പഞ്ചായത്തിലൂടെ

കല്ല്യാശ്ശേരി - 2010

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കല്ല്യാശ്ശേരി പഞ്ചായത്ത്. 1955 മാര്‍ച്ച് 31 ന് രൂപീകൃതമായ ഈ പഞ്ചായത്തിന് 15.37 ച.കി.മീ വിസ്തൃതിയുണ്ട്. 18 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും കണ്ണപുരം ഗ്രാമപഞ്ചായത്തും കിഴക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത്  അറബിക്കടലും, കണ്ണപുരം, മാട്ടൂല്‍, അഴീക്കോട്  എന്നീ പഞ്ചായത്തുകളും തെക്കുഭാഗത്ത് പാപ്പിനിശ്ശേരി, അഴീക്കോട്  ഗ്രാമപഞ്ചായത്തുകളുമാണ്. 28086 വരുന്ന മൊത്തം ജനസംഖ്യയില്‍ 14839 സ്ത്രീകളും 13247 പുരുഷന്മാരും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ ജനതയുടെ സാക്ഷരതാ നിരക്ക് 92 ശതമാനം ആണ്. 23 പൊതുകിണറുകളും നിരവധി സ്വകാര്യ കിണറുകളും 118 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തു നിവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 7 റേഷന്‍കടകളും രണ്ടു മാവേലി സ്റ്റോറുകളും പ്രവര്‍ത്തിച്ചു വരുന്നു. 526 പൊതുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് തീരപ്രദേശ മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ കുന്നിന്‍ പ്രദേശം, കുന്നിന്‍ ചെരുവുകള്‍ ‍‍‍‍, തീരസമതലം, ചതുപ്പുനിലം എന്നിവ ഉള്‍പ്പെടുന്നു. ചെങ്കല്‍മണ്ണും പൂഴിയും അല്‍പം കളിമണ്ണും കലര്‍ന്നതാണ് ചെരിവുപ്രദേശത്തെ മേല്‍മണ്ണ്. താഴ്വരകളില്‍ പൂഴി കലര്‍ന്ന അലൂവിയം മണ്ണാണ് കാണപ്പെടുന്നത്. കാര്‍ഷിക മേഖലയായിരുന്ന കല്യാശ്ശേരി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷി വ്യാപിച്ചു. തീര സമതലങ്ങളില്‍ കണ്ടല്‍ പ്രദേശങ്ങള്‍ ഒഴിച്ച് മുഴുവന്‍ ഭൂമിയിലും നെല്ലാണ് കൃഷിചെയ്തിരുന്നത്, നെല്ല്, തെങ്ങ്, കശുമാവ്, കവുങ്ങ്, കുരുമുളക്, വാഴ, മാവ് എന്നിവയാണ് ഇന്നു കൃഷിചെയ്തു വരുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ അഞ്ച് ശതമാനം കണ്ടല്‍ കാടുകളാണ്. 26 പൊതുകുളങ്ങളും 5 സ്വകാര്യ കുളങ്ങളും നിരവധി തോടുകളും ഈ പഞ്ചായത്തിലെ ജലസ്രോതസ്സുകളാണ്. പഞ്ചായത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന ഇരിണാവ് പുഴയും പഞ്ചായത്തിന്റെ ജലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. കൃഷിയാവശ്യങ്ങള്‍ക്ക് ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകരമായിരിക്കും.
വ്യാവസായികരംഗം
എടുത്തു പറയത്തക്ക വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഇല്ലായെങ്കിലും ഇടത്തരം വ്യവസായമായ കെല്‍ട്രോണിന്റെ ഒരു യൂണിറ്റ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗാര്‍മെന്റ്സ്, ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പ് എന്നിവ പഞ്ചായത്തിലെ ചെറുകിട വ്യവസായങ്ങളാണ്. കൈത്തറി,കയര്‍ എന്നീ പരമ്പരാഗത വ്യവസായങ്ങളും നിലനിന്നു പോരുന്നുണ്ട്. ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണ്. ഇന്‍ഡെയിന്‍ ഗ്യാസ് ഏജന്‍സിയുടെ ഒരു ശാഖ മാങ്ങാട് പ്രവര്‍ത്തിക്കുന്നു.
വിദ്യാഭ്യാസരംഗം
കല്യാശ്ശേരി സെന്‍ട്രലില്‍ 1922ല്‍ സ്ഥാപിച്ച സ്വകാര്യ എലിമെന്ററി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ പൊതുവിദ്യാലയം. 1924ല്‍ കല്യാശ്ശേരിയില്‍ സ്ഥാപിതമായ ഹയര്‍ എലിമെന്ററി സ്കൂള്‍ 1957ല്‍ ഹൈസ്കൂളായി ഉയര്‍ത്തിയതോടെ എസ്.എസ്.എല്‍ ‍.സി വരെ പഠിക്കാനുള്ള സൌകര്യം പഞ്ചായത്തിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി. വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 1992-93ല്‍ ആരംഭിച്ച ശിവപുരം കോംപ്ലക്സിനെ തുടര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത് സ്കൂള്‍ കോംപ്ലക്സിന് 1993-94ല്‍ കല്ല്യാശ്ശേരിയില്‍ രൂപംകൊടുത്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ മാങ്ങാട്ടുപറമ്പ് ഈ പഞ്ചായത്തിലാണ്. 2010ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂളും ഒരു എല്‍.പി.സ്കൂളും പ്രവര്‍ത്തിച്ചു വരുന്നു. മാങ്ങാട്, കല്ല്യാശ്ശേരി,ഇരിണാവ്, കണ്ണപുരം എന്നിവിടങ്ങളിലായി 9 സ്വകാര്യ സ്കൂളുകള്‍ നിലകൊള്ളുന്നു. ഇതുകൂടാതെ പഞ്ചായത്തില്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് എന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവും പ്രവര്‍ത്തിക്കുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി ഇരിണാവില്‍ സ്ഥിതി ചെയ്യുന്നു. പാപ്പിനിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്, ഇരിണാവ് സര്‍വീസ് സഹകരണ ബാങ്ക്, മൊറാഴ കല്ല്യാശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയും മാങ്ങാട്, കല്ല്യാശ്ശേരി എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന വനിത സഹകരണ ബാങ്കുകളും സഹകരണ മേഖലയിലെ സ്ഥാപനങ്ങളാണ്. ഇതുകൂടാതെ കാത്തലിക് സിറിയന്‍ ബാങ്ക് കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു.
പി.സി.ആര്‍ ബാങ്ക് ഓഡിറ്റോറിയം, ഇരിണാവ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നിവയാണ് പഞ്ചായത്തിലെ രണ്ടു കല്യാണമണ്ഡപങ്ങള്‍. വൈദ്യുതി മേഖലയിലെ 110 കെ.വി സബ്സ്റ്റേഷന്‍ മാങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. കെ.എ.പി 4ാം ബറ്റാലിയന്‍ ആസ്ഥാനം മങ്ങാട്ടുപറമ്പ്, രജിസ്ട്രാര്‍ ഓഫീസ് കല്യാശ്ശേരി എന്നിവയാണ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രധാന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. വില്ലേജ് ഓഫീസ്, കൃഷി ഭവന്‍ എന്നിവ കല്ല്യാശ്ശേരിയില്‍ നിലകൊള്ളുന്നു. പഞ്ചായത്തിലെ തപാല്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത് മാങ്ങാട് ആണ്. നിലവിലുള്ള ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ഇരിണാവ് എന്ന സ്ഥലത്താണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ് മാങ്ങാട്, ഇരിണാവ് എന്നീ സ്ഥലങ്ങള്‍ ‍. മാങ്ങാട് ഒരു ഷോപ്പിംഗ് കോംപ്ലക്സ് പ്രവര്‍ത്തിക്കുന്നുണ്ട്. മാങ്ങാട് കേന്ദ്രീകരിച്ച് ഒരു മാര്‍ക്കറ്റും നിലവിലുണ്ട്.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 10ക്ഷേത്രങ്ങളും 5 മുസ്ലീം പള്ളികളും ഈ പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്സവം, നേര്‍ച്ച തുടങ്ങിയ വിവിധ ആഘോഷപരിപാടികള്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ.പി.ആര്‍.ഗോപാലന്‍‍, എം.പി.നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ഈ പഞ്ചായത്തിന്റെ മണ്മറഞ്ഞുപോയ പ്രതിഭകളാണ്. സ്വാതന്ത്ര്യസമരസേനാനികളായ എ.വി.കൃഷ്ണവാര്യര്‍ ‍, പട്ടേരി രാഘവന്‍ എന്നിവരും ഇ,കെ.നായനാരുടെ പത്നി ശാരദടീച്ചറും ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. കലാകായിക സാംസ്കാരിക രംഗങ്ങളിലായി 8 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇ.എം.എസ് സ്മാരക വായനശാല, ഇരിണാവ് സന്മാര്‍ഗ്ഗദായിനി വായനശാല എന്നിവ ഈ പഞ്ചായത്തിന്റെ സാംസ്കാരിക പുരോഗതി വിളിച്ചറിയിക്കുന്നു.
ആരോഗ്യരംഗം
ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ആയുര്‍വേദ ഡിസ്പെന്‍സറി ഇരിണാവ്, ഹോമിയോ ഡിസ്പെന്‍സറി പാറക്കടവ് എന്നിവ പ്രാഥമിക ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. പി.എച്ച്.സിയുടെ പ്രാഥമിക ആരോഗ്യകേന്ദ്രം കല്യാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മൂന്ന് ഉപകേന്ദ്രങ്ങള്‍ കോലത്തുവയല്‍,ഇരിണാവ്, കല്ല്യാശ്ശേരി എന്നിവിടങ്ങളിലായ് പ്രവര്‍ത്തിച്ചു വരുന്നു. പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആംബുലന്‍സ് സേവനം പഞ്ചായത്ത് നിവാസികള്‍ക്ക് ലഭ്യമാണ്.