കല്ലൂര്‍ക്കാട്

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്കില്‍ പരിധിയില്‍ കല്ലൂര്‍ക്കാട്, കുമാരമംഗലം വില്ലേജ്(ഭാഗികം) മഞ്ഞള്ളൂര്‍ വില്ലേജ്(ഭാഗികം) എന്നിവ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത്. 38.95 ച കി മീ വിസ്ത്രിതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ആയവന, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും കിഴക്ക് ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും, തെക്ക് മഞ്ഞള്ളൂര്‍ പഞ്ചായത്തും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും പടിഞ്ഞാറ് മഞ്ഞള്ളൂര്‍, ആയവന പഞ്ചായത്തുകളുമാണ്. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രദേശം കുമാരമംഗലം വില്ലേജില്‍ ഉള്‍പ്പെട്ടതായിരുന്നു. കുമാരമംഗലം വില്ലേജിന്റെ വേളൂര്‍കരയും, മഞ്ഞള്ളൂര്‍ വില്ലേജിന്റെ മഞ്ഞള്ളൂര്‍ കരയും, കല്ലൂര്‍ക്കാട് വില്ലേജും ഉള്‍പ്പെട്ട കല്ലൂര്‍ക്കാട് പഞ്ചായത്ത് 1953 -ല്‍ രൂപം കൊണ്ടു. കൊല്ലവര്‍ഷം 1089-ല്‍ നടന്ന വില്ലേജ് സെറ്റില്‍മെന്റ് കാലം വരെ ഈ പഞ്ചായത്ത് കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകള്‍ ബീജാവാപം ചെയ്തപ്പോള്‍ കല്ലൂര്‍ക്കാട് പഞ്ചായത്തും നിലവില്‍ വന്നു. 1953-ലാണ് ഈ പഞ്ചായത്ത് രൂപീകരിച്ചത്. 1953 ആഗസ്റ്റ് 15-ന് ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത പി.ജെ.ജോസഫ് (കൊച്ചാപ്പുചേട്ടന്‍) പ്രസിഡന്റായി അധികാരമേറ്റു. ഈ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. പ്രധാനപ്പെട്ട നാലുകരകള്‍ ചേരുന്നതാണ് കല്ലൂര്‍ക്കാട്. അതില്‍ നാകപ്പുഴയാണ് സാംസ്കാരികതയുടെ ഈറ്റില്ലം എന്ന് ചരിത്ര രേഖകളും അന്വേഷണങ്ങളും തെളിയിക്കുന്നു. നദീതട സംസ്കാരങ്ങള്‍ ഭാഷയുടെ ചരിത്രം പഠിപ്പിക്കുന്നതുപോലെ നാകപ്പുഴയുടെ ചരിത്രം ഇവിടുത്തെ സാംസ്കാരികതയുടെ കഥ പറയുന്നു. മലനിരകളും പാറക്കൂട്ടങ്ങളും താഴ്വരകളും അടങ്ങിയ ഈ പഞ്ചായത്തിലെ മണ്ണ് പൊതുവെ ചെമ്മണ്ണ് രാശിയുള്ളതാണ്. ഭൂപ്രകൃതിയനുസരിച്ച് കല്ലൂര്‍ക്കാട് പഞ്ചായത്തിനെ കുന്നുകള്‍, ചരിവുപ്രദേശങ്ങള്‍, താഴ്വരകള്‍, സമതലങ്ങള്‍ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ഇവിടെ പരമ്പരാഗത കൃഷിരീതികളും നവീന കൃഷിരീതികളും ഒരു പോലെ പ്രയോഗിച്ചുവരുന്നു. റബ്ബറും പൈനാപ്പിളും വ്യാപകമായതോടെ നെല്‍കൃഷിയിലും കുരുമുളകിലും തെങ്ങ് കൃഷിയിലുമുള്ള കര്‍ഷകരുടെ ശ്രദ്ധ കുറയുകയും ചെയ്തിട്ടുണ്ട്. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ നാഗപ്പുഴ സെന്റ് മേരീസ് ദേവാലയം കേരളത്തിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ്