ചരിത്രം

തെക്ക് കിളിമുക്ക് മുതല്‍ വടക്ക് പുഴുക്കത്തോട് വരെയും കിഴക്ക് പുല്ലുകുളങ്ങര കിഴക്കേനട മുതല്‍ കൊച്ചിയുടെ ജട്ടി വരെയും, തച്ചന്റെ മുക്ക് മുതല്‍ മല്ലിക്കാട് കടവു വരെയും വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്ത് ഒരു ദീര്‍ഘ ത്രികോണാകൃതിയില്‍ സ്ഥിതി ചെയ്യുന്നു. 9.74 ച.കി.മീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. കാവുകളും കുളങ്ങളും ഐതിഹ്യങ്ങളുടെ ദുരൂഹമായ ഒട്ടേറെ കഥകളും ഈ ഗ്രാമത്തിലുണ്ട്. “കണ്ടല്ലോ വിഗ്രഹമെന്നങ്ങുച്ചത്തില്‍ വിളികേള്‍ക്കയാല്‍ , കണ്ടല്ലൂരെന്ന പേരായിട്ടറിയുന്നുമിന്നും ആ സ്ഥലം”. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര വിഗ്രഹത്തിന്റെ ഐതിഹ്യം വിവരിക്കുന്ന “ഹരിഗീത ക്ഷേത്ര മാഹാത്മ്യം ” എന്ന കൃതിയില്‍ പറഞ്ഞിട്ടുള്ളതാണ് ഈ സ്തുതി. ഈ വിഗ്രഹം കണ്ടെടുത്ത കായലിനു സമീപം ഉള്ള നല്ല ഊരു എന്ന അര്‍ത്ഥത്തില്‍ കണ്ടല്ലൂരായി വിളിച്ചു പോരുന്നു എന്നാണ് പഴമക്കാരുടെ പക്ഷം. കായംകുളം രാജാവിന്റെ അധികാര പരിധിയില്‍പ്പെട്ട രാജ്യാതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗം ചതുപ്പു നിലങ്ങളും കണ്ടല്‍ കാടുകളും നിറഞ്ഞ പ്രദേശങ്ങളായിരുന്നു. കണ്ടല്‍ കാടുള്ള ഊര്  എന്ന വിവക്ഷയില്‍ കണ്ടല്ലൂരെന്ന് വിളിച്ചു വന്നു. കണ്ടല്ലൂരിലെ ക്ഷേത്ര സമുച്ചയത്തില്‍ ഏറ്റവും പഴക്കമുള്ളതും പ്രാധാന്യമര്‍ഹിക്കുന്നതും പുല്ലുകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രമാണ്. വലിപ്പം കൊണ്ടും പഴക്കം കൊണ്ടും ഇന്നും നിലനിന്നു വരുന്ന ഉത്സവ ആഘോഷ രീതി കൊണ്ടും ഈ ക്ഷേത്രം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നു. കായംകുളം രാജാവുമായി ബന്ധപ്പെട്ട് അനേകം ചരിത്ര സംഭാവനകള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ഈ ഗ്രാമത്തിനിടവന്നിട്ടുണ്ട്. കായംകുളം രാജാവുമായി അലോഹ്യത്തിലായ കായംകുളം പുതിയിടത്ത് വട്ടപ്പറമ്പിലെ പടനായകന്‍ കണ്ടല്ലൂരില്‍ കോട്ടയും കിടങ്ങും സ്ഥാപിച്ച് കോട്ടയ്ക്കകത്ത് കൊട്ടാരവും അമ്പലവും ചുറ്റുവട്ടങ്ങളുമായി  താമസം ആരംഭിച്ചത് ചരിത്രത്തിന്റെ നാഴികക്കല്ലാണ്. അന്ന് ഇവര്‍ ഇവിടെ സ്ഥാപിച്ച പീരങ്കികളും ഗണ്ണുകളും വട്ടപ്പറമ്പില്‍ തറവാടിന് കിഴക്കുള്ള കുളത്തിലും ഒന്ന് തറവാട്ടിലെ കാവിനുള്ളിലും കണ്ടെടുക്കാന്‍ കഴിയുമെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍ തറവാട്ടു മുറ്റത്ത് ഇന്ന് സൂക്ഷിച്ചിരിക്കുന്ന പീരങ്കി പുത്തന്‍ തലമുറക്കാര്‍ക്ക് ഒരു കാഴ്ച വസ്തുവാണ്. ഈ കാലഘട്ടത്തില്‍ പുറംനാടുകളുമായി ബന്ധം വയ്ക്കുവാന്‍ തണ്ടുവെച്ച വള്ളങ്ങളും മറ്റു പലവിധ നൌകകളുമാണ് ഉപയോഗിച്ചിരുന്നത്. വട്ടപ്പറമ്പില്‍ നിന്നും ജലയാത്രയ്ക്കായി വെട്ടിയ വലിയ തോടിന്റെ വീതി ശരാശരി 4 മീറ്ററായി ചുരുങ്ങിയിട്ടുണ്ടെങ്കിലും ഇന്നും ഈ ഗ്രാമത്തിലെ വലിയ തോട് ഇത് തന്നെയാണ്. കഥകളിയുടെ ചരിത്രവും കണ്ടല്ലൂരുമായുള്ള ബന്ധവും കുറച്ചൊന്നുമല്ല. കണ്ടല്ലൂര്‍ തോപ്പില്‍ കഥകളി യോഗത്തിന്റെ സംഭാവനയാണ് ഗുരു ചെങ്ങന്നൂരും, പള്ളേമ്പില്‍ വേലുപ്പിള്ളയും, കീരിക്കാട് നാരായണപിള്ളയും, കീരിക്കാട് ശങ്കരപിള്ളയും, ഹരിപ്പാട്  രാമകൃഷ്ണപിള്ളയും. കഥകളി അരങ്ങിലെ അനശ്വര പ്രതിഭയായ മാങ്കുളം വിഷ്ണു നമ്പൂതിരിയും അദ്ദേഹത്തിന്റെ സമസ്ത കേരള കഥകളി വിദ്യാലയവും ലോകമെങ്ങും ഗ്രാമത്തിന്റെ കേളികൊട്ട് ഉയര്‍ത്തിയതാണ്. അദ്ദേഹത്തിന്റെ  മകന്‍ ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി ചെണ്ടമേളത്തില്‍ അഖിലലോക പ്രശസ്തനായി. 1953 സെപ്റ്റംബര്‍ 5 ന് ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി നിലവില്‍ വന്നു. ശ്രീ ഗോവിന്ദ പണിക്കര്‍ ആയിരുന്നു ആദ്യത്തെ കണ്ടല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്.