പഞ്ചായത്തിലൂടെ

കണിച്ചാര്‍ - 2010

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്. 1963-ല്‍ കണിച്ചാര്‍ കേന്ദ്രമായി കാപ്പാട് പഞ്ചായത്ത് രൂപീകരിച്ചു. ഇന്നത്തെ കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളുള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളും കാപ്പാടു പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1972 മെയ് അഞ്ചാം തീയതി കാപ്പാട് പഞ്ചായത്തിനെ നെടുകെ വിഭജിച്ച് കണിച്ചാറും കേളകവും കേന്ദ്രമായി പുതിയ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. 51.9 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കേളകം,മുഴക്കുന്ന് പഞ്ചായത്തുകളും കിഴക്കുഭാഗത്ത് കേളകം പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് പേരാവൂര്‍, കോളയാട് ,പാട്യം പഞ്ചായത്തുകളും തെക്കുഭാഗത്ത് പാട്യം പഞ്ചായത്തും വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തുമാണ്. 15677വരുന്ന മൊത്തം ജനസംഖ്യയില്‍ 7933 സ്ത്രീകളും 7744 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഔഷധസസ്യങ്ങളും മരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന പ്രകൃതിരമണീയമായ സ്ഥലമായ ഏലപ്പീടിക മല വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ്. കണിച്ചാര്‍ പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 19 പൊതുകിണറുകളും നിരവധി സ്വകാര്യ കിണറുകളും പഞ്ചായത്തു നിവാസികള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ടി 90 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തിനെ ഉയര്‍ന്ന മലഞ്ചരുവുകള്‍, ചെറിയ കുന്നുകള്‍, ഉയരം കുറഞ്ഞ കുന്നിന്‍ ചെരിവുകള്‍, സമതലപ്രദേശങ്ങള്‍ എന്നിങ്ങനെ നാലായി തരംതിരിക്കാം. മണ്‍തരങ്ങളില്‍ പ്രധാനമായും വെട്ടുകല്‍ മണ്ണും, ചെമ്മണ്ണും, ചെറിയ കല്ലുകള്‍ നിറഞ്ഞ ഒരു തരം കറുത്ത മണ്ണുമാണ് കാണപ്പെടുന്നത്. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് നാണ്യവിളകളാല്‍ സമ്പന്നമായ ഒരു പഞ്ചായത്താണ്. 1955 മുതല്‍ റബ്ബര്‍, തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവ തോട്ടങ്ങളായി കൃഷി ചെയ്തു തുടങ്ങി. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ അഞ്ചു ശതമാനം വനപ്രദേശമാണ്. ബവേലിപ്പുഴയും കാഞ്ഞിരപ്പുഴയും ധാരാളം തോടുകളും അരുവികളും ഉള്‍പ്പെടുന്ന ജലസമ്പുഷ്ടമായ ഒരു മേഖലയാണ് കണിച്ചാര്‍. റബ്ബര്‍, തെങ്ങ്, നെല്ല്, കുരുമുളക് എന്നിവയാണ് ഇന്നു കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. ഏലപ്പീടിക മല, ഓടപ്പുഴ മല, വെള്ളൂന്നിമല എന്നിവ ഇവിടുത്തെ പ്രധാന മലകളില്‍ ഉള്‍പ്പെടുന്നു.
വ്യാവസായികരംഗം
രണ്ട് സ്റ്റോണ്‍ ക്രഷര്‍ സ്ഥാപനങ്ങളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വന്‍കിട വ്യവസായങ്ങള്‍. കൊപ്ര വ്യവസായമാണ് പഞ്ചായത്തില്‍ നിലവിലുള്ള ചെറുകിട വ്യവസായം, കാര്‍ഷികമേഖലയിലെ പ്രധാന ഉല്‍പന്നങ്ങളെ അസംസ്കൃത വസ്തുവാക്കികൊണ്ടുള്ള വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണ് ഇത്.
വിദ്യാഭ്യാസരംഗം
1980-കളില്‍ വരെ നിലത്തെഴുത്ത് കളരികള്‍ ഇവിടെ നിലനിന്നിരുന്നു. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം 1956-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഓടപ്പുഴ ഗവണ്‍മെന്റ് എല്‍.പി.സ്കൂളാണ്. 1982-ല്‍ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായ സാന്തോം ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ എസ്.എസ്.എല്‍.സി വരെ പഠിക്കാനുള്ള സൌകര്യം പഞ്ചായത്തിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു എല്‍.പി.സ്ക്കൂളും സ്വകാര്യ മേഖലയില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്ക്കൂളും ഒരു യു.പി.സ്ക്കൂളും രണ്ട് എല്‍.പി.സ്ക്കൂളും പ്രവര്‍ത്തിച്ചുവരുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി കൊളക്കാട് സ്ഥിതിചെയ്യുന്നു. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ കണിച്ചാര്‍, പൂളകുറ്റി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൃഷിഭവന്‍, വില്ലേജ് ഓഫീസ് എന്നിവ കൊളക്കാട് സ്ഥിതിചെയ്യുന്നു. കേളകം എന്ന സ്ഥലത്താണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന തപാല്‍, കൊറിയര്‍ സര്‍വ്വീസുകളുടെ എണ്ണം 4 ആണ്. ബി.എസ്.എന്‍.എല്‍ ഓഫീസ് പൂളകുറ്റിയില്‍ നിലകൊള്ളുന്നു. കൃഷിഭവന്‍, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.
ഗതാഗതരംഗം
തലശ്ശേരി-മാനന്തവാടി സംസ്ഥാന പാത ഈ പഞ്ചായത്തില്‍ കൂടി കടന്നുപോകുന്നു. പേരാവൂര്‍-കൊട്ടിയൂര്‍ ഡിസ്ട്രിക് റോഡ് പഞ്ചായത്തിലെ ഗതാഗതയോഗ്യമായ റോഡുകളില്‍ ഒന്നാണ്. പഞ്ചായത്തു റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിലെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. അഴീക്കോട് മത്സ്യബന്ധന തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത് കേളകം ബസ് സ്റ്റാന്റിലാണ്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നതാണ് കാളികേയം, കണിച്ചാര്‍ എന്നിവിടങ്ങളിലെ പാലങ്ങള്‍.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ് കണിച്ചാര്‍. കണിച്ചാറില്‍ ഒരു മാര്‍ക്കറ്റും പ്രവര്‍ത്തിച്ചുവരുന്നു.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. മൂര്‍ച്ചിലക്കാവ് ഭഗവതി ക്ഷേത്രം, കണിച്ചാര്‍ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ഓടംതോട് സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, കൊളക്കാട് സെന്റ് തോമസ് ചര്‍ച്ച് തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങളും കണിച്ചാര്‍ ജുമാ മസ്ജിദ് തുടങ്ങിയ മുസ്ളീം പള്ളികളും ഈ പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു. കുരിശുമല തീര്‍ത്ഥാടനകേന്ദ്രമായ കൊളക്കാട് പള്ളി കുരിശുമലകയറ്റം മലബാറില്‍ ഏറെ പ്രധാനമാണ് കണിച്ചാറിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം, മൂര്‍ച്ചിലക്കാവ് ശ്രീ ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം എന്നിവയിലും ജാതിമതഭേദമെന്യേ ജനങ്ങള്‍ പങ്കുകൊള്ളുന്നു. കലാ-കായിക-സാംസ്കാരിക രംഗങ്ങളിലായി മൂന്ന് സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 1964-ന് ശേഷം കണിച്ചാര്‍ പഞ്ചായത്തിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം ജനപങ്കാളിത്തത്തോടെ വായനശാലകളും ഗ്രന്ഥാലയങ്ങളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണിച്ചാര്‍ ചെങ്ങോം എന്നിവിടങ്ങളിലാണ് വായനശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യരംഗം
ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവ.ആശുപത്രി കൊളക്കാട്, ഗവ.ആയുര്‍വ്വേദ ആശുപത്രി കണിച്ചാര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആതുരാലയങ്ങള്‍. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും കണിച്ചാറില്‍ സ്ഥിതിചെയ്യുന്നു. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ ഏലപ്പീടിക, മാവിടി, നെടുപറംചാല്‍ എന്നിവിടങ്ങളില്‍ നിലകൊള്ളുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പേരാവൂര്‍ എന്നിവയുടെ ആംബുലന്‍സ് സേവനം പഞ്ചായത്ത് നിവാസികള്‍ക്ക് ലഭ്യമാണ്.