ചരിത്രം

തിരുവനന്തപുരം ജില്ലയുടെ വടക്ക് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മലകളും താഴ്വാരങ്ങളും  ചെറുപുഴകളും ചേര്‍ന്ന മലയോരമേഖലയാണ് കല്ലറ പഞ്ചായത്ത്. ആദ്യകാലത്ത് പഞ്ചായത്തിന്റെ അതിര്‍ത്തി വടക്ക് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പഞ്ചായത്ത്, പടിഞ്ഞാറ് വാമനപുരം, പുളിമാത്ത് പഞ്ചായത്തുകള്‍, തെക്ക് വാമനപുരം, പുല്ലംപാറ പഞ്ചായത്തുകള്‍, കിഴക്ക്-തെക്ക് വാമനപുരം നദി, കിഴക്ക് നന്ദിയോട് പഞ്ചായത്ത് എന്നിങ്ങനെയായിരുന്നു. പഞ്ചായത്തു വിഭജിച്ചപ്പോള്‍ ഇന്നത്തെ പാങ്ങോടു പഞ്ചായത്തില്‍പ്പെട്ട സ്ഥലം മുഴുവന്‍ കല്ലറ പഞ്ചായത്തില്‍ നിന്ന് വിട്ടുപോയതാണ്. 800 വര്‍ഷം മുന്‍പ്  വേണാട്ടധികാരികളായിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മ(1175-95)യുടെയോ, പിന്‍ഗാമികളുടെയോ കാലത്ത് ഇവിടെ ജനവാസമുണ്ടായിരുന്നുവെന്ന് ഊഹിക്കാം. കല്ലുവരമ്പില്‍ കോട്ടയം മാര്‍ത്താണ്ഡവര്‍മ്മയുടെ കാലവുമായി ബന്ധപ്പെടുത്തിയാലും 300 വര്‍ഷത്തോളം പഴക്കം കാണാം. ഏതായാലും കല്ലറ, മിതൃമ്മല, മുതുവിള എന്നിങ്ങനെ പഞ്ചായത്തിലെ തെക്കും കിഴക്കും മേഖലയിലാണ് അധിനിവേശം ആദ്യം ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അങ്ങനെ ഇവിടെയുണ്ടായിരുന്ന ആദിവാസികളും മറ്റിടങ്ങളില്‍ നിന്ന് മല കയറിയെത്തിവരും വെട്ടിപ്പിടിച്ച് തെളിച്ച് കൃഷിയിടങ്ങളാക്കുന്നതുവരെ ഇവിടം വനപ്രദേശമായിരുന്നു. കടുവ, കരടി, പുലി, പന്നി, ആന തുടങ്ങി കാട്ടുമൃഗങ്ങള്‍  ധാരാളമുണ്ടായിരുന്നു. കടുവാക്കുഴികള്‍, കരടിച്ചാണുമൂല, പുലിപ്പാറ, ആനകുളം എന്നി സ്ഥലനാമങ്ങള്‍  ഇതിന് ഉദാഹരണങ്ങളാണ്.

ചരിത്രം

റോഡു നിര്‍മ്മാണത്തിനിടയിലും കെട്ടിടനിര്‍മ്മാണ വേളയില്‍ തറ ഇടിച്ച് നിരത്തിയപ്പോഴും മിതൃമ്മലയിലും പരിസരപ്രദേശങ്ങളിലും മണ്ണിനടിയില്‍ നിന്നും കിട്ടിയ മണ്‍കലങ്ങളും ലോഹോപകരണങ്ങളും അവയിലെ കരകൌശലപ്പണികളും പുരാതനമായൊരു സംസ്കാരത്തിന്റെ കഥ പറയുന്നു. മിതൃമ്മല ക്ഷേത്രത്തിന് മുന്നിലെ തോട്ടിലുണ്ടായിരുന്ന ഇത്തരം വസ്തുക്കളും  കൂറ്റന്‍ ഒറ്റക്കല്‍ പാലങ്ങളും അങ്ങിങ്ങ്  അവശേഷിച്ചിരിക്കുന്ന കൂറ്റന്‍ എണ്ണയാട്ടു ചക്കുകളും പഴയ അമ്പലങ്ങളിലെ ശില്‍പങ്ങളും, കല്ലുവരമ്പില്‍ കോട്ടയും പഴയകാലത്തെ വസ്തു കൈമാറ്റ ആധാരങ്ങളും (സെറ്റില്‍മെന്റ് രജിസ്റ്റര്‍) പഴമയുടെ സാക്ഷിപത്രങ്ങളായ  ചരിത്രസാമഗ്രികളായി  പരിഗണിക്കാം.

സ്ഥലനാമചരിത്രം

  പ്രകൃതിദത്തമായ അറയോടു കൂടിയ പാറകള്‍ ഇവിടെ ധാരാളം ഉണ്ടായിരുന്നതുകൊണ്ടാണ് കല്ലറ എന്ന പേര് ഉണ്ടായതെന്നാണ് ഒരു അഭിപ്രായം. കല്ലറ ജംഗ്ഷന്റെ കിഴക്ക് ഭാഗത്തുള്ള പാറമുകളില്‍ അത്തരം അറയോടു കൂടിയ പാറ ഇന്നുമുണ്ട്. കല്ലില്‍ അറ ക്രമേണ കല്ലറയായി എന്നും പറയപ്പെടുന്നു. ഇത്തരം അറകള്‍ ചിലയിടങ്ങളില്‍ കണ്ടിട്ടുള്ളതാണ് ഈ  അഭിപ്രായത്തിനു കാരണം. പണ്ടെങ്ങോ വടക്ക് കല്ലടശേരിയില്‍ നിന്നും ഒരു വല്ല്യമ്മ ഭര്‍ത്താവ് മരിച്ചശേഷമുള്ള അനാഥാവസ്ഥയില്‍ ഇന്നത്തെ മാടന്‍നടയ്ക്കു സമീപം വന്ന് താമസമുപ്പറപ്പിച്ചുവത്രെ. അവരില്‍ നിന്നാണ് കല്ലറ കുടുംബക്കാരുടെ തുടക്കം. അവര്‍ കൊണ്ടു വന്നിരുന്ന ആരാധനാമൂര്‍ത്തിയായ ശിലയാണ് മാടന്‍നടയിലെ ആദ്യത്തെ പ്രതിഷ്ഠ. കല്ലടശ്ശേരിയില്‍ നിന്നും വന്നവരില്‍ നിന്നാണ് ‘കല്ലറ’ എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. കല്ലടശ്ശേരി  ‘കല്ലറശ്ശേരി’യായി ‘ട’  കാരം ‘റ’ കാരമായി മാറി. “ ശ്ശേരി “ കാലക്രമേണ ലോപിച്ചതായി കരുതണം. സ്ഥലനാമത്തെക്കുറിച്ചുള്ള മറ്റൊരഭിപ്രായം ഭൂപ്രകൃതിസംബന്ധമായുള്ളതാണ്. കല്ലറയും പരിസരപ്രദേശങ്ങളും ഉണ്ടക്കല്ലുകള്‍ നിരന്ന ഭൂവല്‍ക്കത്തോടുകൂടിയതായിരുന്നു എന്നതുകൊണ്ട് പ്രസ്തുത ഭൂപ്രകൃതിക്ക് ‘കല്‍തറ’ യെന്ന് ആളുകള്‍ പേരിട്ടു. കല്‍തറ ക്രമേണ ‘കല്ലുതറ’ യായും ഉച്ചാരണാര്‍ത്ഥം  ‘കല്ലറ’ യായും പരിണമിച്ചുവെന്നാണ് മറ്റൊരു വാദഗതി.

കല്ലറ സമരം

പഞ്ചായത്തില്‍ രണ്ട് പൊതുമാര്‍ക്കറ്റുകളാണ് ഉള്ളത്. കല്ലറ മാര്‍ക്കറ്റും മരുതുംമൂട് മാര്‍ക്കറ്റും. കല്ലറ മാര്‍ക്കറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് സ്ഥാപിതമായത്. കാര്‍ഷിക പ്രധാനമായ ഈ പ്രദേശത്തിന്റെ സാമ്പത്തികരംഗത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായകഘടകങ്ങളാണ് ഈ മാര്‍ക്കറ്റുകള്‍. ആദ്യകാലങ്ങളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളായിരുന്നു ഈ മാര്‍ക്കറ്റ്. ഇന്ന് പഴയ ചന്ത അറിയപ്പെടുന്ന സ്ഥലത്താണ് ആദ്യകാലത്ത് ഈ ചന്ത പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കല്ലറ ജംഗ്ഷനിലേക്ക് മാറ്റിയത്. ആദ്യകാലത്ത് വെള്ളിയും തിങ്കളുമായിരുന്നു ചന്ത ദിവസങ്ങള്‍. പിന്നീട് തിങ്കളും വ്യാഴവും ചന്തദിവസങ്ങളാവുകയും ചെയ്തു. ഈ ചന്ത ജനങ്ങളുടെ സാമ്പത്തികജീവിതം മാത്രമല്ല നിയന്ത്രിച്ചത്. ജനങ്ങളുടെ സാംസ്കാരിക-സാമുഹിക-രാഷ്ട്രീയ ജീവിതത്തേയും രൂപപ്പെടുത്തുന്ന വേദിയായി ഈ മാര്‍ക്കറ്റ്. ജനങ്ങള്‍ക്ക് പരസ്പരം കാണാനും കാര്യങ്ങള്‍ സംസാരിക്കാനും പരിചയം പുതുക്കാനുമുള്ള അവസരമായിരുന്നു ചന്ത ദിവസം അവര്‍ക്ക് ലഭിച്ചിരുന്നത്. കൊ.വ 1114 ല്‍ നടന്ന കല്ലറ-പാങ്ങോട് സമരത്തിന്റെ ആദ്യ ചിന്തകള്‍  രൂപപ്പെട്ടതും ഈ ചന്തയില്‍ നിന്നാണ്. ചന്തയില്‍ കൂടാനിരുന്ന യോഗമാണ് ഒരു ജനക്കൂട്ടത്തിന്റെ പ്രക്ഷോഭമായി ഉരുത്തിരിഞ്ഞ് പോലീസ് സ്റ്റേഷന്‍ ആക്രമണമായി രൂപാന്തരപ്പെട്ടത്.  രാജവാഴ്ചയില്‍ ദിവാന്‍ഭരണത്തില്‍, തഹസീല്‍ദാര്‍മാര്‍ക്കായിരുന്നു ചന്തക്കരം പിരിവിനുള്ള ചുമതലയും ലേലം ചെയ്തുകൊടുക്കാനുള്ള അധികാരവും. പോലീസും ഗുണ്ടകളും കോണ്‍ട്രാക്ടര്‍ക്ക് സഹായികളായപ്പോള്‍ എന്തക്രമവും നടത്താന്‍ കോണ്‍ട്രാക്ടര്‍ തുനിഞ്ഞതില്‍ നിന്നാണ് പ്രക്ഷോഭത്തിന്റെ തുടക്കം. ഈ പ്രദേശത്ത് ആദ്യമായി അനുവദിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായിരുന്നു ഇപ്പോള്‍ പാങ്ങോട് പഞ്ചായത്തില്‍പ്പെട്ട പഴയ  പോലീസ് ഔട്ട് പോസ്റ്റ്. കന്നി 14-ാം തീയതി സ്റ്റേറ്റ് കോണ്‍ഗ്രസുകാരുടെ വലിയയൊരു പൊതുയോഗം കല്ലറ വച്ചുനടത്താന്‍ നിശ്ചയിച്ചിരുന്നു. പ്രമുഖരായ പല നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ചന്ത കോണ്‍ട്രാക്ടറും അയാളുടെ സില്‍ബന്ധികളും കൂടി ചന്തയില്‍ നടത്തിവന്നിരുന്ന അക്രമപ്പിരിവിനെയും (ഗേറ്റുപിരിവും റോഡില്‍ ടോള്‍പിരിവും) ചന്തയിലെത്തുന്ന സ്ത്രീകളോടുള്ള അപമര്യാദയായ പെരുമാറ്റത്തെയും സ്ഥലത്തെ കോണ്‍ഗ്രസുകാര്‍ ചെറുത്തുവന്നിരുന്നു. കന്നി 8-ാം തീയതി കല്ലറച്ചന്തയില്‍ കോണ്‍ട്രാക്ടറും നാട്ടുകാരും തമ്മില്‍ വാഗ്വാദങ്ങളുണ്ടായ പശ്ചാത്തിലായിരുന്നു വിപുലമായൊരു പൊതുയോഗം നടത്താനും കോണ്‍ഗ്രസ്സ് നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചിരുന്നത്. തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് കല്ലറ പ്രക്ഷോഭമായി വളര്‍ന്നത്. റിസര്‍വ്വ് പോലീസും, ഗുണ്ടകളും ചേര്‍ന്ന് നാട്ടുകാരെ അതിക്രൂരമായി അടിച്ചൊതുക്കി. വെടിവെപ്പില്‍ ആളുകള്‍ മരിച്ചുവീണു. ഖദര്‍ധാരികളായ സമരസേനാനികളും നാട്ടുകാരും പോലീസ് തേര്‍വാഴ്ചയെ ധീരമായി ചെറുത്തുനിന്നത് സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്.