ള കൊളക്കാട്-കാടന്‍മല-29-ാംമൈല്‍ പാതയും, നെടുമ്പ്രംചാല്‍-പൂളിക്കുറ്റി-28-ാംമൈല്‍ പാതയും, തൊണ്ടിയില്‍-കൊളക്കാട് പാതയും ജനങ്ങളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട പ്രധാന റോഡുകളായിരുന്നു. അതുപോലെ ഇവയുടെ അനുബന്ധപാതകളും സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ തന്നെ രൂപംകൊണ്ടു. ആദ്യകാല കുടുയേറ്റക്കാരന്റെ പ്രധാന കൃഷിയും വരുമാനവും പൂളയെന്ന് മലബാറില്‍ നാട്ടുഭാഷയില്‍ പറയുന്ന കപ്പയായിരുന്നു. അത് വളരെയേറെ കൃഷി ചെയ്തിരുന്ന സ്ഥലത്തിനെ, ജനങ്ങള്‍ പൂളക്കുറ്റിയെന്ന് വിളിച്ചുപോന്നതായി പഴമക്കാരായ നാട്ടുകാര്‍ പറയുന്നു. അതാണ് ഇന്നത്തെ പൂളക്കുറ്റിയെന്ന സ്ഥലം. സാമാന്യ വിദ്യാഭ്യാസം നേടിയവര്‍ വീട്ടില്‍ നിലത്തെഴുത്തു കളരികള്‍ നടത്തിയിരുന്നു. ആദ്യകാലത്ത് ഈ ആശാന്‍ കളരികളിലൂടെയാണ് പലരും അക്ഷരാഭ്യാസം നേടിയത്. അത്തരം ആശാന്‍ കളരികള്‍ ഇന്നത്തെ എല്‍.പി.സ്ക്കുളുകളേക്കാള്‍ മികച്ച നിലവാരമുള്ളവയായിരുന്നുവെന്നു പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. 1980-കള്‍ വരെ നിലത്തെഴുത്തു കളരികള്‍ ഇവിടെ നിലനിന്നിരുന്നു. കൊളക്കാട്ട് പടിഞ്ഞാറേ കൊച്ചുവീട്ടില്‍ സ്കറിയ നടത്തിയ അത്തരമൊരു ആശാന്‍ കളരിയാണ്, പിന്നീട് അധ്യാപകരെ നിയമിച്ചുകൊണ്ട് പ്രാഥമിക വിദ്യാലയമായും യു.പി.സ്ക്കൂളായും വളര്‍ന്നുവന്നതാണ് കൊളക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്ക്കൂള്‍. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം ഓടപ്പുഴ ഗവണ്‍മെന്റ് എല്‍.പി.സ്ക്കൂളാണ്. 1956-ലാണ് ഇതു പ്രവര്‍ത്തനമാരംഭിക്കുന്നത്. അതിനുശേഷം കൊളക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്ക്കൂള്‍ 1957-ല്‍ പള്ളിയുടെ മാനേജ്മെന്റിന് കീഴില്‍ സ്ഥാപിതമായി. ഇത് പിന്നീട് യു.പി.സ്ക്കൂളായി ഉയര്‍ത്തി. 1964-ല്‍ കണിച്ചാറില്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ എസ്.എന്‍.ഡി.പി.യുടെ മാനേജ്മെന്റില്‍ നിലവില്‍ വന്നു. വര്‍ഷങ്ങള്‍ക്കുശേഷം യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂളായ സാന്തോം ഹൈസ്ക്കൂള്‍ 1982-ല്‍ കൊളക്കാട് സെന്റ തോമസ് ചര്‍ച്ച് മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. അയിത്തം എന്ന അനാചാരം ഗിരിവര്‍ഗക്കാരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. കാലക്രമേണ ക്രിസ്ത്യന്‍ വൈദികരുടെ പ്രവര്‍ത്തനങ്ങളും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും, സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിതിഗതികള്‍ക്കു മാറ്റമുണ്ടാക്കി. ഇത് ഒരളവുവരെ ജനങ്ങളില്‍ ഐക്യബോധവും സംസ്ക്കാരവും വളര്‍ത്തുവാന്‍ സഹായച്ചിട്ടുണ്ട്. സാംസ്ക്കാരിക കേന്ദ്രങ്ങളായ വായനശാലകള്‍, ക്ളബ്ബുകള്‍ എന്നിവ 1960-നും 70-നുമിടയിലുള്ള കാലഘട്ടത്തില്‍ ഈ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായി ഉയര്‍ന്നുവന്നു. അതോടെ ജാതീയമായ വേര്‍തിരിവു വളരെയേറെ കുറയുകയും സാംസ്ക്കാരികമുന്നറ്റമുണ്ടാകുകയും ചെയ്തു. 1964-ല്‍, ചേങ്ങോത്ത് ജനങ്ങള്‍ സംഘടിക്കുകയും അവരുടെ നേതൃത്വത്തില്‍ ഒരു വായനശാലയും ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കൊളക്കാട്, കണിച്ചാര്‍ എന്നീ പ്രദേശങ്ങളിലും ഇതുപോലുള്ള വായനാശാലകളും ക്ളബ്ബുകളും സ്ഥാപിതമായിട്ടുണ്ട്.