കല്ല്യാശ്ശേരി

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ തളിപ്പറമ്പ് ബ്ളോക്ക് പരിധിയില്‍ കല്ല്യാശ്ശേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ല്യാശ്ശേരി. 15.37 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിലെ അതിരുകള്‍ വടക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി, കണ്ണപുരം പഞ്ചായത്ത്, തെക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത്, കിഴക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി, പാപ്പിനിശ്ശേരി പഞ്ചായത്ത്, പടിഞ്ഞാറ് ഇരിണാവ് പുഴ, മാട്ടൂല്‍, അഴീക്കോട് പഞ്ചായത്തുകള്‍ എന്നിവയാണ്. കണ്ണൂര്‍ ജില്ലയുടെ മധ്യഭാഗത്ത്, കണ്ണൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു സാധാരണ തീരദേശ പഞ്ചായത്താണ് കല്ല്യാശ്ശേരി. കല്ല്യാശ്ശേരി ഭൂവിഭാഗം വടക്കന്‍ തുളുനാട് കാര്‍ഷിക മേഖലയില്‍പെടുന്നവയാണ്. മലബാറിലെ പരമ്പരാഗതമായ ഭരണാധികാരിയായിരുന്ന  കോലത്തിരി രാജാവിന്റെ അധീനതയിലായിരുന്നു കല്ല്യാശ്ശേരിയിലെ  അധികാരി. ഈ ജന്മി കുടുംബത്തിന്റെ ഇടനാഴിയില്‍ നിന്നുതന്നെയായിരുന്നു കല്ല്യാശ്ശേരിയുടെ നവോത്ഥാനത്തിന്റെ ഉണര്‍ത്തുപാട്ടും ഉയര്‍ന്ന് വന്നത്. 1954-ല്‍ കല്ല്യാശ്ശേരി പഞ്ചായത്ത് രൂപീകൃതമായി. 1962-ല്‍ ഇരിണാവ് വില്ലേജിലെ ഇരിണാവ് അംശവും കൂടികൂട്ടിചേര്‍ത്തതോടെ കല്ല്യാശ്ശേരി പഞ്ചായത്തിന് ഇന്നത്തെ രാഷ്ട്രീയ ഭൂപടം കൈവന്നു. 1971-ലെ ഭൂപരിഷ്കരണ നിയമം വഴി  അധ്വാനിക്കുന്നവന് ഭൂമി സ്വന്തമായി ലഭിച്ചതോടെ കല്ല്യാശ്ശേരിയിലേയും ജന്മി ഭൂവുടമ ആധിപത്യത്തിന് അന്ത്യംകുറിച്ചു. 1500-ല്‍ ഏറെ കര്‍ഷകര്‍ക്കും കുടിയാന്‍മാര്‍ക്കും  അന്ന് സ്വന്തമായി ഭൂമി ലഭിച്ചു.  അങ്ങനെ 1991-ല്‍ കല്ല്യാശ്ശേരി വീണ്ടും ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. ഇന്ത്യയില്‍ ആദ്യമായി വികേന്ദ്രീകൃത ജനകീയ ആസൂത്രണത്തിന് പുതിയ ഒരു മാതൃക സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1991 ഏപ്രില്‍ മാസമാണ്. ചരിത്ര പ്രസിദ്ധമായ കോലത്തുനാടിന്റെ ഭാഗമായിരുന്ന കല്ല്യാശ്ശേരിയില്‍ ജന്മിനാടുവാഴി വ്യവസ്ഥയുടെ ഭാഗമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കലാരൂപങ്ങളും മറ്റുമായിരുന്നു അടുത്തകാലം വരെ നിലവിലുണ്ടായിരുന്നത്. സുശക്തമായ ഗ്രന്ഥശാലാ പ്രസ്ഥാനവും നാടകസംഘങ്ങളും മറ്റും ഉള്‍പ്പെടുന്ന പുതിയ ഒരു സാംസ്ക്കാരിക ലോകം കേരളത്തിലെ മറ്റേതൊരു ഗ്രാമത്തിലുമെന്നതുപോലെ കല്ല്യാശ്ശേരിയിലും വളര്‍ന്നു വന്നു. മുസ്ളീം സമുദായവുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന ദഫ്മുട്ടും ഒപ്പനയും ഇന്നും നിലവിലുണ്ട്. കല്ല്യാണവുമായി ബന്ധപ്പെട്ട ഒപ്പനപ്പാട്ട് അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ സംഘങ്ങളും പഞ്ചായത്തില്‍ നിലവിലുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, കാവുകളിലെ തെയ്യങ്ങള്‍, പള്ളികളിലെ നേര്‍ച്ചകള്‍ എന്നിങ്ങനെ സാംസ്ക്കാരിക ജീവിതത്തില്‍ പ്രാമുഖ്യം വഹിച്ചിരുന്ന പ്രാദേശിക ഉത്സവങ്ങള്‍ കുറേയേറെ ഇന്നും ബാക്കിയുണ്ട്. ജാതിമതഭേദമെന്യേ ഏവരും പങ്കുകൊള്ളുന്ന രീതിയിലാണ് തെയ്യങ്ങളും നേര്‍ച്ചകളും മറ്റും നടന്നുപോരുന്നത്. കല്ല്യാശ്ശേരിയുടെ തനത് നാടോടി ശേഖരത്തിലെ അമൂല്യനിധിയാണ് ചന്ത്രോത്ത കണ്ണനെക്കുറിച്ചുള്ള നാടന്‍പാട്ട്.