ചരിത്രം

സാമൂഹിക ചരിത്രം

സവര്‍ണ്ണജന്മി നാടുവാഴിമേധാവിത്വത്തിന്റെ പരമ്പരാഗത സാമൂഹ്യഘടന നിലനിന്നിരുന്ന കല്ല്യാശ്ശേരിയില്‍ മാറ്റത്തിന്റെ ഓളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് 1930-കളോടെയാണ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അലയടിച്ച കര്‍ഷകസമരങ്ങളുടെയും, സാമൂഹ്യ പരിവര്‍ത്തന പ്രക്ഷോഭങ്ങളുടെയും സിരാകേന്ദ്രമായിരുന്നു കല്ല്യാശ്ശേരി. പ്രക്ഷുബ്ധമായിരുന്ന 30-കളില്‍ കൃഷ്ണപിള്ള, വിഷ്ണു ഭാരതീയന്‍, കേരളീയന്‍, എ.കെ.ജി., കെ.പി.ആര്‍.ഗോപാലന്‍ തുടങ്ങിയ ജനനേതാക്കളുടെ ഉത്തരമലബാറിലെ പ്രവര്‍ത്തന കേന്ദ്രം കല്ല്യാശ്ശേരിയായിരുന്നു. 1927-ല്‍ കല്ല്യാശ്ശേരി എലിമെന്ററി സ്കൂളില്‍ ഒരു ദലിത് ബാലന് പ്രവേശനം നടത്തിയതിലൂടെ ആരംഭിച്ച സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് കല്ല്യാശ്ശേരി ദേശീയധാരയിലേക്കുനീങ്ങിയത്. 1951-വരെ കൃഷിഭൂമിയുടെ 90% വും വന്‍കിട സവര്‍ണ്ണ ജന്മിഭൂവുടമകളും, ദേവസ്വവും അടക്കിഭരിച്ചു. കല്ല്യാശ്ശേരിയിലെ ഭൂരിപക്ഷ സമുദായമായ തീയ്യസമുദായക്കാര്‍ അടക്കമുള്ള വിഭാഗക്കാര്‍ക്ക്  കൃഷിഭൂമിയുടെ 6.5% മാത്രമെ സ്വന്തമായി ഉണ്ടായിരുന്നുള്ളു. കാണം, കുഴിക്കാണം, വെറുംപാട്ടം തുടങ്ങിയ ഉപാധികളിന്‍മേല്‍ കൃഷിക്കാര്‍ക്ക് ഭൂമി പാട്ടത്തിന് കൊടുക്കുകയായിരുന്നു ജന്മിമാര്‍ ചെയ്തിരുന്നത്. പഞ്ചായത്തിലെ സവര്‍ണ്ണരായ നായര്‍ തറവാട്ടുകാരായിരുന്നു കാര്‍ഷിക മേഖല അടക്കി വാണിരുന്നത്. അവര്‍ണ്ണ ജാതിക്കാരില്‍ ഭൂരിഭാഗം പേരും കര്‍ഷകതൊഴിലാളികളോ, ജന്മിമാരില്‍ നിന്നും ഭൂമി വെറും പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരോ, കൈത്തൊഴില്‍ ചെയ്യുന്നവരോ ആയിരുന്നു. ഭൂരിപക്ഷം മുസ്ളീം കുടുംബങ്ങളും താഴ്ന്ന വരുമാനക്കാരായിരുന്നുവെങ്കിലും അറക്കല്‍ രാജവംശവുമായി ബന്ധമുള്ള പ്രമുഖ മുസ്ളീം തറവാട്ടുകാര്‍ക്ക് 16.06% ഭൂമിയുടെ അവകാശം ഉണ്ടായിരുന്നു.

പ്രാദേശിക വികസന ചരിത്രം

19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ നാണ്യവിളകള്‍ക്കു പ്രാമുഖ്യം ലഭിക്കാന്‍ തുടങ്ങിയതും, കല്ല്യാശ്ശേരിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വ്യവസായശാലകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയതും, മാറ്റത്തിന്റെ തുടക്കമായിരുന്നു. 1924-ല്‍ കല്ല്യാശ്ശേരി ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിതമായി. പുതിയ തലമുറക്ക് ആധുനിക വിദ്യാഭ്യാസത്തിനുള്ള വഴിവിളക്കായി ഈ സ്കൂള്‍. അന്ന് സവര്‍ണ്ണര്‍ക്ക് മാത്രം പ്രവേശനം നല്‍കിയിരുന്ന ഈ സ്കൂളില്‍ ഒരു ദലിത് ബാലനെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവിടുത്തെ നായര്‍ തറവാടുകളിലെ ചെറുപ്പക്കാര്‍ രംഗത്തിറങ്ങി. 1927-ല്‍ നടന്ന അവിസ്മരണീയമായ ഈ സമരത്തിന് നേതൃത്വം നല്‍കാന്‍ കെ.കേളപ്പന്‍ കല്ല്യാശ്ശേരിയിലെത്തിയത് പ്രവര്‍ത്തകരില്‍ ആവേശത്തിന്റെ അഗ്നി പടര്‍ത്തി. 1930 ജനുവരി 26-നു ഇന്ത്യന്‍ പതാക ഉയര്‍ത്തിക്കൊണ്ട് കല്ല്യാശ്ശേരിയിലെ ജനതയും ദേശീയപ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉപ്പു സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പയ്യന്നൂരിലേക്ക് മാര്‍ച്ച് നടത്തി. 1934-ല്‍ മാങ്ങാട്ട് ശ്രീ ഹര്‍ഷന്റെ സ്മാരകമായി ശ്രീ ഹര്‍ഷന്‍ സ്മരക വായനശാല ഉത്ഘാടനം ചെയ്യപ്പെട്ടു. കര്‍ഷകരുടേയും അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും പഠനകേന്ദ്രമായി മാറി ഈ വായനശാല. ശ്രീ ഹര്‍ഷന്‍ എന്ന പേരില്‍ ഒരു കൈയ്യെഴുത്ത് മാസികയും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. രാഷ്ട്രീയ പഠനത്തിലുളള പ്രധാന ഉപാധിയായി ഈ മാസിക അംഗീകരിക്കപ്പെട്ടു. സര്‍വ്വശ്രീ എ.കെ.ജി, കേരളീയന്‍, വിഷ്ണുഭാരതീയന്‍, കൃഷ്ണപ്പിള്ള തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രവര്‍ത്തനവേദിയായി മാറിയതോടെ കല്ല്യാശ്ശേരി കര്‍ഷകസമരത്തിന്റെ സിരാകേന്ദ്രമായി മാറി. 1935-ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കല്ല്യാശ്ശേരി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതേവര്‍ഷം തന്നെയായിരുന്നു കേരളത്തിലെ എലിമെന്ററി അദ്ധ്യാപകരുടെ ആദ്യസംഘടനയായി ചിറക്കല്‍ താലൂക്ക് എലിമെന്ററി ടീച്ചേഴ്സ് യൂണിയന്‍ സ്ഥാപിതമാവുന്നത്. കെ.വി.നാരായണന്‍ നമ്പ്യാരെപ്പോലുള്ള പ്രഗത്ഭരായ നേതാക്കളുടെ മുന്‍കൈയ്യോടെ രൂപം കൊണ്ട ഈ സംഘടനയുടെ ആദ്യയോഗം ചേര്‍ന്നത് കല്ല്യാശ്ശേരിയില്‍ വച്ചായിരുന്നു. ഇതേ സമയം തന്നെ ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ അദ്ധ്യയന സമാജം എന്ന പേരില്‍ കുട്ടികളുടെ സംഘടനയും രൂപം കൊണ്ടു. വിദ്യാഭ്യാസത്തിലൂടെ വളരുക എന്നതായിരുന്നു ഈ സംഘത്തിന്റെ മുദ്രാവാക്യം. പിന്നീട് ബാലസംഘം എന്ന പേരില്‍ രൂപീകൃതമായ കുട്ടികളുടെ സംഘടനയുടെ ആദ്യ രൂപമായിരുന്നു അധ്യായന സമാജം. 1940 സപ്തംബര്‍ 15-ന് ആഹ്വാനം ചെയ്ത സാമ്രാജ്യത്വ വിരുദ്ധദിനം പ്രസിദ്ധമായ മൊറാഴ സംഭവത്തിലേക്ക് നയിച്ചു. കല്ല്യാശ്ശേരി പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള അഞ്ചാംപീടികയില്‍ (മൊറാഴ) യോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍, പോലീസ് യോഗം കൈയേറി. തുടര്‍ന്നുണ്ടായ സംഘട്ടനം ഒരു പോലീസ് സബ് ഇന്‍സ്പെക്ടറുടെയും, ഒരു ഹെഡ് കോണ്‍സ്റ്റബിളിന്റെയും മരണത്തില്‍ കലാശിച്ചു. കെ.പി.ആര്‍.ഗോപാലനടക്കമുള്ള ഒട്ടനവധി നേതാക്കളെയും, പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ്ചെയ്തു. തുടര്‍ന്ന് കല്ല്യാശ്ശേരി പഞ്ചായത്തില്‍ വീടുവീടാന്തരം പോലീസ് നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇന്നും കല്ല്യാശ്ശേരിയിലെ മുതിര്‍ന്നവരുടെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന കെ.പി.ആര്‍.ഗോപാലനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യമാകെ ആഞ്ഞുവീശിയ പ്രതിഷേധ കൊടുങ്കാറ്റിന്റെ ഫലമായി അദ്ദേഹം മോചിക്കപ്പെട്ടു. 1946-ലെ പാപ്പിനിശ്ശേരി ആറോണ്‍ മില്ലിലെ തൊഴിലാളി സമരത്തിന്റെ പിന്നണി പ്രദേശങ്ങളിലൊന്നായിരുന്നു കല്ല്യാശ്ശേരി. മലബാറിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഈ സമരത്തിന് കല്ല്യാശ്ശേരിയിലെ കര്‍ഷകരും തൊഴിലാളികളും അവരുടേയായ പങ്കുവഹിച്ചിട്ടുണ്ട്. 1950-കളില്‍ കേരളത്തില്‍, പ്രത്യേകിച്ചു മലബാറില്‍ നടന്ന രൂക്ഷമായ കര്‍ഷക സമരങ്ങളുടെ തീക്കാറ്റ് കല്ല്യാശ്ശേരിയിലേയും കര്‍ഷക ഭൂവുടമാബന്ധങ്ങളില്‍  മാറ്റം ഉളവാക്കി തുടങ്ങി. 1957-മുതല്‍ 1971 വരെയുളള കാലഘട്ടത്തില്‍ നടപ്പാക്കിയ ഭൂപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ കല്ല്യാശ്ശേരിയിലേയും കാര്‍ഷിക ഭൂവുടമാബന്ധങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കിടയാക്കി. 1937-ല്‍ ഇരിണാവിലെ ഉല്‍പതിഷ്ണുക്കളായ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സന്‍മാര്‍ഗ്ഗദായിനിവായനശാലയായിരുന്നു ഇവിടത്തെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. തൊട്ടുകൂടായ്മയും തീണ്ടലും നടമാടിയ ഈ ഗ്രാമത്തില്‍, വായനശാലാപ്രവര്‍ത്തനം, മുഖേന വളര്‍ന്ന് വന്ന  കൂട്ടായ്മ അയിത്തത്തിനും, ജാതീയതയ്ക്കും എതിരെ നടന്ന ആദ്യ ചുവട് വെപ്പായിരുന്നു. സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളുടെ ഉയര്‍ന്ന പാരമ്പര്യത്തിന്റെ അവിസ്മരണീയമായ ഒരേടാണ് ഇരിണാവ് റെഗുലേറ്ററിന്റെ നിര്‍മ്മാണം.